ബിജെപി-ശിവസേനാ യുദ്ധം കനത്തു
Published : 11th June 2016 | Posted By: mi.ptk
മുംബൈ: ശിവസേനാ നേതൃത്വത്തെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ ബിജെപിയും സഖ്യകക്ഷിയായ ശിവസേനയും തമ്മില്‍ നിലനില്‍ക്കുന്ന വാക്യുദ്ധം ഉഗ്രമായി. അടുത്ത വര്‍ഷമാദ്യം ബ്രിഹാന്‍ മുംബൈ കോര്‍പറേഷനിലേക്കു തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ഇരുകക്ഷികള്‍ക്കുമിടയിലെ ബന്ധം മുമ്പെങ്ങുമില്ലാത്ത വിധം ഉലഞ്ഞത്. ഞാന്‍ നമോയെ പിന്തുണയ്ക്കുന്നു എന്നെഴുതിയ പോസ്റ്ററുകളില്‍ സേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുടെയും പാര്‍ട്ടി വക്താവ് സഞ്ജയ് റൗട്ടിന്റെയും കാരിക്കേച്ചറുകള്‍ ചിത്രീകരിച്ചിട്ടുണ്ട്.ഒരു പോസ്റ്റര്‍ ഉദ്ദവിനെ ഇങ്ങനെയാണു കളിയാക്കുന്നത്. ”പിതാവിന്റെ (അന്തരിച്ച ബാല്‍ താക്കറെ)യും മാതോശ്രീയുടെയും അനുഗ്രഹത്താലല്ല രാജ്യഭരണം നടക്കുന്നത്. ”അമ്മ എന്ന് മറാത്തിയില്‍ അര്‍ഥമുള്ള മതോശ്രീ എന്നതു താക്കറയുടെ മുംബൈയിലെ വസതിയുടെ പേരുകൂടിയാണ്. മറ്റൊരു പോസ്റ്റില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ്, റൗട്ട്, ഉദ്ദവ് എന്നിവരുടെ ചിത്രങ്ങളാണുള്ളത്. ഇവരെ ഒരേ തൂവല്‍പ്പക്ഷികള്‍ എന്നാണ് പോസ്റ്റില്‍ വിശേഷിപ്പിക്കുന്നത്. പോസ്റ്ററുകളുടെ ഉത്തരവാദിത്തം ബിജെപി നേതാക്കളാരും ഏറ്റെടുത്തിട്ടില്ല. ബിജെപിയുടെ മുംബൈ ഘടകം അധ്യക്ഷന്‍ ആഷിഷ് ഷെലാറാണ് പോസ്റ്ററുകള്‍ക്കു പിന്നിലെന്ന് റിപോര്‍ട്ടുകളുണ്ട്. നഗരസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ശിവസേനയ്ക്കെതിരേ കടുത്ത നിലപാടെടുക്കുന്ന നേതാവാണ് ഷെലാര്‍. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ നൈസാമിന്റെ ഭരണവുമായി റൗട്ട് ഈയിടെ താരതമ്യപ്പെടുത്തിയിരുന്നു. വരള്‍ച്ചാ ബാധിതമായ മറാത്ത്വാഡ മേഖല സന്ദര്‍ശിക്കാത്തതിനു പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബുധനാഴ്ച ഔറംഗാബാദില്‍ നടന്ന റാലിയില്‍ റൗട്ട് വിമര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പലവട്ടം പശ്ചിമബംഗാളും തമിഴ്നാടും സന്ദര്‍ശിച്ച പ്രധാനമന്ത്രിക്ക് മറാത്ത്വാഡയിലെത്താന് സമയമുണ്ടായില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. സേനയ്ക്ക് ‘ഉചിതമായ മറുപടി’ നല്‍കുമെന്ന് മഹാരാഷ്ട്ര ബിജെപി വക്താവ് റാവു സാഹിബ് ഡാന്‍വെ പറഞ്ഞിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള സൗഹൃദത്തെ ശിവസേനാ മുഖപത്രമായ സാമ്ന കളിയാക്കി. ഒബാമ പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിരമിച്ചാല്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കുമോ എന്നാണു സാമ്ന എഡിറ്റോറിയലില്‍ ചോദിക്കുന്നത്. യുഎസ് പ്രസിഡന്റിന്റെ ഉറ്റ ചങ്ങാതിയായി മോദി മാറിയിട്ടുണ്ട്. അവരുടെ ബന്ധം അഗാധമാണ്. അതിനാല്‍ ഒബാമ കുടുംബത്തിന് സൂറത്തിലേക്കോ ഡല്‍ഹിയിലേക്കോ താമസംമാറ്റാം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.