|    Mar 27 Mon, 2017 6:24 am
FLASH NEWS

‘ബിജെപി വരമ്പത്ത് കൂലി നല്‍കിയിരുന്നെങ്കില്‍ പി ജയരാജന്‍ സംസാരിക്കാന്‍ ഉണ്ടാവുമായിരുന്നില്ല’

Published : 27th July 2016 | Posted By: SMR

കാസര്‍കോട്: പാടത്തു പണി തന്നാല്‍ വരമ്പത്ത് കൂലി നല്‍കുമെന്ന സിപിഎം നയം ബിജെപിയും പിന്തുടര്‍ന്നാല്‍ സിപിഎമ്മിന്റെ സ്ഥിതിയെന്താവുമെന്ന് അവര്‍ ആലോചിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. കഴിഞ്ഞദിവസം കോടിയേരി ബാലകൃഷ്ണനെ ന്യായീകരിച്ച പി ജയരാജന്‍ ഇപ്പോള്‍ പ്രസംഗിക്കാനുണ്ടാകുമോയെന്ന് മുരളീധരന്‍ ചോദിച്ചു. പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശയപ്രചാരണത്തിനുള്ള സ്വാതന്ത്ര്യം സിപിഎം മറ്റുള്ളവര്‍ക്കു നിഷേധിക്കുന്നതാണ് കണ്ണൂരിലെ പ്രശ്‌നങ്ങള്‍ക്കു കാരണം. ഈ നിലപാട് അവര്‍ തന്നെ തിരുത്തണം. ആശയപാപ്പരത്തം കൊണ്ടാണ് സിപിഎം ആയുധമെടുക്കുന്നത്.
ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കാന്‍ കാരണം പിണറായി വിജയന് ധനമന്ത്രി യില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ്. മാര്‍ക്‌സിയന്‍ സാമ്പത്തിക ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലെന്നു മാത്രമല്ല, നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ശക്തമായി നടപ്പാക്കണമെന്നാവശ്യപ്പെടുന്ന വ്യക്തികൂടിയാണവര്‍. പറയുന്നതിനു നേര്‍വിപരീതമാണ് തങ്ങളുടെ പ്രവൃത്തിയെന്ന് ഈ നടപടിയിലൂടെ സിപിഎം തെളിയിക്കുന്നു. ബിജെപിയുടെ എതിര്‍പ്പ് ഗീതയോടല്ല സിപിഎമ്മിന്റെ ഇരട്ടത്താപ്പിനോടാണെന്നും മുരളീധരന്‍ പറഞ്ഞു.
ഐഎസിനെ തങ്ങള്‍ എതിര്‍ക്കുന്നുവെന്ന് മുസ്‌ലിം സംഘടനകള്‍ പറയുന്നെങ്കിലും ആ എതിര്‍പ്പ് ശക്തമല്ല. ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കെതിരേ ആ സമുദായത്തില്‍നിന്നു തന്നെ പ്രക്ഷോഭമുണ്ടായി അവയെ ഇല്ലായ്മ ചെയ്തതുപോലെ ഐഎസിനെതിരേ മുസ്‌ലിം സമുദായത്തില്‍ നിന്നു തന്നെ ശക്തമായ പ്രതിഷേധമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക