|    Jun 21 Thu, 2018 2:50 am
FLASH NEWS

ബിജെപി യാത്ര: ഹര്‍ത്താല്‍ പ്രതിരോധവുമായി പിണറായി ഗ്രാമം

Published : 6th October 2017 | Posted By: fsq

 

തലശ്ശേരി: കേരളത്തില്‍ വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി സംഘടിപ്പിച്ച ജനരക്ഷാ യാത്രയ്‌ക്കെതിരേ ഹര്‍ത്താല്‍ പ്രതിരോധവുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലവും മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടുമായ പിണറായി ഗ്രാമം. ജാഥാ ക്യാപ്റ്റനും സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മമ്പറം ടൗണില്‍ നിന്നാണ് പിണറായി വഴി തലശ്ശേരിയിലേക്ക് ഇന്നലെ പദയാത്ര നടത്തിയത്. അവസാനഘട്ടത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ അപ്രതീക്ഷിതമായി പിന്മാറിയതോടെ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ആയിരുന്നു മുഖ്യാതിഥി. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജനരക്ഷാ യാത്രയ്‌ക്കെതിരേ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിനാല്‍ പിണറായി ടൗണിലെ കടകളെല്ലാം അടഞ്ഞുകിടന്നു. പാര്‍ട്ടി ഓഫിസുകളും വായനശാലകളും മാത്രമായിരുന്നു തുറന്നത്. പിണറായിയിലൂടെയുള്ള യാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്ന് അറിയിച്ചതിനാല്‍ കനത്ത സുരക്ഷയിലായിരുന്നു പ്രദേശം. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ സായുധ പോലിസും നിലയുറപ്പിച്ചു. പദയാത്ര വരുന്ന വഴിയോരങ്ങളില്‍ സംഘപരിവാരത്തിനെതിരേ സിപിഎം പ്രവര്‍ത്തകര്‍ ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ആര്‍എസ്എസ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും ആര്‍എസ്എസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബോര്‍ഡുകളുമായിരുന്നു ഏറെയും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അരങ്ങേറുന്ന ഗോരക്ഷകരുടെ  ആക്രമണങ്ങളും വര്‍ഗീയ കലാപങ്ങളും നരേന്ദ്രമോദിയുടെ ജനവിരുദ്ധതയും തുറന്നുകാട്ടുന്ന സചിത്ര ഫഌക്‌സുകളും കാണപ്പെട്ടു. അടഞ്ഞുകിടന്നിരുന്ന കടകള്‍ക്ക് മുന്നില്‍ റോഡിന് ഇരുവശത്തും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. പിണറായി ടൗണില്‍ പദയാത്ര എത്തിയപ്പോള്‍ ജാഥാംഗങ്ങളില്‍നിന്ന് രൂക്ഷമായ മുദ്രാവാക്യം വിളികളുണ്ടായി. കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജനറല്‍ സെക്രട്ടറി അരുണ്‍ സിങിനോട് സിപിഎം പാര്‍ട്ടി ഗ്രാമത്തെക്കുറിച്ച് വിവരിക്കുന്നത് കാണാമായിരുന്നു. പാണ്ട്യാലമുക്കില്‍ പിണറായി വിജയന്റെ വീടിന്റെ മുമ്പിലെ റോഡിലൂടെ ജാഥ കടന്നുപോവുമ്പോള്‍ പ്രത്യേക ആവേശപ്രകടനമൊന്നും ഉണ്ടായില്ല. കാഴ്ച മറയ്ക്കാന്‍ വീട്ടിലേക്കുള്ള വഴിയുടെ മുമ്പില്‍ പോലിസ് വാന്‍ നിര്‍ത്തിയിട്ടിരുന്നു. ജാഥാമധ്യേ, കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ കൊല്ലനാണ്ടി രമിത്തിന്റെ വീട് സന്ദര്‍ശിച്ച നേതാക്കള്‍ പരേതന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കാനും മറന്നില്ല. ധര്‍മടം, തലശ്ശേരി, മട്ടന്നൂര്‍, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, ഉദുമ മണ്ഡലങ്ങളില്‍ നിന്നുള്ള ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണു മൂന്നാംദിനം ജാഥയില്‍ പങ്കെടുത്തത്. സിപിഎമ്മിന്റെ അപ്രഖ്യാപിത ഹര്‍ത്താലാണ് ഇതെന്ന് ബിജെപി ആരോപിച്ചു. ദേശീയ വക്താവ് സുന്ദര്‍ ശാസ്ത്രി, പി കെ കൃഷ്ണദാസ്, വി മുരളീധരന്‍, എം ടി രമേശ്, പി സത്യപ്രകാശ്, ശോഭ സുരേന്ദ്രന്‍, സി സദാനന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇന്ന് പാനൂര്‍ മുതല്‍ കൂത്തുപറമ്പ് വരെ നടക്കുന്ന ജാഥയോടെ ജനരക്ഷാ യാത്രയുടെ ജില്ലയിലെ പര്യടനം അവസാനിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss