|    Aug 18 Fri, 2017 2:23 pm
FLASH NEWS

ബിജെപി ബൂത്ത് ഏജന്റിന് നേതാക്കളുടെ മര്‍ദനം

Published : 3rd August 2017 | Posted By: fsq

 

വടകര: കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലിന്റെ പണപ്പിരിവിനെച്ചൊല്ലി വീണ്ടും വിവാദം. ബിജെപി വ്യാജ രസീതി ഉപയോഗിച്ച് പണപ്പിരിവ് നടത്തിയത് വെളിപ്പെടുത്തിയെന്ന് പറഞ്ഞ് ബിജെപി പ്രവര്‍ത്തകന് നേരെ ബിജെപി നേതാക്കളുടെ ആക്രമണം. ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജ് അധ്യാപകനും ബിജെപി ബൂത്ത് പ്രസിഡന്റുമായ മയ്യന്നൂരിലെ പി ശശികുമാറിനെയാണ് ബിജെപി നേതാക്കള്‍ അക്രമിച്ചത്. ചൊവ്വാഴ്ച  പകല്‍ 11.30ഓടെയായിരുന്നു സംഭവം. വ്യാജരസീതി പുറത്തായത് അധ്യാപകന്‍ മുഖേനയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ചൊവ്വാഴ്ച സ്റ്റാഫ് മീറ്റിങ് നടക്കുന്നതിനിടെ കാലത്ത് പതിനൊന്നരയോടെ ഒരു സംഘമാളുകള്‍ യോഗ ഹാളിലേക്ക് അതിക്രമിച്ചു കയറി ശശികുമാറിനെ മൂന്ന് മണിക്കൂര്‍ തടഞ്ഞു വച്ച് മര്‍ദിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പ്രിന്‍സിപ്പലിന്റെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും അടുത്തിരിക്കുമ്പോഴാണ് കോളറിന് പിടിക്കുകയും മര്‍ദിക്കുകയും ചെയ്തത്. കഴുത്തിന് പിടിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതതായി ശശികുമാര്‍ പറഞ്ഞു. കോളജ് അക്കൗണ്ടന്റ് വിനോദിനേയും ഭീഷണിപ്പെടുത്തി. നേരത്തെ വ്യാജരസീതി വിവാദം ഉണ്ടായപ്പോള്‍ എംഎച്ച്ഇഎസ് കോളജിന് നല്‍കിയ ഇരുപതിനായിരം രൂപ നല്‍കിയതിന്റെ വ്യാജരസീത് പുറത്തായിരുന്നു. ഇത് ശശികുമാര്‍ വഴിയാണ് പുറത്തായതെന്ന് പറഞ്ഞായിരുന്നു മര്‍ദനം. ബിജെപി കുറ്റിയാടി മണ്ഡലം പ്രസിഡന്റ് പി പി മുരളി, ജനറല്‍ സെക്രട്ടറി എടക്കുടി മനോജ്, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കൃപേഷ് കൊല്ലാങ്കണ്ടി, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തന്നെ മര്‍ദിച്ചതെന്നും ശശികുമാര്‍ പറഞ്ഞു. ശശികുമാറിനെ സംഘം ബന്ദിയാക്കുകയും ഭീഷണിപ്പെടുത്തി വെള്ളപേപ്പറില്‍ കോളജ് ജനറല്‍ സെക്രട്ടറിയുടെ അറിവോടെയാണ് താന്‍ രസീതി പുറത്തെത്തിച്ചത് എന്ന് ശശികുമാറില്‍ നിന്ന് ഒപ്പിട്ട് എഴുതി വാങ്ങുകയും ചെയ്തതായി ശശികുമാര്‍ പറഞ്ഞു. ശശികുമാറിന്റെ പരാതിയില്‍ പയ്യോളി പോലിസ് നേതാക്കള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ ശശികുമാറിനെയും, അക്കൗണ്ടന്റ് വിനോദിനേയും കോളജില്‍ നിന്നും 15 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. എംഎച്ച്ഇഎസ് കോളജില്‍ നിന്നും പണപ്പിരിവ് നടത്തിയ രശീത് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്നു. ഇതിനെതിരെ വടകര പോലിസ് അന്വേഷണം നടത്തുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു. എന്നാല്‍ സംഭവത്തില്‍ ശശികുമാറിനെ അക്രമിക്കാനെത്തിയ ബിജെപി നേതാക്കളോടൊപ്പം നില്‍ക്കുകയാണ് കോളജ് അധികൃതര്‍ ചെയ്തതെന്നും ആരോപണമുണ്ട്. സംഭവത്തില്‍ പയ്യോളി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക