|    Mar 24 Fri, 2017 5:48 am
FLASH NEWS

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; യുവതി ഉള്‍പ്പെടെ മൂന്ന് ആര്‍എസ്എസുകാര്‍ റിമാന്‍ഡില്‍

Published : 21st August 2016 | Posted By: SMR

ആലപ്പുഴ: ബിജെപി പ്രവര്‍ത്തകനായ അഭിഭാഷകന്റെ കൊലപാതകക്കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നു ആര്‍എസ്എസ് പ്രവര്‍ത്തകരെ മാരാരിക്കുളം പോലിസ് അറസ്റ്റ് ചെയ്തു. പ്രതികളെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. മാരാരിക്കുളം വടക്കുപഞ്ചായത്ത് രണ്ടാം വാര്‍ഡ് കോവിലകത്തുവെളി പ്രതിഭ (34), അഞ്ചാം വാര്‍ഡ് വെളിയി ല്‍ അശോകന്‍ (59), കോലംപറമ്പ് ഉദയന്‍ (53) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. കേസില്‍ പ്രതികളായ എട്ടുപേര്‍ ഒളിവില്‍പോയിരിക്കുകയാണ്.
ചേര്‍ത്തല ബാറിലെ അഭിഭാഷകന്‍ തണ്ണീര്‍മുക്കം മുട്ടത്തിപ്പറമ്പ് കിഴക്കേ നാരായണവെളി വീട്ടില്‍ ആര്‍ രജികുമാറാണ് (43) വ്യാഴാഴ്ച വൈകീട്ട് കണിച്ചുകുളങ്ങര മാവുങ്കലിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചത്. മാരാരിക്കുളം വടക്ക് തിരുവിഴ മാവുങ്കല്‍ ക്ഷേത്രത്തിനു കിഴക്ക് എരവക്കാട്ട് സുധാകരന്റെ വസ്തുവിലെ സ്വകാര്യ ഭജനമഠം സ്വന്തമാക്കാനുള്ള ചിലരുടെ നീക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രദേശത്തെ ചില ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സമ്മര്‍ദത്തിനു വഴങ്ങി ഭജനമഠം പുരയിടത്തിന്റെ ഓരത്തേക്ക് സ്വന്തം ചെലവില്‍ മാറ്റിസ്ഥാപിക്കാമെന്ന് സുധാകരന്‍ കൂടിയാലോചനയില്‍ സമ്മതിച്ചിരുന്നു. അതിനിടെയാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. മര്‍ദനമേറ്റു കുഴഞ്ഞുവീണ രജികുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജി ല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം വെള്ളിയാഴ്ച വൈകീട്ട് വീട്ടില്‍ സംസ്‌കരിച്ചു.
രജികുമാര്‍ തണ്ണീര്‍മുക്കത്തെ സജീവ ബിജെപി പ്രവര്‍ത്തകനാണ്. സംഭവവുമായി ബന്ധപ്പെട്ടു തണ്ണീര്‍മുക്കം പഞ്ചായത്തില്‍ വെള്ളിയാഴ്ച ബിജെപി പ്രാദേശിക ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ ഉദയന്‍, അശോകന്‍ എന്നിവരെ വ്യാഴാഴ്ച രാത്രിയിലാണ് കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ കഴിയുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഭാര്യ പ്രതിഭയെ വെള്ളിയാഴ്ച കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. ജില്ലയില്‍ രൂപപ്പെട്ട ആര്‍എസ്എസ്- ബിജെപി ചേരിപ്പോരാണ് അക്രമത്തിലേക്കു നയിച്ചതെന്നും വിലയിരുത്തപ്പെടുന്നു. ബിജെപിയുടെ ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്റെ വീടിനു നേരെ രണ്ടാഴ്ചമുണ്ടായ ആക്രമണവും ബിജെപി- ആര്‍എസ്എസ് പോരിന്റെ ഭാഗമാണെന്നാണ് വിലയിരുത്തുന്നത്.

(Visited 240 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക