|    Feb 22 Wed, 2017 8:51 pm
FLASH NEWS

ബിജെപി നേതാവിനെ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ അംഗമാക്കുന്നു

Published : 7th November 2016 | Posted By: SMR

avinash-rai-khanna-bjp

ന്യൂഡല്‍ഹി: ബിജെപി ദേശീയ വൈസ് പ്രസിഡന്റും മുന്‍ പാര്‍ലമെന്റ് അംഗവുമായ അവിനാഷ് റായി ഖന്നയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) അംഗമാക്കുന്നു. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നിയമനം. കമ്മീഷനില്‍ രണ്ടുവര്‍ഷമായി നികത്തപ്പെടാതെ കിടന്ന ഒഴിവിലേക്കാണ് സജീവ രാഷ്ട്രീയക്കാരനെ നിയമിക്കുന്നത്. ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കമ്മീഷന്‍ അധ്യക്ഷന്‍ വിരമിച്ച സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയിരിക്കണമെന്നാണു ചട്ടം. കമ്മീഷനില്‍ നാല് അംഗങ്ങള്‍ ഉണ്ടാവണമെന്നും നിയമം അനുശാസിക്കുന്നു. നാല് മുഴുവന്‍ സമയ അംഗങ്ങളില്‍ ഒരാള്‍ സുപ്രിംകോടതി മുന്‍ ജഡ്ജി, ഒരാള്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എന്നിവരായിരിക്കണം. മറ്റു രണ്ടംഗങ്ങള്‍ ഈ മേഖലയില്‍ സജീവമായി ഇടപെടുന്നവരായിരിക്കണമെന്നും നിയമാവലിയിലുണ്ട്. ഇത് മറികടന്നാണ് മുഴുസമയ രാഷ്ട്രീയക്കാരനെ നിയമിക്കുന്നത്.
കമ്മീഷനില്‍ സംഘപരിവാര സ്വാധീനം ഉറപ്പുവരുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. 2010 മുതല്‍ ഇക്കഴിഞ്ഞ ഏപ്രില്‍ വരെ രാജ്യസഭാംഗമായിരുന്നു പഞ്ചാബില്‍ നിന്നുള്ള അവിനാഷ്. പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി, ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കള്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്നിവരടങ്ങുന്ന സമിതിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളെ തിരഞ്ഞെടുക്കാറുള്ളത്. കഴിഞ്ഞമാസം ചേര്‍ന്ന സമിതി യോഗത്തില്‍ നിരവധി പേരുകള്‍ ചര്‍ച്ചചെയ്‌തെങ്കിലും അവിനാഷിന്റെ നിയമനം സംബന്ധിച്ചു ധാരണയിലെത്തുകയായിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ എന്നിവര്‍ അവിനാഷിന്റെ നിയമനത്തെ അനുകൂലിച്ചതായും കമ്മീഷനില്‍ രാഷ്ട്രീയ നിയമനം കൊണ്ടുവരാനുള്ള കീഴ്‌വഴക്കത്തെ പിന്തുണച്ചതായും റിപോര്‍ട്ടുണ്ട്. നേരത്തേ, കമ്മീഷന്‍ അംഗമായി മലയാളിയായ സിറിയക് ജോസഫിനെ നിയമിക്കാന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ശ്രമം നടന്നപ്പോള്‍ ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി നിയമനത്തെ എതിര്‍ത്തിരുന്നു. കമ്മീഷന്‍ അംഗങ്ങളെ നിയമിക്കാനുള്ള സമിതിയില്‍ അംഗമായിരുന്നു അന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്ന ജെയ്റ്റ്‌ലി.
സിറിയക് ജോസഫിന് പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിയുമായും മതസംഘടനയുമായും ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ജെയ്റ്റ്‌ലി നിയമനത്തെ എതിര്‍ത്തത്.
അതേസമയം, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെ ഈ സ്ഥാനത്തേക്കു നിയമിക്കുന്നതില്‍ നിയമതടസ്സമില്ലെന്നാണ്, അവിനാഷിന്റെ നിയമനത്തെ ന്യായീകരിച്ച് സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 275 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക