|    Dec 11 Tue, 2018 7:04 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപി നേതാവിനു മറുപടിയുമായി വര്‍ഗീസ് കുര്യന്റെ മകള്‍

Published : 27th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ധവളവിപ്ലവത്തിന്റെ പിതാവ് ഡോ. വര്‍ഗീസ് കുര്യനെതിരേ ഗുജറാത്ത് മന്ത്രി ദിലീപ് സങ്കാനി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി കുര്യന്റെ മകള്‍ രംഗത്ത്. അമുലിന്റെ ഫണ്ട് കുര്യന്‍ മതംമാറ്റത്തിനായി ക്രിസ്ത്യന്‍ സുവിശേഷ—കര്‍ക്കു നല്‍കിയെന്നാണ് ബിജെപി നേതാവ് കൂടിയായ മന്ത്രി ആരോപണം ഉന്നയിച്ചത്.
എന്നാല്‍, ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ ഇത് തള്ളിക്കളയുന്നുവെന്നും മകള്‍ നിര്‍മല കുര്യന്‍ പറഞ്ഞു. ധവളവിപ്ലവം നടപ്പാക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും തന്റെ പിതാവ് നിരീശ്വരവാദിയായിരുന്നുവെന്നും നിര്‍മല പറഞ്ഞു.
ഒരു ക്രിസ്ത്യാനിയായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച് മൃതദേഹം ദഹിപ്പിക്കുകയായിരുന്നുവെന്നും നിര്‍മല പറഞ്ഞു. കര്‍ഷകരുടെ ജീവിതത്തെ കുറിച്ചായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ ചിന്തകളെന്നും അവര്‍ പറഞ്ഞു. എന്‍ഡിഡിബി നടത്തിയ കുര്യന്റെ ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അവര്‍. 1921 നവംബര്‍ 26ന് ജനിച്ച കുര്യന്‍ 2012 സപ്തംബര്‍ 9നാണ് അന്തരിച്ചത്.
നാഷനല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിന്റെയും ഗുജറാത്ത് കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെയും സ്ഥാപക ചെയര്‍മാനായിരുന്നു കുര്യന്‍.
കുര്യന്റ മതം രാജ്യത്തെ ഓരോ കര്‍ഷകരുമായിരുന്നെന്ന് സങ്കാനിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ഗുജറാത്ത് കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. ആര്‍ എസ് സോദി പറഞ്ഞു. അമുല്‍ സ്ഥാപിച്ചത് ത്രിഭുവന്‍ദാസ് പട്ടേലാണെന്നും കര്‍ഷകരുടെ കഠിനാധ്വാനത്തിലൂടെ ഉണ്ടാക്കിയ ലാഭത്തില്‍ കുറച്ച് തെക്കന്‍ ഗുജറാത്തിലെ ഡെങ്കില്‍ ക്രിസ്ത്യന്‍ സുവിശേഷകള്‍ക്ക് കുര്യന്‍ നല്‍കിയെന്നും സങ്കാനി ആരോപിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss