|    Jul 23 Mon, 2018 12:02 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ബിജെപി നേതാക്കള്‍ക്കെതിരേയുള്ള മെഡിക്കല്‍ കോഴ : അന്വേഷണം പാതിവഴിയില്‍

Published : 12th September 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ മെഡിക്കല്‍ കോളജ് കോഴ ആരോപണ കേസിലെ അന്വേഷണം പാതിവഴിയില്‍ ഇഴയുന്നു. കോഴ ഇടപാട് സ്ഥിരീകരിക്കുന്ന മൊഴിയോ തെളിവുകളോ ഇതുവരെ ലഭ്യമാവാത്തതാണ് കേസന്വേഷണത്തില്‍ വിജിലന്‍സിന് തിരിച്ചടിയാവുന്നത്. ഇതോടൊപ്പം ബിജെപി നേതാക്കളുടെ നിസ്സഹകരണവും അന്വേഷണസംഘത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതിനു പുറമേ പരാതിക്കാരന്റെ നിലപാടുമാറ്റവും കേസിനെ ദുര്‍ബലപ്പെടുത്തുമെന്നാണു വിലയിരുത്തല്‍. ബിജെപി നേതാക്കളുടെയും കേസിലെ ഇടനിലക്കാരനായ സതീഷിന്റെയും മൊഴികളിലെ വൈരുധ്യമാണ് നിലവില്‍ വിജിലന്‍സ് പരിശോധിച്ചുവരുന്നത്. അതിനുശേഷം ഒരുമാസത്തിനകം റിപോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറാനുള്ള തയ്യാറെടുപ്പാണ് അന്വേഷണസഘം നടത്തുന്നത്. വര്‍ക്കലയിലെ എസ്ആര്‍ മെഡിക്കല്‍ കോളജിന് മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിക്കാന്‍ അഞ്ചു കോടി 60 ലക്ഷം രൂപയുടെ കോഴ ഇടപാട് നടന്നെന്നായിരുന്നു ബിജെപി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയിലായിരുന്നു വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. ജൂലൈ 20ന് കേസില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചു. എന്നാല്‍, വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയപ്പോള്‍ ബിജെപി അന്വേഷണകമ്മീഷനംഗങ്ങളായ കെ പി ശ്രീശനും എ കെ നസീറും നിലപാടു മാറ്റി. കോഴ വാങ്ങിയെന്ന തരത്തില്‍ പ്രചരിക്കുന്ന അന്വേഷണ റിപോര്‍ട്ട് തങ്ങളുടേതല്ലെന്നായിരുന്നു ഇരുവരുടെയും മൊഴി. ഇതോടൊപ്പം കോഴ നല്‍കിയിട്ടില്ലെന്ന് കോളജ് ഉടമയും മൊഴി നല്‍കിയതോടെ അന്വേഷണസംഘം പ്രതിരോധത്തിലായി. 25 ലക്ഷം രൂപ കണ്‍സള്‍ട്ടന്‍സി ഫീസ് മാത്രമാണ് നല്‍കിയതെന്നായിരുന്നു കോളജ് ഉടമ ആര്‍ ഷാജിയുടെ മൊഴി. എന്നാല്‍, തുക സംബന്ധിച്ച ഇടനിലക്കാരന്റെയും ഉടമയുടെയും മൊഴിയില്‍ വൈരുധ്യമുണ്ട്. ഇതാണ് അന്വേഷണസംഘം ഇപ്പോള്‍ പരിശോധിച്ചുവരുന്നത്. ഇരുവരോടും ഇടപാടിന്റെ രേഖകളും രശീതിയും ഹാജരാക്കാന്‍ വിജിലന്‍സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ രേഖകളുടെ പരിശോധന കൂടി പൂര്‍ത്തിയായശേഷം അന്തിമ റിപോര്‍ട്ട് തയ്യാറാക്കാനാണ് വിജിലന്‍സിന്റെ തീരുമാനം.അതേസമയം, സംസ്ഥാനനേതൃത്വത്തെ ആകെ പ്രതിക്കൂട്ടിലാക്കിയ കേസില്‍നിന്ന് രക്ഷനേടാന്‍ ബിജെപി ശക്തമായ ശ്രമം നടത്തിവരുകയാണ്. ഇതിന്റെ ഭാഗമായി പരാതിക്കാരെയും സാക്ഷികളെയും സ്വാധീനിക്കുന്നു എന്ന ആരോപണവും പാര്‍ട്ടി നേരിട്ടിരുന്നു. അന്വേഷണകമ്മീഷന്‍ മലക്കംമറിഞ്ഞതും കോളജ് ഉടമയുടെ നിലപാടുമെല്ലാം ഇതിലേക്കാണു വിരല്‍ചൂണ്ടുന്നതെന്നാണ് ആരോപണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss