|    Jul 21 Sat, 2018 5:27 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബിജെപി നേതാക്കള്‍ക്കെതിരേ കണ്ണൂരില്‍ സേവ് ഫോറം നോട്ടീസ്‌

Published : 6th September 2017 | Posted By: fsq

 

കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ ബിജെപി നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണവുമായി ബിജെപി സേവ് ഫോറ—ത്തിന്റെ പേരില്‍ നോട്ടീസ് പ്രചാരണം. ജില്ലയിലെ സിപിഎം നേതാക്കളുമായി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവും മുന്‍ ജില്ലാ പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ അവിശുദ്ധ ബാന്ധവത്തിലാണെന്നു നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു. കണ്ണൂരില്‍ സിപിഎം നിര്‍മിക്കുന്ന നായനാര്‍ അക്കാദമിക്കുവേണ്ടി നിയമവിരുദ്ധമായി അനുമതി നേടിക്കൊടുത്തത് ബിജെപി നേതാക്കളാണെന്നാണ് നോട്ടീസിലെ ആരോപണം. നായനാര്‍ അക്കാദമിക്കുവേണ്ടി തിരുവേപ്പതി മില്ല് നിലനിന്നിരുന്ന സ്ഥലമാണ് സിപിഎം വാങ്ങിയത്. തുടക്കത്തില്‍തന്നെ ഭൂമിയേറ്റെടുക്കല്‍ വിവാദമായിരുന്നു. എന്നാല്‍, ക്രമേണ വിവാദമൊഴിയുകയും കണ്ണായ സ്ഥലത്തുതന്നെ സിപിഎം നേതാവിനുവേണ്ടി അക്കാദമി പണിയാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിനു അനുമതി വാങ്ങിക്കൊടുത്തത് ജില്ലയിലെ രണ്ടു പ്രമുഖ ബിജെപി നേതാക്കളാണെന്നു നോട്ടീസില്‍ ആരോപിക്കുന്നു. ഒരുഭാഗത്ത് സിപിഎം അക്രമത്തിനെതിരേ ദേശീയ അധ്യക്ഷന്‍ അമിത്ഷായെതന്നെ രംഗത്തിറക്കി ബിജെപി റാലി നടത്താന്‍ ഒരുങ്ങുമ്പോള്‍ കണ്ണൂരില്‍ സിപിഎമ്മുമായി ബിജെപി നേതൃത്വത്തിലെ ചിലര്‍ കൈകോര്‍ക്കുന്നുവെന്നാണ് ആക്ഷേപം. ദിവസങ്ങള്‍ക്കു മുമ്പ്, പാനൂരിലെ സിപിഎം നേതാവിന്റെ ബന്ധുവിനും കടവത്തൂരിലെ സിപിഎം നേതാവിന്റെ ബന്ധുവിനും ഉന്നത ബിജെപി നേതാവ് ഇടപെട്ട് ഷിപ്പിങ് ഡിപാര്‍ട്ട്‌മെന്റില്‍ ജോലി തരപ്പെടുത്തിക്കൊടുത്തതു സംബന്ധിച്ച ആര്‍എസ്എസിന്റെ സ്ഥിരീകരണം പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് സേവ് ഫോറത്തിന്റെ പേരില്‍ നോട്ടീസ് പ്രചരിക്കുന്നത്. നിലവിലുള്ള ജില്ലാ പ്രസിഡന്റിനെതിരേയും രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്ന നോട്ടീസില്‍, നേതാക്കള്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരേ അണികള്‍ക്കിടയില്‍ വിമര്‍ശനമുയരുന്നുണ്ടെന്നും അത് പാര്‍ട്ടിയുടെ അടിത്തറയിളക്കുമെന്നുമാണു സൂചിപ്പിക്കുന്നത്. നേരത്തേ, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗമായിരുന്ന ഒ കെ വാസുമാസ്റ്ററും മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന എന്‍ അശോകനും ഉള്‍പ്പെട്ട സംഘം ഇത്തരത്തില്‍ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. മുന്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ വഴിവിട്ട പ്രവര്‍ത്തനവും മഹിളാ നേതാവുമായുള്ള അവിഹിത ബന്ധവും തുറന്നുകാട്ടിയാണ് വിവാദം തുടങ്ങിയത്. പിന്നീട്, നരേന്ദ്രമോദിയുടെ പേരില്‍ നമോ വിചാര്‍ മഞ്ച് എന്ന സംഘടന രൂപീകരിച്ചാണു ശുദ്ധീകരണം നടത്തുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, സംസ്ഥാന നേതൃത്വം ഇവര്‍ക്കെതിരേ നിലയുറപ്പിച്ചതോടെ ഒ കെ വാസു ഉള്‍പ്പെടെയുള്ളവര്‍ സിപിഎമ്മിലേക്കു പോവുകയായിരുന്നു. സമാനമായ സാഹചര്യം വീണ്ടും ഉടലെടുക്കുമെന്ന രീതിയിലാണ് പുതിയ നോട്ടീസ് പുറത്തിറങ്ങിയിട്ടുള്ളത്. നോട്ടീസിനു പിന്നിലുള്ളവരെക്കുറിച്ച് അന്വേഷിക്കാന്‍ ബിജെപി ജില്ലാ നേതൃത്വം ശ്രമം തുടങ്ങിയതായാണു വിവരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss