|    Jul 22 Sun, 2018 11:50 pm
FLASH NEWS

ബിജെപി നേതാക്കളുടെ കള്ളനോട്ടടി : അന്വേഷണം അട്ടിമറിക്കാന്‍ സിപിഎം-ബിജെപി ഒത്തുകളിയെന്ന് ആരോപണം

Published : 15th September 2017 | Posted By: fsq

 

തൃശൂര്‍: ബിജെപി നേതാക്കള്‍ കള്ളനോട്ട് അടിച്ച കേസില്‍ അന്വേഷണം ഇഴയുന്നു. ശ്രീനാരായണപുരം അഞ്ചാംപരത്തിയില്‍ ബിജെപി നേതാക്കളുടെ വീട്ടില്‍ കള്ളനോട്ടടിച്ച കേസാണ് അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കാനൊരുങ്ങുന്നത്. കേസില്‍ പിടിയിലായ അഞ്ചുപേരില്‍ അന്വേഷണം ഒതുക്കാനാണ് ശ്രമം. അറസ്റ്റിലായ പ്രതികള്‍ക്ക് ബിജെപിയുടെ സംസ്ഥാന നേതാക്കളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞെങ്കിലും അന്വേഷണം നേതാക്കളിലേക്ക് നീണ്ടില്ല. കെ സുരേന്ദ്രന്‍, എം ടി രമേശ് അടക്കമുള്ള ബിജെപി നേതാക്കളുമായി കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ബന്ധമുണ്ടായിരുന്നിട്ടും അവരെ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ സംഘം തയ്യാറായിട്ടില്ല. കെ സുരേന്ദ്രന്‍ ജില്ലയില്‍ ദിവസങ്ങളോളം ക്യാംപ് ചെയ്ത് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. സിപിഎം സംസ്ഥാന നേതാക്കളടക്കം കള്ളനോട്ട് കേസ് രാജ്യദ്രോഹ കുറ്റമാണെന്ന് ആരോപിച്ച് ആദ്യഘട്ടത്തില്‍ രംഗത്ത് വന്നെങ്കിലും പിന്നീട് സമരത്തില്‍ നിന്ന് പിന്‍മാറുന്ന കാഴ്ച്ചയാണ് കണ്ടത്. ലക്ഷങ്ങളുടെ കള്ളനോട്ട് അടിച്ചിട്ടും ബിജെപി നേതാക്കള്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ പോലിസ് തയ്യാറാവാതിരുന്നത് രാഷ്ട്രീയ ഇടപെടല്‍ മൂലമാണ്. സിപിഎം പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്‍മാറിയതും മേഖലയില്‍ ചര്‍ച്ചയായിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ ബിജെപി-സിപിഎം ഒത്തുകളി നടന്നതായും ആരോപണം ഉയരുന്നുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത ഘട്ടത്തില്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും സമരവുമായി രംഗത്തെത്തിയിരുന്നു. പ്രതികള്‍ രാജ്യദ്രോഹ കുറ്റമാണ് ചെയ്തതെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കം രംഗത്തെത്തിയിട്ടും പോലിസ് പ്രതികള്‍ക്കെതിരേ നിസ്സാര വകുപ്പുകളാണ് ചുമത്തിയത്. എസ്ഡിപിഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അന്വേഷണത്തിലെ അപാകത ചൂണ്ടിക്കാട്ടി രംഗത്തെത്തിയതോടെ കേസന്വേഷണം ലോക്കല്‍ പോലിസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഓര്‍ഗനൈസ്ഡ് ക്രൈം വിങ്ങിന് കൈമാറി. എന്നാല്‍ അന്വേഷണം ഇപ്പോഴും മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്. കയ്പമംഗലം മണ്ഡലം ബിജെപി ഒബിസി മോര്‍ച്ച ജനറല്‍ സെക്രട്ടറി അഞ്ചാംപരത്തി എരാശേരി രാജീവ്, സഹോദരന്‍ രാകേഷ് എന്നിവരുടെ വീട്ടില്‍ നിന്നാണ് ജൂണ്‍ 22നു കള്ളനോട്ട് പിടികൂടിയത്. 1.37 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട് നിര്‍മാണ സാമഗ്രികളുമാണ് പിടിച്ചെടുത്തത്. കേസില്‍ അറസ്റ്റിലായ രാജീവും രാകേഷും ജയിലിലാണ്. മറ്റുമൂന്ന് പ്രതികള്‍ക്കു കോടതി ജാമ്യം അനുവദിച്ചു. ഗുരുതര കേസായിട്ടും കള്ളനോട്ട് കേസിലെ പ്രതികള്‍ക്ക് വേഗത്തില്‍ ജാമ്യം ലഭ്യമായതും ചര്‍ച്ചയായിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss