|    Jul 16 Mon, 2018 10:26 am
Home   >  Todays Paper  >  page 7  >  

ബിജെപി ദേശീയ നിര്‍വാഹക സമിതി : കേരളത്തിനും രാഹുലിനുമെതിരേ രൂക്ഷ വിമര്‍ശനം

Published : 26th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിദേശത്തു വച്ച് ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം. ബിജെപിയുടെ 13 മുഖ്യമന്ത്രിമാരും 1400 എംഎല്‍എമാരും 280 പാര്‍ലമെന്റ് അംഗങ്ങളുമടക്കം 2500ഓളം മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്ത നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം കേരളത്തിനും രാഹുല്‍ഗാന്ധിക്കുമെതിരായിരുന്നുവെന്നതാണ് ശ്രദ്ധേയം. യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തിയ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ വിമര്‍ശനം പ്രധാനമായും രാഹുലിനെതിരായിരുന്നു. കുടുംബവാഴ്ച കോണ്‍ഗ്രസ്സിന്റെ പാരമ്പര്യമാണെന്നു  ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ലക്ഷ്യമാക്കി അദ്ദേഹം പറഞ്ഞു. കുടുംബവാഴ്ച എന്നത് ഇന്ത്യയുടെയോ ബിജെപിയുടെയോ പാരമ്പര്യമല്ലെന്ന് അമിത്ഷാ പറഞ്ഞു. രാഹുല്‍ അമേരിക്കയില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. കേരളത്തിലെ അക്രമരാഷ്ട്രീയത്തിനെതിരേ ശക്തമായിത്തന്നെ പാര്‍ട്ടി പ്രതികരിക്കുമെന്നും അമിത്ഷാ പറഞ്ഞു. സഹിഷ്ണുതയ്ക്കു വേണ്ടി ഏറ്റവുമധികം വാദിക്കുന്നവരാണ് കേരളത്തില്‍ അക്രമം നടത്തുന്നതെന്നു പറഞ്ഞ ഷാ, തിരഞ്ഞെടുത്ത വിഷയങ്ങളില്‍ മാത്രമാണ് അവര്‍ സഹിഷ്ണുത ഉയര്‍ത്തിപ്പിടിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ മൂന്നു മുതല്‍ 17 വരെ ബിജെപി കേരളത്തില്‍ നടത്തുന്ന പ്രചാരണ പരിപാടികളില്‍ മുതിര്‍ന്ന ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. സദ്ഭരണവും പ്രകടനത്തിലെ രാഷ്ട്രീയവുമാണ് ബിജെപിയുടെ മുഖമുദ്രയെന്നാണ് അമിത്ഷാ പറഞ്ഞത്. ഇതാണ് പാര്‍ട്ടിയിലെ തന്നെ നേതാക്കളെ ഉയരങ്ങളിലേക്കെത്തിക്കുന്നത്. കുടുംബാധിപത്യത്തെയും പ്രീണന രാഷ്ട്രീയത്തെയും ബിജെപി എതിര്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. രാഹുലിന്റെ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കോണ്‍ഗ്രസ്സിന്റെ നേതൃനിരയില്‍ രാഹലുള്ളത് ബിജെപിക്കു ഗുണം ചെയ്യുമെന്നു മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിട്ടു പ്രവേശനമില്ലായിരുന്ന യോഗത്തില്‍  മന്ത്രിമാര്‍ തീരുമാനങ്ങള്‍ പത്രസമ്മേളനം നടത്തി വിശദീകരിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss