|    Oct 22 Sun, 2017 8:50 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ബിജെപി ദേശീയ കൗണ്‍സില്‍: കോഴിക്കോട്ട് നടപടിക്രമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി

Published : 24th September 2016 | Posted By: SMR

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന് കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ തുടക്കമായി. ഇന്നലെ രാവിലെ ഒമ്പതിന് ദേശീയ അധ്യക്ഷന്‍ അമിതാ ഷായുടെ അധ്യക്ഷതയില്‍ ആരംഭിച്ച ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തോടെ കൗണ്‍സില്‍ യോഗങ്ങള്‍ക്ക് ആരംഭം കുറിച്ചു. കൗണ്‍സില്‍ സമ്മേളനത്തിന്റെ അജണ്ട, പ്രമേയങ്ങള്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ക്ക് യോഗം അന്തിമ രൂപം നല്‍കി.
വിപുലമായ ഒരുക്കങ്ങളോടെ സംഘടിപ്പിക്കുന്ന സമ്മേളനം രണ്ടു ദിവസം കൂടി നീണ്ടു നില്‍ക്കും. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണത്തുടര്‍ച്ചയും പാര്‍ട്ടിയുടെ വ്യാപനവും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ കൗണ്‍സില്‍ രൂപം നല്‍കും. വൈകീട്ട് മൂന്നു മണി മുതല്‍ ആരംഭിച്ച ദേശീയ ഭാരവാഹികള്‍, വിവിധ സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാര്‍, ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം 8ന് അവസാനിച്ചു. പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാനാധ്യക്ഷന്‍മാര്‍, സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് രാവിലെ 9 മുതല്‍ പത്തുവരെ ദേശീയ നിര്‍വാഹക സമിതി തുടരും. ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട്ടെത്തും.
വൈകീട്ട് മൂന്നു മണിക്ക് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി സംസാരിക്കും. പ്രധാനമന്ത്രിക്കു പുറമെ, ബിജെപി അധ്യക്ഷന്‍, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാത്രി 7.30ന് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ 1967ലെ ജനസംഘം ദേശീയ കൗണ്‍സിലില്‍ പങ്കെടുത്തവരുടേയും അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസമനുഷ്ഠിച്ചവരുടേയും സംഗമം സ്മൃതി സന്ധ്യയില്‍ നരേന്ദ്ര മോദിയും അമിത് ഷായും പങ്കെടുക്കും. പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ പ്രധാനവേദിയായ സ്വപ്‌നനഗരിയില്‍ ഇന്ന് രാവിലെ ആരംഭിക്കും.
ഞായറാഴ്ച രാവിലെ സ്വപ്‌നനഗരിയില്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് പതാക ഉയര്‍ത്തുന്നതോടെ കൗണ്‍സില്‍ യോഗത്തിന് ഔപചാരിക തുടക്കമാവും. അമിത് ഷാ യോഗം ഉദ്ഘാടനം ചെയ്യും. വൈകീട്ട് പ്രധാനമന്ത്രി സമാപന പ്രസംഗം നടത്തും. 1700 പ്രതിനിധികള്‍ പങ്കെടുക്കും. ദീന്‍ദയാല്‍ ഉപാധ്യായയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങള്‍ ഞായറാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക