|    Jan 18 Wed, 2017 12:52 am
FLASH NEWS

ബിജെപി ദേശീയ കൗണ്‍സില്‍ ആരംഭിച്ചു; അടിത്തട്ടില്‍ ഉന്നമനം ലക്ഷ്യമിട്ട് ബിജെപി

Published : 24th September 2016 | Posted By: SMR

ഇയാസ്   മുഹമ്മദ്

കോഴിക്കോട്: താത്ത്വികാചാര്യന്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ രൂപം നല്‍കിയ ഏകാത്മമാനവ ദര്‍ശനം മുന്‍നിര്‍ത്തി സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെയും ന്യൂനപക്ഷങ്ങളെയും അടുപ്പിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് ബിജെപി ദേശീയ കൗണ്‍സിലിനു കോഴിക്കോട്ട് തുടക്കമായി. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന പുതിയ രാഷ്ട്രീയ പ്രമേയം ദേശീയ കൗണ്‍സില്‍ പാസാക്കും. യോഗത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച പ്രമേയം ചര്‍ച്ചയ്ക്കു വയ്ക്കും.
താഴേക്കിടയിലുള്ളവരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതില്‍ മുഖ്യശ്രദ്ധ ചെലുത്തുന്നതാണ് പുതിയ പ്രമേയമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചു. ബിജെപിക്കു മാത്രമല്ല, മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളുടെ ചരിത്രത്തിലും കോഴിക്കോട്ടെ ദേശീയ കൗണ്‍സില്‍ ഇടംപിടിക്കും. ഉറി ആക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വികാരം കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. എന്നാല്‍,  പ്രധാന ചര്‍ച്ച അതിര്‍ത്തിയിലെ ആക്രമണം സംബന്ധിച്ചല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തലാണെന്നും രാം മാധവ് പറഞ്ഞു.
റഷ്യ പാകിസ്താനു പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ തീരുമാനം കൈക്കൊള്ളേണ്ട സമയം അതിക്രമിച്ചില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വാര്‍ത്തകളുടെ നിജസ്ഥിതി അറിഞ്ഞ ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പത്താന്‍കോട്ട്, ഉറി ആക്രമണങ്ങള്‍ക്ക് സമാന രീതിയില്‍ മറുപടി നല്‍കണമെന്നാണ്  നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം. കശ്മീര്‍ വിഷയത്തില്‍ പ്രത്യേക പ്രമേയം വേണമെന്ന ആവശ്യവും  ശക്തമാണ്.
കേരളത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പോടെ ബിജെപി ശക്തമായ മുന്നേറ്റമുണ്ടാക്കിയെന്ന് ദേശീയ കൗണ്‍സിലിന്റെ ഭാഗമായി ചേര്‍ന്ന സംസ്ഥാന അധ്യക്ഷന്‍മാരുടെ യോഗം വിലയിരുത്തി.  ഘടകകക്ഷികളുമായി എന്‍ഡിഎയെ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും. അതേസമയം, നിലവിലുള്ള സംഘടനാരീതി സംസ്ഥാനതലത്തില്‍ വളര്‍ച്ചയുണ്ടാക്കുന്നില്ലെന്നു വിലയിരുത്തിയതിനെ തുടര്‍ന്ന് കേരളത്തില്‍ സംഘടനാതലം ഉടച്ചുവാര്‍ക്കാന്‍ ഒരുങ്ങുകയാണ്.  കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നഗരം, ഗ്രാമം എന്നിങ്ങനെ രണ്ടു ജില്ലാ കമ്മിറ്റികള്‍ രൂപീകരിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് തീരുമാനം.
സിപിഎമ്മിന്റെ  അക്രമരാഷ്ട്രീയം  യോഗത്തില്‍ തുറന്നുകാട്ടാന്‍ ധാരണയായി. അധികാരത്തിലേറിയതോടെ സിപിഎം ആക്രമണങ്ങള്‍ രൂക്ഷമായെന്നും അക്രമപാത ഉപേക്ഷിക്കണമെന്നും രാം മാധവ് ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക