|    Jun 25 Mon, 2018 2:16 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബിജെപി കേരളത്തെ അപമാനിച്ചെന്ന് ധനമന്ത്രി

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: കേരളം ഹവാലയുടേയും കള്ളപ്പണക്കാരുടേയും കേന്ദ്രമാണെന്നും ധനമന്ത്രി തോമസ് ഐസകിന്റെ പ്രസ്താവന അവരെ സഹായിക്കാനാണെന്നുമുള്ള പ്രസ്താവനയിലൂടെ ബിജെപി കേരളത്തെ അപമാനിച്ചിരിക്കുകയാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. നിയമസഭയില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കുകയും സഭ ഒന്നടങ്കം പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കെ സി ജോസഫാണ് ബിജെപി നേതാവിന്റെ പരാമര്‍ശം സഭയില്‍ ചൂണ്ടിക്കാട്ടിയത്. പ്രശ്‌നങ്ങള്‍ ഉന്നയിച്ചാല്‍ മറുപടി പറയാന്‍ കഴിയണമെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കറന്‍സികള്‍ അസാധുവാക്കിയത് കള്ളപ്പണവും കള്ളനോട്ടും പുറത്തു കൊണ്ടുവരാനാണെന്ന് കേന്ദ്രം പറയുന്നത്. കള്ളനോട്ട് ഇല്ലാതാക്കാന്‍— ഈ നടപടി സഹായിക്കുമെങ്കിലും കള്ളപ്പണത്തിന്റെ കാര്യത്തില്‍ ചെറിയൊരളവു മാത്രമേ ലക്ഷ്യം കൈവരിക്കാനാവൂ. കള്ളപ്പണത്തിന്റെ സിംഹഭാഗം വരുന്ന വിദേശത്തുള്ള കള്ളപ്പണവും ഭൂമി, സ്വര്‍ണം തുടങ്ങിയവയില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണവും വലയില്‍—പെടില്ല. ഈ ലക്ഷ്യങ്ങള്‍— സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സമ്പദ്ഘടനയില്‍— പ്രതികൂല പ്രത്യാഘാതങ്ങള്‍— സൃഷ്ടിക്കാതെയും നടപ്പിലാക്കാന്‍— കഴിയുമായിരുന്നുവെന്നാണ് സംസ്ഥാനത്തിന്റെ വിമര്‍ശനം. മുല്യം കുറഞ്ഞ നോട്ടുകള്‍ ആവശ്യത്തിന് അച്ചടിക്കാതെ മോദി സര്‍ക്കാര്‍ നടത്തിയ അഭ്യാസത്തിന്റെ കെടുതിയാണ് ജനം അനുഭവിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കറന്‍സി പിന്‍വലിക്കുന്നതില്‍ റേഷന്‍ ഏര്‍പ്പെടുത്തിയതെന്ന് വ്യക്തം. കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നതു തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം. എന്നാല്‍, ഇതിനായി ഇപ്പോള്‍ സ്വീകരിച്ച നടപടി കുറേക്കൂടി ചിട്ടയായും ജനങ്ങള്‍ക്ക്— ബുദ്ധിമുട്ടുണ്ടാക്കാതെയും വേണമായിരുന്നു. ഈ പ്രഖ്യാപനങ്ങളിലെ അതിനാടകീയത അനാവശ്യമായിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ സേനാ മേധാവികളുടെ യോഗം വിളിച്ചശേഷം രാത്രിയില്‍ പ്രധാനമന്ത്രി നടത്തിയ കറന്‍സി പിന്‍വലിക്കല്‍ പ്രഖ്യാപനത്തില്‍ ദുരൂഹതയുണ്ട്.
ജനം അല്‍പം പരിഭ്രാന്തിപ്പെട്ടാലും കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ വിലയാണിതെന്ന മോദിയുടെ നാട്യങ്ങള്‍ക്കൊന്നും വലിയ നിലനില്‍പില്ല. പഴയ നോട്ടുകള്‍ റദ്ദാക്കുന്നതിന് ഒന്നോ രണ്ടോ ആഴ്ച സാവകാശം നല്‍കിയിരുന്നുവെങ്കിലും ഇതേ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുമായിരുന്നു. കള്ളനോട്ടുകള്‍ മുഴുവന്‍ പുറത്താവും. കള്ളപ്പണം നിയമാനുസൃതമാക്കാന്‍— നിര്‍ബന്ധിതമാവും. ഇതുവരെ വോളന്ററി ഡിസ്‌ക്ലോഷര്‍— സ്‌കീമാണ്— നടപ്പാക്കിയിരുന്നത്. 500, 1000 രൂപ നോട്ടിന്റെ സ്രോതസ്സ് പരിശോധിച്ച് കള്ളപ്പണക്കാരെ പിടിക്കാനുമാവും. ഈ സൗകര്യമുള്ളപ്പോഴാണ് അര്‍ധരാത്രിയില്‍ യുദ്ധപ്രഖ്യാപനം പോലൊരു നാടകീയ പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് കള്ളപ്പണമെത്തിച്ച് വെളുപ്പിക്കുന്നത് തടയാന്‍ ഒരു നടപടിയും മോദി സര്‍ക്കാര്‍ സ്വീകരിച്ചില്ല. വിദേശത്താണ് കള്ളപ്പണത്തിന്റെ സിംഹഭാഗവും സൂക്ഷിക്കുന്നത്. ഇത് ഒരു നിയന്ത്രണവുമില്ലാതെ മൗറീഷ്യസ് വഴി ഇന്ത്യയിലെത്തിക്കാനുള്ള വഴി ഒരുക്കിക്കൊടുക്കുകയായിരുന്നു. ഇന്ത്യന്‍ മണി മാര്‍ക്കറ്റില്‍ ആര്‍ക്കുമിറങ്ങാമെന്ന സ്ഥിതിയായി. 1,16,000 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്ന് പറഞ്ഞിട്ട് ഇതിന്റെ വിവരങ്ങള്‍ വിവരാകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കാത്തവരാണ് നാടകങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. 1977ല്‍ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യമല്ല ഇന്നുള്ളത്. കൂടുതല്‍ കൂടുതല്‍ സാധാരണക്കാര്‍ 500 രൂപയുടെ കറന്‍സി നോട്ടുകള്‍ ഉപയോഗിക്കുന്ന സാഹചര്യമുണ്ട്. 1977ലെ ഏതാണ്ട് 20 രൂപയുടെ മൂല്യം മാത്രമാണ് ഇപ്പോള്‍ 500 രൂപയ്ക്കുള്ളത്. നിലവിലെ നടപടി ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടു സൃഷ്ടിക്കുമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
തോമസ് ഐസകിന്റെ നിലപാട് കള്ളപ്പണക്കാരനെ സഹായിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss