|    Feb 19 Mon, 2018 4:59 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപി എംപി സാക്ഷി മഹാരാജിന് കാരണം കാണിക്കല്‍ നോട്ടീസ്‌

Published : 11th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി എംപി സാക്ഷി മഹാരാജിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അടുത്ത ബുധനാഴ്ച രാവിലെക്കകം മറുപടി നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഥമദൃഷ്ട്യാ മഹാരാജ് ലംഘിച്ചതായി കമ്മീഷന്‍ വിലയിരുത്തി. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതാണ് പ്രസ്താവനയെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.മീററ്റില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന സന്ത് സമ്മേളനത്തിലാണ് മഹാരാജ് വിദ്വേഷ പ്രസംഗം നടത്തിയത്. ജനസംഖ്യാ വര്‍ധനമൂലം ഇന്ത്യയില്‍ പ്രശ്‌നങ്ങളുണ്ടെന്നും അതിനുകാരണം മുസ്‌ലിംകളാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. നാല് ഭാര്യമാരെക്കുറിച്ചും നാല്‍പത് കുട്ടികളെക്കുറിച്ചും സംസാരിക്കുന്നവര്‍ക്കാണ് അതിന്റെ ഉത്തരവാദിത്തമെന്ന് പറഞ്ഞ മഹാരാജ് കന്നുകാലി അറവില്‍ നിന്ന് ലഭിക്കുന്ന പണം ഭീകരവാദത്തിന് ഉപയോഗിക്കുന്നുവെന്നും കുറ്റപ്പെടുത്തിയിരുന്നു.മതത്തിന്റെയും ജാതിയുടെയും പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വോട്ട് ചോദിക്കരുതെന്ന സുപ്രിംകോടതി ഉത്തരവ് വന്ന് ദിവസങ്ങള്‍ക്കകമായിരുന്നു മഹാരാജിന്റെ വിദ്വേഷ പ്രസംഗം.അതേസമയം, കമ്മീഷന് മറുപടി നല്‍കാന്‍ മഹാരാജ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. താന്‍ വോട്ട് ചോദിച്ചിട്ടില്ലെന്നും ഏതെങ്കിലും സമുദായത്തിന്റെ പേര് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷിലാണ്് കമ്മീഷന്‍ നോട്ടീസയച്ചത്. എന്നാല്‍, തനിക്ക് ഇംഗ്ലീഷറിയില്ല. നോട്ടീസിന്റെ ഹിന്ദി പകര്‍പ്പ് അയക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിക്കാന്‍ തന്റെ ഓഫിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദി പകര്‍പ്പ് ലഭിച്ചാലെ നോട്ടീസിലെ ഉള്ളടക്കം മനസ്സിലാക്കാനാവൂ എന്നും മഹാരാജ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss