|    Nov 19 Sun, 2017 5:02 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബിജെപി അക്രമം കാട്ടിയത്‌ കോഴയില്‍ നിന്ന് മുഖംരക്ഷിക്കാന്‍

Published : 8th August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സിപിഎം-ബിജെപി അക്രമം അവസാനിപ്പിക്കണമെന്ന ബാനറുമായി എത്തിയ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും ബിജെപി എംഎല്‍എ ഒ രാജഗോപാലും സഭയില്‍ നിന്ന് വാക്കൗട്ട് നടത്തി. പ്രതിഷേധം തുടര്‍ന്നതോടെ സ്പീക്കര്‍ സഭാനടപടികള്‍ അവസാനിപ്പിച്ച് പിരിഞ്ഞു. മെഡിക്കല്‍ കോഴയില്‍ നിന്നു മുഖം രക്ഷിക്കാനാണ് ബിജെപി അക്രമം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് റിപോര്‍ട്ട് ഉണ്ടായിരുന്നു. ചില കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പോലിസ് മാത്രം വിചാരിച്ചാല്‍ അക്രമം അവസാനിപ്പിക്കാന്‍ കഴിയില്ല. അതിന് ബന്ധപ്പെട്ട പാര്‍ട്ടികളുടെ കൂടി പിന്തുണയുണ്ടാവണം. കേരളം സംഘര്‍ഷഭൂമിയാണെന്ന നുണ വ്യാപകമായി പ്രചരിപ്പിക്കുന്നതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായ സാമൂഹിക സാഹചര്യങ്ങളാണ് കേരളത്തിലേത്. മതത്തിന്റെയോ ഭക്ഷണത്തിന്റെയോ പേരില്‍ ഇവിടെ ആരും ആക്രമിക്കപ്പെടുന്നില്ല. അത്തരം സാഹചര്യം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് കേരളത്തെ മറ്റൊന്നായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. അക്രമസംഭവങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പോലിസിന് വീഴ്ച പറ്റിയെന്ന ആരോപണം ശരിയല്ല. ചിലയിടങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ മറ്റിടങ്ങളിലേക്കു വ്യാപിക്കാതിരിക്കാന്‍ പോലിസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. തലസ്ഥാനത്തെ സംഘര്‍ഷം അമര്‍ച്ച ചെയ്ത ശേഷമാണ് അവിചാരിതമായി ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. 48 മണിക്കൂറിനുള്ളില്‍ മുഴുവന്‍ പ്രതികളെയും പിടികൂടാനായത് പോലിസിന്റെ ജാഗ്രതകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും പരസ്പരം പാലൂട്ടുന്ന സംഘങ്ങളാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഭരണപരാജയം മറച്ചുവയ്ക്കാന്‍ സിപിഎമ്മിനും മെഡിക്കല്‍ കോഴയില്‍നിന്നു ശ്രദ്ധതിരിക്കാന്‍ ബിജെപിക്കും സംഘര്‍ഷങ്ങള്‍ ആവശ്യമാണ്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ചെന്നാല്‍ ഇനി പിണറായിയുടെ ഫോട്ടോയും പിണറായി പാര്‍ട്ടിയുടെ ഐശ്വര്യം എന്ന എഴുത്തും കാണും. ബിജെപിയെ സംസ്ഥാനത്തു നിന്നുതന്നെ ഇല്ലായ്മ ചെയ്യാന്‍ കഴിയുന്ന കോഴ പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ചത് പിണറായിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ്. പിണറായി നല്ല രാഷ്ട്രതന്ത്രജ്ഞനായി ഉയരണം. പാര്‍ട്ടിക്കാരനായി മാത്രം മാറുന്നതിനാലാണ് സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെയും ബിജെപിയുടെയും രാഷ്ട്രീയ ഒത്തുകളിയാണ് തലസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ക്കു പിന്നിലെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ കെ മുരളീധരന്‍ എംഎല്‍എ ആരോപിച്ചു. മെഡിക്കല്‍ കോഴ തിരിച്ചുവിടാന്‍ ചില ശ്രമങ്ങള്‍ നടന്നുവെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിന്‍മേല്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. പശുവിന്റെ പേരില്‍ 48 ആളുകള്‍ കൊല്ലപ്പെട്ടപ്പോള്‍ അവിടെങ്ങും പോവാത്ത കേന്ദ്രമന്ത്രി ജെയ്റ്റ്‌ലിക്ക് ഇവിടെ വന്നു നിരങ്ങാന്‍ അവസരമൊരുക്കിയതിന്റെ ഉത്തരവാദിത്തം സിപിഎമ്മിന് മാത്രമാണ്. ഗൂഢമാര്‍ഗങ്ങളിലൂടെ സിപിഎം സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രം ശ്രമിച്ചാല്‍ അതിനെ ആദ്യം എതിര്‍ക്കുന്നത് കോണ്‍ഗ്രസ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട വിഷയമാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തിയത്. കോഴ അന്വേഷണം സിബിഐക്ക് വിടണമെന്നായിരുന്നു ആവശ്യം. ഇ പി ജയരാജന്‍ അടക്കം സിപിഎമ്മിലെ നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ചു. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഈ അന്വേഷണം പൂര്‍ത്തിയായതിനുശേഷം വേണമെങ്കില്‍ കേന്ദ്ര അന്വേഷണത്തിലേക്ക് പോവാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക