|    Mar 24 Sat, 2018 12:25 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബിജെപിയോട് മൃദുസമീപനം സ്വീകരിക്കുന്നവര്‍ നാളെ ദുഃഖിക്കും: ആന്റണി

Published : 9th May 2016 | Posted By: mi.ptk

കൊച്ചി: വാഗ്ദാനം നല്‍കി പറ്റിക്കാന്‍ ഇത് ഗുജറാത്തല്ല കേരളമാണെന്ന് പ്രധാനമന്ത്രി മനസ്സിലാക്കണമെന്നും കേന്ദ്രം ഭരിക്കുന്നത് ബിജെപി ആണെന്നുള്ള പ്രായോഗികമായ സമീപനം വച്ച് കേരളത്തില്‍ ആരെങ്കിലും ബിജെപിയോട് മൃദുസമീപനം സ്വീകരിച്ചാല്‍ നാളെ അവരൊക്കെ ദുഃഖിക്കേണ്ടി വരുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. എറണാകുളം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബിജെപി ശക്തിപ്പെടുന്നത് ഇവിടത്തെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിന് അപകടകരമാണെന്നും എ കെ ആന്റണി പറഞ്ഞു. കേരളത്തില്‍ വന്ന് മോദി നടത്തുന്ന പ്രസംഗം തീര്‍ത്തും നിരാശാജനകമാണ്. സംസ്ഥാനത്തിന് പ്രതീക്ഷിക്കത്തക്ക ഒരു പ്രഖ്യാപനവും അദ്ദേഹത്തില്‍നിന്ന് ഉണ്ടായിട്ടില്ല. കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവിനെ തുടര്‍ന്ന് കേരളം നട്ടെല്ല് തകര്‍ന്ന സ്ഥിതിയിലാണ്. മല്‍സ്യമേഖലയും റബര്‍, ഏലം കര്‍ഷകരും ദുരിതത്തിലാണ്. യുവജനങ്ങള്‍ പതിനായിരം കോടി രൂപയുടെ പ്രഖ്യാപനം കേട്ട് അത് എത്രയും വേഗം നടപ്പാവുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ്. സ്വച്ഛ ഭാരതത്തിന്റെ കാര്യത്തില്‍ പ്രഖ്യാപനം മാത്രമാണ് ഉണ്ടായിട്ടുള്ളത്. 2022 ആവുമ്പോള്‍ ഇന്ത്യയിലെ കൃഷിക്കാരുടെ വരുമാനം ഇരട്ടിക്കുമെന്നാണ് കേരളത്തിലെത്തിയ മോദിയുടെ ഏറ്റവും വലിയ പ്രഖ്യാപനം. ആത്മഹത്യയുടെ വക്കിലുള്ള കര്‍ഷകര്‍ അതുവരെ ജീവിച്ചിരിക്കുമോ എന്നുപോലും അറിയില്ല. കേരളത്തിലെ കാര്‍ഷിക സമ്പദ്ഘടന പ്രയാസപ്പെട്ടുകൊണ്ടിരിക്കുകയാണ്. റബര്‍ കര്‍ഷകരെ സഹായിക്കാന്‍ കേരളത്തിലെ എംപിമാരും എംഎല്‍എമാരും കേന്ദ്രത്തോട് 500 കോടിയുടെ സഹായം ആവശ്യപ്പെട്ടു. എന്നാല്‍ നോക്കട്ടെ, വരട്ടെ, പഠിക്കുകയാണ് എന്നൊക്കെയാണ് മറുപടി. നാളികേര കൃഷിക്കാരെ സഹായിക്കാന്‍ ധനസഹായമുണ്ടായിട്ടില്ല. മല്‍സ്യത്തൊഴിലാളികളെ ഇത്രയേറെ ദ്രോഹിച്ച ഒരു സര്‍ക്കാര്‍ വേറെ ഉണ്ടായിട്ടില്ല. അടക്ക കൃഷിക്കാരുടെ കാര്യം എന്റെ മനസ്സില്‍ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇനി മനസ്സില്‍ നിന്നും പുറത്തേക്ക് വരണം. സാക്ഷര കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളോട് ഇങ്ങനെ വാഗ്ദാനങ്ങളുടെ പെരുമഴ നല്‍കി പറ്റിക്കാമെന്ന് കരുതേണ്ടെന്നും എ കെ ആന്റണി പറഞ്ഞു. കൊല്ലത്ത് വെടിക്കെട്ട് അപകട സ്ഥലത്ത് ഓടിയെത്തി എന്ന് അവകാശപ്പെടുന്ന മോദിയോട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും അത് നടക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേരളത്തോട് വല്ലാത്ത സ്‌നേഹം കാട്ടുകയാണ് മോദി. കേരളത്തെ ഗുജറാത്ത് ആക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ദയവു ചെയ്ത് പ്രധാനമന്ത്രി കേരളത്തെ ഗുജറാത്ത് ആക്കരുത്. തങ്ങള്‍ സൗഹാര്‍ദ്ദമായി, ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മിലടിക്കാതെ ഇഷ്ടമുള്ള ഭക്ഷണം കഴിച്ച്, ഇഷ്ടമുള്ള വേഷങ്ങള്‍ ധരിച്ച് ജീവിച്ചോട്ടെയെന്നും ആന്റണി പറഞ്ഞു. മഞ്ചേശ്വരത്തും കാസര്‍കോട്ടും മല്‍സരം യുഡിഎഫും ബിജെപിയും തമ്മിലാണ്. എന്നാ ല്‍, കേരളത്തില്‍ ഭരണം ലഭിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെയാണ് മല്‍സരം. ഇതില്‍ ഇപ്പോള്‍ യുഡിഎഫിനാണ് നേരിയ മുന്‍തൂക്കും. കോലീബി സഖ്യം എന്നു പറഞ്ഞുനടക്കുന്ന സിപിഎം ഏതു കാലഘട്ടത്തിലാണ് ജിവിക്കുന്നതെന്ന് തനിക്ക് മനസ്സിലാവുന്നില്ല. രാജ്യാന്തരതലത്തില്‍ ബിജെപിക്കെതിരേ ശക്തമായി പൊരുതുന്ന ബിജെപിയുമായി കോണ്‍ഗ്രസ് എങ്ങനെയാണ് കൂട്ടുചേരുന്നത്. ഇങ്ങനെയുള്ള പ്രചാരണം അവരുടെ വിശ്വാസ്യത തകര്‍ക്കുകയേ ഉള്ളൂ. ബംഗാളിലെ ഇടത് കൂട്ടുകെട്ട് കേരളത്തെ ബാധിക്കില്ല. അവിടത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ബംഗാളിലെ കൂട്ടുകെട്ടെന്നും ചോദ്യത്തിന് മറുപടിയായി എ കെ ആന്റണി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss