|    Jan 19 Thu, 2017 5:42 am
FLASH NEWS

ബിജെപിയെ രക്ഷപ്പെടുത്താന്‍ രാംദേവിന്റെ ‘കായകല്‍പചികില്‍സ’, പദ്ധതി ആര്‍.എസ്.എസ് തള്ളിയതായി വെളിപ്പെടുത്തല്‍

Published : 20th June 2016 | Posted By: G.A.G

 

baba2

ന്യൂഡല്‍ഹി : 2010ല്‍ ബിജെപിയെ രക്ഷപ്പെടുത്താന്‍ യോഗ ഗുരു രാംദേവ് പദ്ധതി തയ്യാറാക്കിയിരുന്നതായും ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ ആര്‍എസ്എസ് നേതൃത്വം പദ്ധതി തള്ളിക്കളഞ്ഞതായും വെളിപ്പെടുത്തല്‍. പത്രപ്രവര്‍ത്തകയായ ഭവ്ദീപ് കാങ് എഴുതിയ Gurus – Stories of India’s Leading Babas എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.
ബിജെപിയുടെ ഭരണഘടന പൊളിച്ചെഴുതാന്‍ പതിനൊന്നംഗ സമിതിയെ ചുമതലപ്പെടുത്തണമെന്നായിരുന്നു പദ്ധതിയുടെ പ്രധാന നിര്‍ദേശം.

B KANG

ഭവ്ദീപ് കാങ്

ആര്‍എസ്എസ്, ബിജെപി, ഭാരത് സ്വാഭിമാന്‍ ആന്ദോളന്‍ എന്നിവയില്‍ നിന്നും രണ്ട് പേരെ വീതം ഉള്‍പ്പെടുത്തി ആറുപേരടങ്ങുന്ന ഒരു സമിതിയുണ്ടാക്കണമെന്നും അതില്‍ എല്‍കെ അദ്വാനിയെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും രാംദേവ് മുന്നോട്ടുവെച്ചിരുന്നു.

2011 മാര്‍ച്ചില്‍ കര്‍ണാടകത്തിലെ ഉഡുപ്പിയില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍എസ്എസ് രാംദേവിന്റെ ഈ നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. ഒരാഴ്ചയ്ക്കു ശേഷം മോഹന്‍ഭഗവത് ഹരിദ്വാറില്‍ രാംദേവ് സംഘടിപ്പിച്ച ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ ഹരിദ്വാറിലെത്തിയപ്പോള്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കാര്യങ്ങള്‍ ബിജെപിയോട് നേരിട്ട് സംസാരിക്കാന്‍ രാംദേവിനോട് അവിടെവച്ച് മോഹന്‍ഭഗവത് ആവശ്യപ്പെട്ടു. ഫലത്തില്‍ രാംദേവിന്റെ നിര്‍ദേശങ്ങള്‍ ആര്‍എസ്എസ് നേതൃത്വം കയ്യൊഴിയുകയായിരുന്നുവത്രേ.
രാംദേവ് കൗശലക്കാരനും സൂത്രശാലിയുമാണെങ്കിലും ഒരു രാഷ്ട്രതന്ത്രജ്ഞന്റെ നിലവാരത്തിലേക്കുയരാനുള്ള സാമര്‍ഥ്യവും തന്ത്രങ്ങളും അദ്ദേഹത്തിനില്ല എന്ന് ഭവ്ദീപ് കാങ് നിരീക്ഷിക്കുന്നു. 2009 മുതല്‍ രാംദേവ് മുതിര്‍ന്ന ബിജെപി നേതാക്കളുമായി നേരിട്ടുള്ള സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടുവന്നിരുന്നു. തന്റെ കായകല്‍പ പദ്ധതി വഴി മുപ്പത് ദിവസം കൊണ്ട് ബിജെപിയെ നവീകരിച്ചെടുക്കാമെന്നായിരുന്നു രാംദേവിന്റെ വാഗ്ദാനം.

GURUS BOOK
ഭാരത് സ്വാഭിമാന്‍ ആന്ദോളന്‍ നേതാവ് രാജീവ് ദീക്ഷിതിന്റെ ആകസ്മിക മരണമാണ് രാംദേവിന്റെ രാഷ്ട്രീയമോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയായതത്രേ. ദുരൂഹമായ സാഹചര്യത്തിലായിരുന്നു ഈ മരണമെന്നും രാംദേവും സഹോദരനും ചേര്‍ന്നാണ് സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയതെന്നും ഗ്രന്ഥകര്‍ത്താവ് അനുസ്മരിക്കുന്നു. വിദേശത്ത് ശാസ്ത്രജ്ഞനായി ജോലി ചെയ്ത് മടങ്ങിവന്ന് ആസാദി ബചാവോ ആന്ദോളന്‍ സ്ഥാപിച്ച് സ്വദേശി പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു രാജീവ് ദീക്ഷിത്.
പലകാര്യങ്ങളും രാംദേവിന് പറഞ്ഞുകൊടുത്തത് ദീക്ഷിത് ആയിരുന്നുവെങ്കിലും രാംദേവ് അവകാശപ്പെടുന്നത് തന്നില്‍ നിന്ന്് ദീക്ഷിത് പലതും പഠിച്ചെടുത്തു എന്നാണ്. 50000 കോടിയിലേറെ രൂപയുടെ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാണ് രാംദേവ് എന്നും ഭവ്ദീപ് കാങ് വെളിപ്പെടുത്തുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 560 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക