|    Jun 19 Tue, 2018 4:09 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ബിജെപിയെ തടയാന്‍ ആരുണ്ട്?

Published : 20th April 2017 | Posted By: fsq

 

ബി  ആര്‍ പി   ഭാസ്‌കര്‍

ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഭാരതീയ ജനതാ പാര്‍ട്ടി കോണ്‍ഗ്രസ്സിനെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ കക്ഷിയായി വളര്‍ന്നിരിക്കുന്നുവെന്നു വ്യക്തമാക്കുന്നു. ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലും തൊട്ടുകിടക്കുന്ന ഉത്തരാഖണ്ഡിലും നേടിയ വന്‍ വിജയം അതിന്റെ പുതിയ പദവി ഉറപ്പിക്കുന്നു. കാഷായവസ്ത്രധാരിയും കഴിഞ്ഞ ഏതാനും കൊല്ലക്കാലത്ത് നിരവധി അക്രമസംഭവങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഹിന്ദു യുവവാഹിനിയുടെ സ്ഥാപക നേതാവുമായ യോഗി ആദിത്യനാഥാണ് പുതിയ യുപി മുഖ്യമന്ത്രി. അദ്ദേഹം അധികാരമേറ്റ ഉടനെ അനുയായികള്‍ ഇറച്ചിക്കടകള്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടത് ആ സംസ്ഥാനം രാജ്യത്തെ ഏറ്റവും വലിയ ഹിന്ദുത്വ പരീക്ഷണശാലയായിരിക്കുന്നുവെന്ന സൂചന നല്‍കുന്നു. ചുരുക്കത്തില്‍, ബിജെപിയുടെ പിന്നിലുള്ള യഥാര്‍ഥ അധികാരകേന്ദ്രമായ ആര്‍എസ്എസ് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ച് ഹിന്ദുരാഷ്ട്രം എന്ന അതിന്റെ ചിരകാല സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമവുമായി മുന്നോട്ടുപോവുകയാണ്. ഭരണഘടനയില്‍ ഉല്ലേഖനം ചെയ്തിട്ടുള്ള ജനാധിപത്യം, മതനിരപേക്ഷത, സ്ഥിതിസമത്വം എന്നീ ഉന്നതാദര്‍ശങ്ങള്‍ എടുത്തുകളയാനുള്ള കഴിവ് ഹിന്ദുത്വചേരിക്കില്ല. എന്നാല്‍, അവ നിലനിര്‍ത്തിക്കൊണ്ട് ഫലത്തില്‍ അവയെ ഇല്ലാതാക്കാനാവും. ഈ സാഹചര്യത്തില്‍ ബിജെപിയുടെ മുന്നേറ്റം എങ്ങനെ തടയാം എന്നതിനെക്കുറിച്ച് അധികാരരാഷ്ട്രീയത്തിന്റെ ഭാഗമായ മറ്റു കക്ഷികള്‍ ഗൗരവപൂര്‍വം ആലോചിക്കേണ്ടിയിരിക്കുന്നു. വര്‍ത്തമാനകാല സാഹചര്യങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവെന്നു സത്യസന്ധമായി വിലയിരുത്താതെ ഭാവി സുരക്ഷിതമാക്കാന്‍ പ്രായോഗിക പദ്ധതികള്‍ ആസൂത്രണം ചെയ്യാനാവില്ല. ഹിന്ദുത്വചേരിയുടെ ചരിത്രം ഒരു നൂറ്റാണ്ടിലധികം നീളുന്നു. ബ്രിട്ടിഷുകാര്‍ എടുത്ത ആദ്യ സെന്‍സസ് റിപോര്‍ട്ടുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, യു എന്‍ മുഖര്‍ജിയെന്ന ഒരാള്‍ 1909ല്‍ പ്രസിദ്ധീകരിച്ച ലഘുലേഖയില്‍, ഹിന്ദുക്കള്‍ മരിച്ചുകൊണ്ടിരിക്കുന്ന വംശമാണെന്നു സമര്‍ഥിക്കുകയുണ്ടായി. ആ കണക്കുകള്‍ തെറ്റാണെന്നു വിവരമുള്ളവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, എട്ടോ ഒമ്പതോ നൂറ്റാണ്ടു കാലം ആദ്യം മധ്യേഷ്യയില്‍ നിന്നു വന്ന മുസ്‌ലിംകളുടെയും പിന്നീട് യൂറോപ്പില്‍ നിന്നു വന്ന ക്രിസ്ത്യാനികളുടെയും ഭരണത്തിന്‍ കീഴില്‍ രൂപപ്പെട്ട അപകര്‍ഷബോധം പേറുന്ന ഒരു സവര്‍ണ വിഭാഗം മുഖര്‍ജിയുടെ വാദം ഏറ്റുപിടിച്ച് ഹിന്ദു ശാക്തീകരണത്തിനു ശ്രമം തുടങ്ങി. ഇക്കാര്യത്തില്‍ ആദ്യം മുന്‍കൈയെടുത്തത് 1875ല്‍ ദയാനന്ദ സരസ്വതി സ്ഥാപിച്ച ആര്യസമാജമാണ്. വേദങ്ങള്‍ക്കു പ്രാമുഖ്യം നല്‍കിക്കൊണ്ട് ജാതിവ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ ശ്രമിച്ച അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചില്ല. എന്നാല്‍, ഫ്യൂഡല്‍ പ്രമാണിമാര്‍ മുസ്‌ലിംലീഗ് സ്ഥാപിക്കുകയും ബ്രിട്ടിഷുകാര്‍ മുസ്‌ലിംകള്‍ക്ക് നിയമസഭയില്‍ പ്രത്യേകം സീറ്റുകള്‍ അനുവദിക്കുകയും ചെയ്തപ്പോള്‍ അതിനെ ചെറുക്കാന്‍ സവര്‍ണ നേതാക്കള്‍ രൂപീകരിച്ച ഹിന്ദു മഹാസഭയായി പ്രധാന ഹിന്ദു താല്‍പര്യ സംരക്ഷകര്‍. മഹാസഭയും ലീഗും ഏറെക്കാലം കോണ്‍ഗ്രസ് സമ്മേളനനഗരിയില്‍ അതിന്റെ സമ്മേളനത്തിനൊപ്പമാണ് തങ്ങളുടെ വാര്‍ഷിക യോഗങ്ങള്‍ നടത്തിയിരുന്നത്. കാലക്രമത്തില്‍ രണ്ടു കക്ഷികളും വര്‍ഗീയതയുടെ പ്രചാരകരായി മാറുകയും മതനിരപേക്ഷ സമൂഹം സൃഷ്ടിക്കാന്‍ ആഗ്രഹിച്ച കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ എതിരാളികളാവുകയും ചെയ്തു. അതിനിടെ ചില മഹാസഭാ നേതാക്കള്‍ യുവാക്കള്‍ക്ക് കായിക പരിശീലനം നല്‍കി അക്രമത്തിനു സജ്ജരാക്കാനായി ആര്‍എസ്എസ് ഉണ്ടാക്കി. മഹാസഭയുടെ നേതാവായ വി ഡി സവര്‍ക്കറാണ് ഹിന്ദു ദേശീയത അഥവാ ഹിന്ദുത്വം എന്ന ആശയം അവതരിപ്പിച്ചത്. ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയെ ആകര്‍ഷിച്ച ആ പ്രത്യയശാസ്ത്രം ആര്‍എസ്എസ് ഏറ്റെടുത്തു. മഹാസഭയ്ക്ക് അതു മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവില്ലെന്നു വിലയിരുത്തിയ ആര്‍എസ്എസ് ഒന്നാം പൊതുതിരഞ്ഞെടുപ്പിനു മുമ്പുതന്നെ ജനസംഘം എന്ന രാഷ്ട്രീയകക്ഷിക്ക് രൂപം നല്‍കി. ഇന്ത്യ-പാക് വിഭജനത്തെ തുടര്‍ന്നു നടന്ന വര്‍ഗീയ കലാപങ്ങളുടെയും അഭയാര്‍ഥിപ്രവാഹത്തിന്റെയും ഓര്‍മ കെട്ടടങ്ങിയിരുന്നില്ലെങ്കിലും ആ തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഹിന്ദുത്വ വര്‍ഗീയ കക്ഷികളെ പൂര്‍ണമായും തിരസ്‌കരിച്ചു. കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തോടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്നു. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാണ്. എന്നാല്‍, അതിന്റെ ജനപിന്തുണ രാജ്യമൊട്ടുക്കും നേരത്തെ വ്യാപിച്ചുകിടക്കുകയായിരുന്നു. ചില പ്രദേശങ്ങളിലായി ശക്തികേന്ദ്രീകരിച്ചിരുന്നതുകൊണ്ടും പുരോഗമനസ്വഭാവമുള്ള മറ്റു കക്ഷികളും വ്യക്തികളുമായി തിരഞ്ഞെടുപ്പു സഖ്യത്തില്‍ ഏര്‍പ്പെട്ടതുകൊണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുകയും അത് മുഖ്യ പ്രതിപക്ഷമാവുകയും ചെയ്തു. അതോടെ ജനങ്ങള്‍ ഇടതുപക്ഷത്തെ ദേശീയ ബദലായി കണ്ടു. രണ്ടാം തിരഞ്ഞെടുപ്പില്‍ സിപിഐ കേരളത്തില്‍ അധികാരം പിടിച്ചത് ആ ധാരണ ബലപ്പെടുത്തി. എന്നാല്‍, തുടര്‍ച്ചയായി അധികാരത്തില്‍ ഇരുന്ന് കോണ്‍ഗ്രസ് ദുഷിക്കുകയും ദുര്‍ബലമാവുകയും ചെയ്തപ്പോള്‍, ക്രമേണ വളര്‍ന്ന് അതിന്റെ സ്ഥാനം ഏറ്റെടുക്കുമെന്നു കരുതപ്പെട്ട ഇടതുപക്ഷം പിന്നിലാവുകയും വലതുപക്ഷം ബദലാവുകയും ചെയ്തു. വിഭജനകാലത്തെ അന്തരീക്ഷം മുതലെടുക്കാന്‍ ഹിന്ദുത്വ കക്ഷികള്‍ക്ക് കഴിയാത്തത് വര്‍ഗീയതയ്‌ക്കെതിരേ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉറച്ച നിലപാട് എടുത്തതുകൊണ്ടാണ്. ഇന്നത്തെപ്പോലെ അന്നും കോണ്‍ഗ്രസ്സിനുള്ളില്‍ ഹിന്ദുത്വവാദികളുണ്ടായിരുന്നു. ഹിന്ദു സമൂഹത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളെ ആ വിഭാഗം ശക്തമായി എതിര്‍ത്തതിനാല്‍ മെല്ലെ പോവാന്‍ നെഹ്‌റു നിര്‍ബന്ധിതനായി. എങ്കിലും അവരെ നിയന്ത്രിച്ചുനിര്‍ത്താനും വര്‍ഗീയ കക്ഷികളെ രൂക്ഷമായ ഭാഷയില്‍ എതിര്‍ക്കാനും അദ്ദേഹത്തിനായി. വര്‍ഗീയ രാഷ്ട്രീയത്തിനെതിരേ ആഞ്ഞടിക്കാന്‍ ഇന്ദിരാഗാന്ധിക്കും മടിയുണ്ടായില്ല. എന്നാല്‍, പില്‍ക്കാല കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ക്ക് വര്‍ഗീയതയെ ശക്തമായി നേരിടാനായില്ല. ഷാബാനു കേസില്‍ മുസ്‌ലിം പൗരോഹിത്യത്തെ പ്രീണിപ്പിച്ച രാജീവ് ഗാന്ധി അതിന്റെ പ്രത്യാഘാതം മയപ്പെടുത്താന്‍ അമ്പലനടയില്‍ നിന്നു തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചുകൊണ്ട് ഹിന്ദു പ്രീണനവും നടത്തി. പി വി നരസിംഹറാവുവാകട്ടെ, ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ സംഘപരിവാരം നിയോഗിച്ച കര്‍സേവകര്‍ ബാബരി മസ്ജിദ് പൊളിച്ചപ്പോള്‍ പൂജാമുറിയില്‍ കയറി കതകടച്ചു. വര്‍ഗീയതയെ അഭിമുഖീകരിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ കഴിവ് ചുരുങ്ങിയതിനൊത്ത് ഹിന്ദുത്വചേരി വളര്‍ന്നു. കോണ്‍ഗ്രസ്സും സോഷ്യലിസ്റ്റ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിളര്‍പ്പുകളിലൂടെയും കൂടിച്ചേരലുകളിലൂടെയും കടന്നുപോയപ്പോള്‍, വലിയ വളര്‍ച്ച നേടാനായില്ലെങ്കിലും ജനസംഘത്തിനു കെട്ടുറപ്പോടെ നില്‍ക്കാനായി. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനു ശേഷം കോണ്‍ഗ്രസ്സിനു നെഹ്‌റു-ഗാന്ധികുടുംബമില്ലാത്ത ഒരു ഇടവേളയുണ്ടായിരുന്നു. കോണ്‍ഗ്രസ്സുകാരുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് സോണിയാഗാന്ധി ക്ഷയിച്ചുകൊണ്ടിരുന്ന പാര്‍ട്ടിയുടെ നേതൃത്വം പിന്നീട് ഏറ്റെടുത്തത്. അവര്‍ക്ക് സംഘടനയെ പുതുക്കിപ്പണിയാനായില്ല. അവരുടെ വിശ്വസ്തര്‍ക്കും അതിനുള്ള കഴിവുണ്ടായിരുന്നില്ല. ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും അതിനു താഴേത്തട്ടില്‍ പ്രവര്‍ത്തകരില്ല. കേരളം പോലെ പ്രവര്‍ത്തകരില്ലാത്ത ഇടങ്ങളില്‍ അവര്‍ പാര്‍ട്ടിസേവകരല്ല, ഗ്രൂപ്പുനേതാക്കളുടെ സേവകരാണ്. സമഗ്രമായ അഴിച്ചുപണി കൂടാതെ ആ കക്ഷിക്ക് ഈ ജീര്‍ണാവസ്ഥയില്‍ നിന്നു കരകയറാനും നഷ്ടപ്രതാപം വീണ്ടെടുക്കാനുമാവില്ല. നേതൃമാറ്റത്തിലൂടെയേ അതു സാധ്യമാവൂ.                   (അവസാനിക്കുന്നില്ല)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss