|    Mar 24 Fri, 2017 1:38 am
FLASH NEWS

ബിജെപിയെ അധികാരത്തില്‍ എത്തിച്ചത് പണവും കൈക്കരുത്തും: ഇറോം ശര്‍മിള

Published : 21st March 2017 | Posted By: fsq

 

തിരുവനന്തപുരം: മണിപവറും മസില്‍പവറുമാണ് മണിപ്പൂരില്‍ ബിജെപിയുടെ വിജയത്തിനു പിന്നിലെന്ന് മനുഷ്യാവകാശപ്രവര്‍ത്തക ഇറോം ശര്‍മിള. ബിജെപിയും കോണ്‍ഗ്രസ്സും തിരഞ്ഞെടുപ്പില്‍ പണമൊഴുക്കിയാണ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മണിപ്പൂര്‍ ജനത അവരുടെ മസ്തിഷ്‌കപ്രക്ഷാളത്തിന് വിധേയരായി. ഇതാണ് തന്റെ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതെ പോയത്. സംസ്ഥാനത്തെ സാമൂഹിക യാഥാര്‍ഥ്യങ്ങളെക്കുറിച്ച് മണിപ്പൂര്‍ ജനത ഇനിയും അറിവ് നേടേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇനി താനില്ല. ഒരു കരിനിയമത്തിനെതിരേ ദീര്‍ഘകാലം പോരാട്ടം നടത്തിയിട്ടും അക്കാര്യം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടത്ര ബോധ്യപ്പെട്ടിട്ടില്ലെന്ന് തിരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ മനസ്സിലായി. ഇതല്ല അവരില്‍നിന്ന് പ്രതീക്ഷിച്ചത്. എന്നാല്‍, താന്‍ പോരാട്ടം അവസാനിപ്പിക്കില്ല. താന്‍ എതിര്‍ക്കുന്ന നിയമത്തിന്റെ യഥാര്‍ഥ മുഖം ലോകത്തെ മൊത്തത്തില്‍ ബോധ്യപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു.  മണിപ്പൂരില്‍ അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാരിനെക്കുറിച്ച് നല്ല അഭിപ്രായമില്ല. ബിജെപിയും കോണ്‍ഗ്രസ്സും അഴിമതിക്കാരുടെ പാര്‍ട്ടികളാണ്. തിരഞ്ഞെടുപ്പില്‍ സിപിഎം തനിക്കു നല്‍കിയ പിന്തുണ വോട്ടുകുറയാന്‍ കാരണമായെന്ന് കരുതുന്നില്ല. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ സഹായിക്കുന്നതില്‍ സന്തോഷമുണ്ട്. അതിനെ രാഷ്ട്രീയമായല്ല കാണുന്നത്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ്. മണിപ്പൂരില്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിച്ചതില്‍ സന്തോഷമുണ്ട്. പിന്‍വലിച്ചാല്‍ ആ നടപടിയെ സ്വാഗതം ചെയ്യുമെന്ന് താന്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. കേരള മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷ നല്‍കി. തന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതായി അദ്ദേഹം അറിയിക്കുകയുണ്ടായി. കേരളത്തിലെത്തിയ തനിക്ക് ഹൃദ്യമായ വരവേല്‍പ്പാണ് ലഭിച്ചത്. കേസരി സ്മാരക ട്രസ്റ്റിന്റെ ഉപഹാരം കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാസെക്രട്ടറി സി റഹിം ഇറോം ശര്‍മിളയ്ക്കു സമ്മാനിച്ചു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക