|    Oct 15 Mon, 2018 6:07 pm
FLASH NEWS
Home   >  National   >  

ബിജെപിയുടെ മംഗളൂരു ചലോ റാലി പരാജയം

Published : 5th September 2017 | Posted By: shins

ബംഗളൂരു: ബിജെപി പ്രഖ്യാപിച്ച മംഗളൂരു ചലോ റാലി പരാജയപ്പെട്ടു. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരെ കര്‍ണാടക സര്‍ക്കാര്‍ കരുതല്‍ തടങ്കലിലാക്കി. ഇതേത്തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് ആരംഭിച്ച റാലി മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിക്കാന്‍ പാര്‍ട്ടി സംസ്ഥാന ഘടകം നിര്‍ബന്ധിതരാവുകയായിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മംഗളൂരുവിലേക്ക് ബൈക്ക് റാലി സംഘടിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം.  വര്‍ഗീയസംഘര്‍ഷങ്ങള്‍ക്കു കാരണമായേക്കുമെന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് റാലിക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍, അനുമതി നിഷേധിച്ചെങ്കിലും റാലിയുമായി മുന്നോട്ടുപോവുമെന്ന് ബിജെപി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കിയിരുന്നു. ചെക്‌പോസ്റ്റുകള്‍ അടയ്ക്കുകയും ചെയ്തു.
ഇതിനിടെ, 200ഓളം ബൈക്കുകള്‍ ബംഗളൂരു നഗരത്തിലെ ഫ്രീഡം പാര്‍ക്കില്‍ എത്തിച്ചേര്‍ന്നത് പോലിസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിന് കാരണമായി. ഫ്രീഡം പാര്‍ക്ക് ബംഗളൂരുവില്‍ ഏറ്റവും തിരക്കേറിയ ഇടങ്ങളിലൊന്നാണ്. ഇവിടെ ബൈക്ക് റാലി നടത്തിയാല്‍ ഗതാഗതപ്രശ്‌നം രൂക്ഷമാവുമെന്ന് നേരത്തേ അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കര്‍ണാടകയിലെ എല്ലാ ജില്ലകളില്‍ നിന്നും ആരംഭിച്ച് വ്യാഴാഴ്ച മംഗളൂരുവില്‍ എത്തിച്ചേരുന്ന വിധമാണ് റാലി ക്രമീകരിച്ചിരുന്നത്. മുന്‍ ആഭ്യന്തരമന്ത്രി ആര്‍ അശോക, ശോഭ കരണ്‍ന്ദല്‍ജി, മൈസൂര്‍ എംപി പ്രതാപ് സിംഹ എന്നിവരുള്‍പ്പെടെ 500ഓളം പേരെ കരുതല്‍ തടങ്കലിലാക്കി.
റാലിക്കു മുന്നോടിയായി ആര്‍ അശോകയും പ്രതാപ് സിംഹയും റോഡ് തടയല്‍ സമരം പ്രഖ്യാപിച്ചത് സംഘര്‍ഷത്തിനു കാരണമായിരുന്നു. ബൈക്ക് റാലി തടഞ്ഞതിനെതിരേ പ്രതിഷേധമുന്നയിച്ച അശോക, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉഗാണ്ടയുടെ മുന്‍ ഭരണാധികാരി ഈദി അമീനെപ്പോലെ ഏകാധിപതിയാണെന്ന് ആരോപിച്ചു. പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പോലുള്ള”ഭീകര’സംഘടനകളെ സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണെന്നും ഈ സംഘടനകള്‍ നിരോധിക്കണമെന്നും
മുന്‍ ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു. ബംഗളൂരുവിനു പുറമെ ഹുബ്ബള്ളി, മൈസൂരു നഗരങ്ങളിലും ബിജെപി റാലി പ്രഖ്യാപിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss