|    Dec 15 Sat, 2018 1:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപിയുടെ നിലപാടില്‍ കാപട്യം: സോളി സൊറാബ്ജി

Published : 3rd December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സുപ്രിംകോടതി വിധിയുണ്ടായിട്ടും സ്ത്രീകളെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതെ വഴിയില്‍ തടയുന്ന ബിജെപി, മുത്ത്വലാഖ് നിരോധിച്ച സുപ്രിംകോടതി ഉത്തരവിനു പിന്നാലെ അത് ക്രിമിനല്‍ കുറ്റമാക്കി ഓര്‍ഡിനന്‍സ് ഇറക്കിയത് ആ പാര്‍ട്ടിയുടെ കാപട്യത്തിന് വ്യക്തമായ തെളിവാണെന്ന് പ്രമുഖ നിയമജ്ഞനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊറാബ്ജി.
മുസ്‌ലിംകളിലെ വളരെ ചെറിയ ഒരു വിഭാഗത്തിനിടയില്‍ മാത്രം നിലനില്‍ക്കുന്ന മുത്ത്വലാഖ് സമ്പ്രദായം നിരോധിച്ച് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് കഴിഞ്ഞവര്‍ഷം പുറപ്പെടുവിച്ച ഉത്തരവിനെ സ്വാഗതം ചെയ്ത ബിജെപി, ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിംകോടതി ഉത്തരവിനെയും സ്വാഗതംചെയ്യേണ്ടതായിരുന്നു. മുത്ത്വലാഖില്‍ കോടതി ഇടപെടുന്നത് നല്ലതാണെങ്കില്‍ ശബരിമല വിഷയത്തില്‍ കോടതി ഇടപെടുന്നതും നല്ലതാണ്. ആര്‍ത്തവകാരികളായ സ്ത്രീകളെ ക്ഷേത്രത്തില്‍ നിന്നു മാറ്റിനിര്‍ത്തുന്നത് യുക്തിക്കു നിരക്കാത്തതും അവരുടെ പ്രാര്‍ഥിക്കാനുള്ള അവകാശത്തിന് എതിരുമാണ്.
വിശ്വാസവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളുമായി യോജിച്ചു പോവാത്തതാണെങ്കില്‍, അത്തരം ഘട്ടത്തില്‍ വിവേചനം നേരിടുന്നവരെ രക്ഷിക്കേണ്ടത് സുപ്രിംകോടതിയുടെ കടമയാണെന്നും ഒരു വാര്‍ത്താ വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ സൊറാബ്ജി വ്യക്തമാക്കി. കോടതി ജാഗ്രതയും വളരെയധികം വിവേചനബുദ്ധിയും ഉപയോഗിക്കണം. എന്നാല്‍, ഭരണഘടനയുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന ഘട്ടത്തില്‍ കോടതിയുടെ ഇടപെടല്‍ അനിവാര്യമാണ്.
കോടതി വിധിക്കെതിരേ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രംഗത്തുവരുന്ന സാഹചര്യത്തില്‍ നിശ്ശബ്ദരാവാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതി യുക്തിവച്ച് അളക്കരുതെന്ന് പറഞ്ഞ സൊറാബ്ജി, ശബരിമല കേസിലെ ഭൂരിപക്ഷ വിധിയോടു വിയോജിച്ച് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടിനോട് യോജിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണങ്ങളോട് വിയോജിക്കുമ്പോള്‍ തന്നെ ജൂനിയര്‍ ജഡ്ജിയായിട്ടും സ്വന്തം അഭിപ്രായം പ്രകടിപ്പിച്ച അവരുടെ നടപടി ഇന്ത്യയിലെ സ്വതന്ത്ര നീതിന്യായ സംവിധാനത്തിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss