|    Oct 24 Tue, 2017 7:39 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബിജെപിയുടെ അക്കൗണ്ട് മോഹത്തിന് മങ്ങലേല്‍ക്കുന്നു

Published : 8th March 2016 | Posted By: SMR

പി എച്ച് അഫ്‌സല്‍

തിരുവനന്തപുരം: നിയമസഭയില്‍ അക്കൗണ്ട് തുറക്കാനാവുമെന്ന ബിജെപിയുടെ മോഹത്തിന് മങ്ങലേല്‍ക്കുന്നു. ജെഎന്‍യു അടക്കമുള്ള വിഷയങ്ങളില്‍ ബിജെപി വിരുദ്ധ തരംഗം ശക്തിയാര്‍ജിച്ചതും കേരളത്തിലെ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്കിടയിലെ വിഭാഗീയതയുമാണ് തിരിച്ചടിയാവുന്നത്.
മാര്‍ച്ച് അഞ്ചിന് തിരുവനന്തപുരം കോര്‍പറേഷന്‍ വാഴോട്ടുകോണം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 704 വോട്ടാണ് ബിജെപിക്ക് കുറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഒ രാജഗോപാല്‍ ഭൂരിപക്ഷം നേടിയ തിരുവനന്തപുരത്ത് തന്നെ തിരിച്ചടിയേറ്റത് നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാംസ്ഥാനത്തെത്തിയ ബിജെപി ഇത്തവണ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റുകൂടിയായ ശിവശങ്കരന്‍നായര്‍ മല്‍സരിച്ചിട്ടും 939 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി 1643 വോട്ട് നേടിയിരുന്നു.
സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മല്‍സരിക്കാന്‍ പദ്ധതിയിടുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട വാര്‍ഡിലാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ അനുകൂല സാഹചര്യത്തില്‍ പാര്‍ട്ടിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. മൂന്ന് മാസത്തിനിടെ ഒരു വാര്‍ഡില്‍ നിന്നും 704 വോട്ട് അപ്രത്യക്ഷമായതോടെ കുമ്മനത്തെ ആറന്മുളയിലേക്ക് മാറ്റാനും സാധ്യതയുണ്ട്.
വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബിഡിജെഎസിനെ കൂടെകൂട്ടിയതും ബിജെപിക്ക് വിപരീതഫലമാണ് ഉണ്ടാക്കുക. വെള്ളാപ്പള്ളിയുമായി അടുത്തത് നായര്‍ വിഭാഗം ബിജെപിയുമായി അകലാന്‍ കാരണമായി. വട്ടിയൂര്‍ക്കാവിലും നേമത്തുമടക്കം നായര്‍വോട്ടുകള്‍ പ്രധാന വിജയഘടകമാണ്. വാര്‍ഡിലെ ആറ് ബൂത്തുകളിലും ബിജെപി മൂന്നാംസ്ഥാനത്തായിരുന്നു.
സുരേഷ് ഗോപിയുടെ എന്‍എസ്എസ് ആസ്ഥാനത്തെ വരവിനെ ചൊല്ലിയുണ്ടായ തര്‍ക്കം ബിജെപിയെയും എന്‍എസ്എസിനെയും തമ്മില്‍ അകറ്റി. വെള്ളാപ്പള്ളി നടേശനുമായി അടുത്തതും എതിര്‍പ്പ് ശക്തമാക്കി. ഈ സാഹചര്യത്തില്‍ ബിജെപി നിയമസഭയില്‍ അക്കൗണ്ട് തുറക്കില്ലെന്ന് ഉറപ്പാക്കാനാണ് എന്‍എസ്എസ് നീക്കം. ഇതിന്റെ ഭാഗമായാണ് പി പി മുകുന്ദനെ സ്ഥാനാര്‍ഥിയാക്കാനുള്ള ചരടുവലികള്‍ എന്‍എസ്എസ് നടത്തുന്നത്. ബിജെപി ഏറെ സാധ്യത കാണുന്ന വട്ടിയൂര്‍കാവിലോ നേമത്തോ പി പി മുകുന്ദന്‍ മല്‍സരിക്കുമെന്നാണ് സൂചന. മല്‍സരിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് പി പി മുകുന്ദനും അറിയിച്ചിട്ടുണ്ട്. എന്‍എസ്എസുമായി ഏറെ അടുപ്പമുള്ള നേതാവാണ് മുകുന്ദന്‍.
കൂടാതെ സ്ഥാനാര്‍ഥി നിര്‍ണയം അടക്കം ആഭ്യന്തര കാര്യങ്ങളില്‍ ആര്‍എസ്എസ് പിടിമുറുക്കിയത് ചില ബിജെപി നേതാക്കള്‍ക്കിടയില്‍ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പി പി മുകുന്ദന്‍ ആര്‍എസ്എസുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് പാര്‍ട്ടിയുമായി അകന്നത്. എന്നാല്‍, അടുത്ത കാലത്തായി ബിജെപിയുമായി അടുക്കാന്‍ മുകുന്ദന്‍ ശ്രമിക്കുന്നുണ്ട്. ആര്‍എസ്എസിലെ ഒരു മുതിര്‍ന്ന നേതാവും മുകുന്ദനുമായുള്ള വ്യക്തിവിരോധംമൂലം ഇത് സാധ്യമാവുന്നില്ല. നിര്‍ണായക യോഗങ്ങളില്‍ പങ്കെടുത്ത ഈ നേതാവ് മുകുന്ദന്റെ കാര്യത്തില്‍ തീരുമാനം വൈകിപ്പിക്കുകയുമായിരുന്നു. ആര്‍എസ്എസിന്റെ ഉറ്റതോഴനായ കുമ്മനം പാര്‍ട്ടി നേതൃത്വത്തിലെത്തിയതോടെ ബിജെപി ജനങ്ങളില്‍നിന്ന് അകലുകയാണെന്ന് പാര്‍ട്ടിക്കുള്ളില്‍തന്നെ വിമര്‍ശനമുണ്ട്. ജെഎന്‍യു വിഷയമടക്കം അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍ കേരളത്തില്‍ ബിജെപി വിരുദ്ധ വികാരം ശക്തിപ്പെടാന്‍ ഇടയാക്കി. രോഹിത് വെമൂല, കനയ്യകുമാര്‍ വിഷയങ്ങളില്‍ കേരളത്തിന്റെ പൊതുമനസ്സാക്ഷി ഭരണകൂട ഭീകരതക്കെതിരായതും ബിജെപിക്ക് തിരിച്ചടിയാവും. മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ വധഭീഷണിയും പ്രതികള്‍ക്ക് ഒരുക്കിയ സ്വീകരണവും പ്രതികൂല ഇമേജാണ് ജനമനസ്സുകളില്‍ സൃഷ്ടിച്ചത്.
സോഷ്യല്‍ മീഡിയയിലെ ബിജെപി വിരുദ്ധ തരംഗം പ്രതിരോധിക്കാന്‍ തിരുവനന്തപുരത്തും ബംഗളൂരുവിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി സോഷ്യല്‍ മീഡിയ ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക