|    Nov 19 Mon, 2018 11:15 am
FLASH NEWS
Home   >  Todays Paper  >  page 10  >  

‘ബിജെപിയും സിപിഎമ്മും ശബരിമലയെ കലാപഭൂമിയാക്കുന്നു’

Published : 11th November 2018 | Posted By: kasim kzm

തൃശൂര്‍: വിശ്വാസത്തിന്റെ പേരില്‍ വര്‍ഗീയ സംസ്‌കാരം കൊണ്ടുനടക്കുന്ന ബിജെപിയും വിശ്വാസത്തെ എതിര്‍ക്കുന്ന സിപിഎമ്മും ശബരിമലയെ കലാപഭൂമിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് മുസ്‌ലിംലീഗ് നേതാവ് കെ എന്‍ എ ഖാദര്‍ എംഎല്‍എ. വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയതയെ ചെറുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി യുഡിഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാമിക ശരീഅത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച അതേ സിപിഎം തന്നെയാണ് ശബരിമലയിലും വിശ്വാസികള്‍ക്കെതിരേ കലാപത്തിനിറങ്ങുന്നത്. വിശ്വാസത്തിന്റെ പേരില്‍ ബിജെപിയെ പോലെ സിപിഎമ്മും രാഷ്ട്രീയ മുതലെടുപ്പു നടത്തുകയാണ്. ലോകത്തൊരിടത്തും വിശ്വാസം സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, ഉള്ള വിശ്വാസം തകര്‍ത്ത ചരിത്രമാണ് കമ്മ്യൂണിസ്റ്റ്പാര്‍ട്ടികള്‍ക്കുള്ളത്. ശബരിമലയില്‍ വിശ്വാസികളെയും വിശ്വാസങ്ങളെയും തകര്‍ക്കാനുള്ള ശ്രമമാണ് ഇടതുസര്‍ക്കാര്‍ നടത്തുന്നത്.
ഭാരതീയ സംസ്‌കാരമെന്നു പറയുന്നത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്‌കാരമല്ല. ഇന്ത്യന്‍ ബഹുസ്വരതയെന്നത് ഭരണഘടനയില്‍ അന്തര്‍ലീനമാണ്. ബഹുസ്വരതയിലൂടെ ലോകത്തിന് മാതൃകയായ സംസ്‌കാരമാണ് ഇന്ത്യയുടേത്. ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
മോദി ഇനിയും അധികാരത്തില്‍ വന്നാല്‍ ഇനിയൊരു തിരഞ്ഞെടുപ്പ് ഇന്ത്യയില്‍ ഉണ്ടാവുമോയെന്ന കാര്യംപോലും സംശമാണ്.
ഇന്ത്യയെ വര്‍ഗീയവല്‍ക്കരിക്കുന്ന നരേന്ദ്രമോദിയെ താഴെയിറക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കോണ്‍ഗ്രസ് പ്രസിഡന്റായ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ മതേതര സഖ്യത്തിന് മാത്രമേ ബിജെപിയെ നേരിടാന്‍ കഴിയൂവെന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞു. നിരവധി സുപ്രിംകോടതി വിധികളെ കാറ്റില്‍പ്പറത്തിയവരാണ് ഇപ്പോള്‍ ശബരിമലയില്‍ കോടതിവിധിയും പറഞ്ഞ് രംഗത്തുവരുന്നത്. യുഡിഎഫിനെ തകര്‍ത്ത് ബിജെപിയെ പ്രതിപക്ഷ സ്ഥാനത്തേക്കു കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് സിപിഎമ്മെന്നും ഖാദര്‍ കൂട്ടിച്ചേര്‍ത്തു.
സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന്‍, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരായ കെ എസ് ഹംസ, സി എച്ച് റഷീദ്, അനൂപ് ജേക്കബ് എംഎല്‍എ, കേരളാ കോണ്‍ഗ്രസ് (എം) നേതാവ് അഡ്വ. തോമസ് ഉണ്ണിയാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss