|    Sep 23 Sat, 2017 10:11 pm
FLASH NEWS

ബിജെപിയും കോണ്‍ഗ്രസ്സും നുണപ്രചാരണം നടത്തുന്നു: കോടിയേരി

Published : 4th July 2016 | Posted By: SMR

പിണറായി: മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ അക്രമമെന്നു വരുത്തിത്തീര്‍ക്കാന്‍ ബിജെപിയും കോണ്‍ഗ്രസും നുണപ്രചാരണം നടത്തുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓലയമ്പലം ആര്‍സി അമല ബിയുപി സ്‌കൂളില്‍ സിപിഎം സംഘടിപ്പിച്ച ബഹുജന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലുകള്‍ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിന് അന്ത്യം കുറിക്കാനായതാണ് ഇതിന് കാരണം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് ഇത്തരം പ്രചാരവേലകള്‍. പിണറായി പ്രദേശത്ത് സിപിഎമ്മുകാര്‍ക്കേ ജീവിക്കാനാവൂ എന്നാണ് പ്രചാരണം. വ്യത്യസ്ത രാഷ്ട്രീയക്കാര്‍ ജീവിക്കുന്ന പ്രദേശമാണിത്. സിപിഎമ്മിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലുമൊരു അക്രമം അവരുടെ നേര്‍ക്ക് ഉണ്ടായിട്ടില്ല.
മുഖ്യമന്ത്രിയുടെ നാട്ടില്‍ അ്രക്രമമെന്ന് നുണപ്രചാരണം നടത്തി ദേശീയശ്രദ്ധ പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ആര്‍എസ്എസ് കേന്ദ്രങ്ങളിലാണ് മറ്റുള്ളവര്‍ക്ക് ജീവിക്കാനാവാത്ത സാഹചര്യമുള്ളത്.കുട്ടിമാക്കൂലില്‍ ദലിത് സ്ത്രീകള്‍ക്കുനേരെ നടന്നെന്ന് പറയുന്ന അക്രമം കോണ്‍ഗ്രസിന്റെ നാടകമാണ്. പുരുഷന്മാര്‍ക്ക് തല്ലാനാവില്ലെന്ന് വന്നപ്പോഴാണ് സ്ത്രീകളെ രംഗത്തിറക്കിയത്.
ബിജെപിയും കോണ്‍ഗ്രസ്സും നടത്തുന്ന ഇത്തരം പ്രചാരണങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. തെറ്റായ ഒരു കാര്യവും സിപിഎം പ്രവര്‍ത്തകര്‍ ചെയ്യരുത്. എതിരാളികളുടെ പിന്തുണ കൂടി നേടിയെടുക്കുക എന്ന ഉത്തരവാദിത്തമാണ് നമുക്കുള്ളതെന്നും കോടിയേരി പറഞ്ഞു. ഏരിയാ സെക്രട്ടറി പി ബാലന്‍ അധ്യക്ഷത വഹിച്ചു. പുഞ്ചയില്‍ നാണു, മുന്‍ എഎല്‍എ കെ കെ നാരായണന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ ശശിധരന്‍, കെ മനോഹരന്‍, ടി അനില്‍, കക്കോത്ത് രാജന്‍, വി ലീല പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക