|    Sep 22 Fri, 2017 5:20 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ബിജെപിക്ക് മുമ്പില്‍ വിജിലന്‍സും മുട്ടുമടക്കുന്നു

Published : 13th September 2017 | Posted By: fsq

 

ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളജ് കോഴയെക്കുറിച്ചുള്ള അന്വേഷണം മടക്കിക്കെട്ടുകയാണ് വിജിലന്‍സ്. വലിയ ആരവത്തോടെ പുറത്തുവന്ന കോഴ സംഭവം അപ്പൂപ്പന്‍താടിപോലെ പാറിപ്പോവുമ്പോള്‍ കേരളീയര്‍ ഇതികര്‍ത്തവ്യഥാമൂഢരായി നില്‍ക്കുകയാണ്. ബിജെപിയെ ഏറ്റവുമേറെ വിഷമിപ്പിച്ച കള്ളനോട്ടടി കേസ് വെറും ഫോട്ടോസ്റ്റാറ്റാക്കി മാറ്റി ഒതുക്കിത്തീര്‍ത്ത മെയ്‌വഴക്കം കേരള പോലിസ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നര്‍ഥം. മൂന്നു കേസുകളായിരുന്നു സമീപകാലത്ത്് കേരളത്തിലെ ബിജെപിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരുന്നത്. കള്ളനോട്ടടിച്ച് പിടിയിലായതും മെഡിക്കല്‍ കോളജ് അംഗീകാരത്തിന് കോഴ വാങ്ങിയതും പ്രസ്തുത കോഴ ഹവാല വഴി ഡല്‍ഹിയിലെത്തിച്ചതും ആരും അന്വേഷിച്ചു പുറത്തിട്ടതല്ല. ബിജെപിക്കകത്തെ ഗ്രൂപ്പ് കളിമൂലം പുറത്തേക്ക് തെറിച്ചുവന്ന മഞ്ഞുമലയുടെ ഒരു കൊച്ചുപാളി മാത്രമായിരുന്നു 5.6 കോടിയുടെ കോഴ സംഭവം. പൂര്‍ണമായ തെളിവുകള്‍ സഹിതം പുറത്തുവരുകയും പ്രതികള്‍ ആരെന്ന് കൃത്യമായി തിരിച്ചറിയുകയും ചെയ്ത ഈ കേസുകളില്‍ ആദ്യം തന്നെ കള്ളനോട്ടടി മുക്കി. ഇപ്പോഴിതാ മെഡിക്കല്‍ കോളജ് കോഴയും അതോടനുബന്ധിച്ച ഹവാലയും ഒതുക്കിയിരിക്കുന്നു. കടുത്ത രാജ്യദ്രോഹമായി കണക്കാക്കപ്പെടുന്ന ഹവാലയും കള്ളനോട്ടടിയുമാണ് എഴുതിത്തള്ളുന്നത്. എല്ലാ തെളിവുകളും ലഭിച്ച ശേഷം മനമില്ലാമനസ്സോടെ രജിസ്റ്റര്‍ ചെയ്ത കേസുകളാണിപ്പോള്‍ തെളിവില്ല, കുറ്റാരോപിതരില്ല എന്നൊക്കെ പറഞ്ഞു മരവിപ്പിക്കുന്നത്. വിചിത്രമായ മറ്റൊരു വാദം കൂടി വിജിലന്‍സ് അവതരിപ്പിക്കുന്നു. പ്രതികള്‍ സഹകരിക്കുന്നില്ലത്രേ. മെഡിക്കല്‍ കോഴ കേസ് മരവിപ്പിക്കാനുള്ള പ്രധാന കാരണമായി പ്രതികള്‍ സഹകരിക്കുന്നില്ല എന്നു പറയാന്‍ വിജിലന്‍സിന് ഒരു ലജ്ജയുമില്ല. പ്രതികള്‍ സഹകരിച്ചുകൊണ്ടാണോ കേസുകള്‍ തെളിയിക്കാറുള്ളത്. കേരള ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും പ്രതികള്‍ സഹകരിക്കുന്നില്ലെന്ന വാദം നിരത്തി ഒരു കേസ് തള്ളുന്നത്.ഏതായാലും കേരള പോലിസും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനും കുറച്ചുകാലമായി അനുവര്‍ത്തിച്ചുവരുന്ന സംഘപരിവാര വിധേയത്വം ഒന്നുകൂടി അരക്കിട്ടുറപ്പിക്കാന്‍ ഈ സംഭവം മതിയായ കാരണമാണ്. ഒരുവശത്ത് സംഘപരിവാരത്തിനെ വിമര്‍ശിച്ചുകൊണ്ടു തന്നെ മറുവശത്ത് ഹസ്തദാനം ചെയ്യുന്ന ഈ ഏര്‍പ്പാട് പിണറായി വിജയന്‍ അവസാനിപ്പിക്കാന്‍ ഭാവമില്ലെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്.കണ്ണന്താനത്തിന് അഭിനന്ദനവും സല്‍ക്കാരവും. പറവൂരില്‍ വിസ്ഡം പ്രവര്‍ത്തകര്‍ക്ക് അടിയും ഇടിയും ജയിലും. അങ്ങനെ കേരളം ഭരിക്കുന്നത് ആര്‍എസ്എസ് ആണെന്ന് തോന്നത്തക്കവിധം കാര്യങ്ങള്‍ മുന്നോട്ടുപോവുന്നത് സിപിഎമ്മിനോ ഇടതു സര്‍ക്കാരിനോ ഗുണകരമാവില്ല. ജനങ്ങള്‍ക്കിടയില്‍ അനുദിനം നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രതിച്ഛായ കൂടുതല്‍ കളങ്കപ്പെടുകയാണെന്ന് സര്‍ക്കാരിന്റെ ഉന്നതങ്ങളിലുള്ളവര്‍ക്ക് യാതൊരു ഉല്‍ക്കണ്ഠയുമില്ലാത്തത് എന്തുകൊണ്ടാണെന്നതാണ് ഏറെ ആശ്ചര്യകരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക