|    Aug 24 Thu, 2017 10:38 am
Home   >  Todays Paper  >  page 7  >  

ബിജെപിക്ക് ബദല്‍ മുന്നണിയുണ്ടാക്കുന്നു : പ്രതിപക്ഷ യോഗത്തില്‍ പവാറും എന്‍സിപിയും പങ്കെടുത്തില്ല

Published : 12th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബിജെപിക്ക് ബദലായി സമാന്തര മുന്നണിയുണ്ടാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ 16 പ്രതിപക്ഷ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ നിന്നും ശരത് പവാറും എന്‍സിപിയും വിട്ടുനിന്നു. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പവാറും പാര്‍ട്ടിയും വഞ്ചന കാട്ടി എന്ന കോണ്‍ഗ്രസ്സിന്റെ ആരോപണത്തിനു പിന്നാലെയാണ് എന്‍സിപി പ്രതിപക്ഷ യോഗത്തില്‍ നിന്നു വിട്ടു നിന്നത്. യോഗത്തില്‍ പ്രതിനിധിയെ അയക്കുമെന്ന് പവാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പിന്നീട് എന്‍സിപി യോഗം ബഹിഷ്‌കരിക്കുകയാണെന്ന് പാര്‍ട്ടി നേതാവ് പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്സിന്റെ ആരോപണങ്ങള്‍ തങ്ങളെ വിഷമിപ്പിച്ചെന്ന സന്ദേശമാണ് എന്‍സിപി നേതാക്കള്‍ പങ്കുവച്ചത്. അഹ്മദ് പട്ടേലിന് വോട്ട് ചെയ്യേണ്ടിയിരുന്ന രണ്ട് എന്‍സിപി എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്‌തെന്നാണ് ആരോപണം. എന്നാല്‍, അനാരോഗ്യം മൂലമാണ് പവാര്‍ യോഗത്തില്‍ നിന്നു വിട്ടു നിന്നതെന്നാണു കോണ്‍ഗ്രസ്സിലെ തന്നെ ചില നേതാക്കള്‍ വ്യക്തമാക്കിയത്. ഇക്കാര്യം ശരത് പവാര്‍ ഫോണില്‍ വ്യക്തമാക്കിയിരുന്നെന്നും അവര്‍ പറയുന്നു. ബിജെപിക്കെതിരേ പാര്‍ലമെന്റിന് അകത്തും പുറത്തും സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചാണ് ഇന്നത്തെ പ്രതിപക്ഷ യോഗത്തില്‍ ചര്‍ച്ച ചെയ്തത്. 27ന് പട്‌നയില്‍ നടക്കുന്ന ലാലു പ്രസാദ് യാദവിന്റെ മഹാറാലിയെ സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തു.     മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, ഗുലാം നബി ആസാദ്, എ കെ ആന്റണി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല, സിപിഎം നേതാവ് സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ, ബിഹാറില്‍ ജെഡിയുവിന്റെ ബിജെപി ബാന്ധവത്തെ എതിര്‍ക്കുന്ന  വിമത നേതാവും രാജ്യസഭാംഗവുമായ അലി അന്‍വര്‍ അന്‍സാരി തുടങ്ങിയ പ്രതിപക്ഷ കക്ഷി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. അതേസമയം,  യോഗത്തില്‍ പങ്കെടുത്ത അലി അന്‍വര്‍ അന്‍സാരിയെ ജെഡിയു പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ രാത്രി പാര്‍ട്ടി വക്താവ് കെ സി ത്യാഗിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക