|    Nov 21 Wed, 2018 1:02 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ബിജെപിക്കെതിരേ മതേതര ശക്തികള്‍ ഒന്നിക്കണം: മണിശങ്കര്‍ അയ്യര്‍

Published : 13th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുന്നത് തടയാന്‍ മതേതര ശക്തികള്‍ ഒന്നിക്കണമെന്ന് മുന്‍ കേന്ദ്ര മന്ത്രി മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഇന്റര്‍നാഷനല്‍ സെന്ററില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ‘അസഹിഷ്ണുത ഇനി വയ്യ; ഫാഷിസത്തിനെതിരേ കൈകോര്‍ക്കാം’ എന്ന ദേശീയ കാംപയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അസഹിഷ്ണുത മുമ്പെങ്ങുമില്ലാത്ത രൂപത്തില്‍ വര്‍ധിച്ചുവരികയാണെന്നും നിരപരാധികള്‍ കൊല്ലപ്പെടുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ജുഡീഷ്യറിയിലേക്കുള്ള സര്‍ക്കാരിന്റെ കൈകടത്തല്‍ അതിഭീകരമാണ്. സര്‍ക്കാര്‍ നിയമപരമായ മാര്‍ഗത്തിലാണ് അധികാരത്തിലെത്തിയത് എങ്കിലും നിയമവിധേയമായല്ല പ്രവര്‍ത്തിക്കുന്നത്. ആറ് നൂറ്റാണ്ടിലധികം ഇന്ത്യയില്‍ മുസ്‌ലിം ഭരണമായിരുന്നപ്പോള്‍ അസഹിഷ്ണുത തീരെയുണ്ടായിരുന്നില്ല. ഹിന്ദുമതത്തിലെയും ബുദ്ധമതത്തിലെയും പ്രശസ്തരായ പണ്ഡിതന്‍മാര്‍ അക്കാലത്ത് സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, മോദി ഭരണത്തില്‍ അസഹിഷ്ണുത പൗരന്‍മാരുടെ ശ്വാസംമുട്ടിച്ചിരിക്കുകയാണ്. രാഷ്ട്രത്തിന്റെ മതേതര ജനാധിപത്യ സംവിധാനം സംരക്ഷിക്കാന്‍ യുവാക്കള്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.
ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് രാജ്യത്ത് ബലാല്‍സംഗവും സ്ത്രീകള്‍ക്കെതിരായ അക്രമവും നടക്കുന്നതെന്ന് അഡ്വ. ദീപിക രജാവത് പറഞ്ഞു. കഠ്‌വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി നിലകൊണ്ടതിനാല്‍ താന്‍ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി.
ജന്തര്‍മന്ദറില്‍ നടന്ന പൊതുസമ്മേളനം സ്വാമി അഗ്‌നിവേശ് ഉദ്ഘാടനം ചെയ്തു. വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ നരേന്ദ്രമോദി ഹിറ്റ്‌ലറെ അനുകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പശുവിന്റെ പേരില്‍ നിരപരാധികളെ കൊല്ലുന്നത് ആള്‍ക്കൂട്ടമല്ല ഭരണകൂടമാണ്. സ്ത്രീകള്‍ക്കും ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കും വേണ്ടി സംസാരിക്കുകയും മതേതരത്വത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നവരെ ഹിന്ദുക്കളുടെ ശത്രുവായി ആര്‍എസ്എസ് ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാംപസ് ഫ്രണ്ട് ദേശീയ വൈസ് പ്രസിഡന്റ് എം എസ് സാജിദ്, ഡോ. ഖാലിദ് ഖാന്‍, മുഹമ്മദ് തഫ്‌സീര്‍, അബ്ദു റഹ്മാന്‍, സാബി അഹ്മദ് സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss