ബിജെപിക്കെതിരേ ബദല്‍ സഖ്യം വേണം
Published : 2nd March 2018 | Posted By: kasim kzm
മുജീബ് പുള്ളിച്ചോല
മലപ്പുറം: ദേശീയതലത്തില്‍ ബിജെപിക്കെതിരേ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്ക് അതീതമായ ബദല്‍ സഖ്യം രൂപപ്പെടേണ്ടതുണ്ടെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(സിപിഐ)യുടെ 23ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം മലപ്പുറത്ത് ഇ ചന്ദ്രശേഖരന് നായര്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു ഒരു മണിക്കൂറോളം നീണ്ട റെഡ്ഡിയുടെ ഉദ്ഘാടന പ്രസംഗം. സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രാഷ്ട്രീയ സാഹചര്യങ്ങളും സ്വഭാവങ്ങളും നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള സഖ്യത്തേക്കാള്‍ പ്രധാനം പൊതുതാല്പര്യങ്ങളുടെ വേദിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിക്കെതിരായ കൂട്ടായ്മയെ തിരഞ്ഞെടുപ്പു സഖ്യമായി കാണേണ്ടതില്ല. സിപിഐ-സിപിഎം പാര്‍ട്ടികളുടെ ഐക്യം ഇക്കാര്യത്തില്‍ അനിവാര്യമാണ്. ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാവാം. എന്നാല്‍ അത് പെരുപ്പിച്ചുകാണിക്കേണ്ടതില്ല. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ ഈ രണ്ടു പാര്‍ട്ടികളും ഒന്നിക്കേണ്ടത് അനിവാര്യമാണ്. ദലിത്-ന്യൂനപക്ഷ വേട്ടയാണ് രാജ്യത്തു നടക്കുന്നതെന്നും ആര്‍എസ്എസ് തെളിക്കുന്ന വഴിയിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ ഭരണം നടത്തുന്നതെന്നും റെഡ്ഡി പറഞ്ഞു. പശുവിന്റെ പേരില്‍ മനുഷ്യന് കൊലചെയ്യപ്പെടുന്ന രാജ്യമായി ഇന്ത്യ മാറി.
ദലിതരും ന്യൂനപക്ഷവും പാവങ്ങളും രാജ്യത്ത് ആക്രമിക്കപ്പെടുന്നു. ന്യൂനപക്ഷ-ദലിത് വേട്ടയുടെ കാര്യസ്ഥനാണ് യുപി മുഖ്യമന്ത്രി. ഈ മുഖ്യമന്ത്രിയാണ് കേരളത്തിലെ ക്രമസമാധാനം തകര്‍ന്നുവെന്ന് വിലപിക്കുന്നത്. മോദിസര്‍ക്കാരിനെ നിയന്ത്രിക്കാന്‍ കഴിയാത്തത് നിസ്സഹായതയാണ്. ഇതില്‍ പ്രതീക്ഷ നല്‍കുന്നത് ഇടതുപക്ഷമാണ്. നവലിബറല്‍ നയങ്ങളാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കിയത്. കോണ്‍ഗ്രസ്സിന്റെ സാമ്പത്തികനയം തന്നെയാണ് ബിജെപി സര്‍ക്കാരും പിന്തുടരുന്നത്.
കോര്‍പറേറ്റ് മൂലധനശക്തികളാണ് രാജ്യത്തെ നിയന്ത്രിക്കുന്നത്. ഇവര്‍ പാവപ്പെട്ട ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കി. കോര്പറേറ്റ്ശക്തികളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള നയങ്ങള്‍ രൂപപ്പെടണം. അതിന് ഇടതുപക്ഷ ഐക്യം അത്യാവശ്യമാണ്. കോര്‍പറേറ്റ് കൊള്ളക്കാര്‍ക്കു വേണ്ടി ശബ്ദിക്കുന്നവരായി മാധ്യമങ്ങള്‍ മാറിയെന്നും സുധാകര്‍ റെഡ്ഡി കുറ്റപ്പെടുത്തി.
ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡി രാജ, പന്ന്യന്‍ രവീന്ദ്രന്, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ഇ ഇസ്മയില്‍, ബിനോയ് വിശ്വം, ആനി രാജ, സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്, എക്സിക്യൂട്ടീവ് അംഗം സി എ കുര്യന്, പാര്‍ട്ടി നേതാക്കളായ സി ദിവാകരന്, സത്യന് മൊകേരി തുടങ്ങിയവര്‍ പങ്കെടുത്തു.
മഞ്ചേരി പ്രഫ. പി ശ്രീധരന് സ്മൃതിമണ്ഡപത്തില്‍ നിന്നുള്ള ദീപശിഖ സമ്മേളനനഗരിയില്‍ കാനം രാജേന്ദ്രന്, കെ പി രാജേന്ദ്രന്, സി എ കുര്യന് എന്നിവര്‍ ചേര്‍ന്നു തെളിച്ചു. സി എ കുര്യന് പതാക ഉയര്‍ത്തി. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.