|    Dec 15 Sat, 2018 1:25 pm
FLASH NEWS
Home   >  National   >  

ബിജെപിക്കെതിരേ പടയൊരുക്കം: മായാവതിയും കെജ്‌രിവാളുമായി കൈകോര്‍ക്കാനൊരുങ്ങി കോണ്‍ഗ്രസ്

Published : 3rd June 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുമായും മധ്യപ്രദേശില്‍ മായാവതിയുടെ ബിഎസ്പിയുമായും കൈ കോര്‍ക്കാനൊരുങ്ങി കോണ്‍ഗ്രസ്. കഴിഞ്ഞ 15 വര്‍ഷം തുടര്‍ച്ചയായി മധ്യപ്രദേശില്‍ അധികാരം കൈയാളുന്ന ബിജെപിയില്‍ നിന്നു ഭരണം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം ബിഎസ്പിയുമായി സഹകരിക്കാനൊരുങ്ങുന്നത്. മധ്യപ്രദേശിലെ സഖ്യ ചര്‍ച്ചകളുടെ പ്രാരംഭഘട്ടം തുടങ്ങിക്കഴിഞ്ഞു. കര്‍ണാടകയില്‍ ജെഡിഎസുമായി ചേര്‍ന്ന് ബിജെപിയെ അകറ്റി നിര്‍ത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ഡല്‍ഹിയിലും ആം ആദ്മി പാര്‍ട്ടിയുമായും മധ്യപ്രദേശില്‍ ബിഎസ്പിയുമായും സഖ്യത്തിനൊരുങ്ങുന്നത്. പ്രതിപക്ഷ ശക്തികള്‍ ഒരുമിച്ചു നിന്നാല്‍ മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെതിരായ വികാരവും സംസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭങ്ങളും മുതലെടുത്ത് ബിജെപിയെ പരാജയപ്പെടുത്താമെന്നാണ് കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ 20 വര്‍ഷമായി ബിഎസ്പിക്കു സംസ്ഥാനത്ത് ലഭിച്ചു കൊണ്ടിരിക്കുന്ന ദലിത് വോട്ടുകളില്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ കണ്ണ്.

അതേസമയം, ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയതായാണ് റിപോര്‍ട്ടുകള്‍. സഖ്യ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതൃത്വം തങ്ങളെ സമീപിച്ചുവെന്ന് എഎപി നേതാവ് ദിലീപ് പാണ്ഡേ പറഞ്ഞു. എന്നാല്‍, സഖ്യത്തിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ഡല്‍ഹി ഘടകത്തിന് ഇക്കാര്യത്തില്‍ താല്‍പര്യമില്ലെന്നാണ് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്‍ പറഞ്ഞത്. അതേസമയം, കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് ചര്‍ച്ചകള്‍ക്കു മുന്നിട്ടിറങ്ങിയതെന്നാണ് വിവരം. ഏഴ് ലോക്‌സഭാ മണ്ഡലങ്ങളുള്ള ഡല്‍ഹിയില്‍ അഞ്ചു സീറ്റ് തങ്ങള്‍ക്ക് വേണമെന്നാണ് എഎപിയുടെ നിലപാട്. മൂന്നു സീറ്റെങ്കിലും തങ്ങള്‍ക്കു വേണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം. ന്യൂഡല്‍ഹി, ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എന്നീ സീറ്റുകള്‍ക്കായാണ് കോണ്‍ഗ്രസ് മുറുകെപ്പിടിക്കുന്നത്. നാലും മൂന്നും സീറ്റുകള്‍ എന്ന ധാരണയില്‍ ഇരുപാര്‍ട്ടികളും ധാരണയാവുമെന്നാണ് സൂചന.  ചര്‍ച്ചയ്ക്കായി എഎപി നേതൃത്വം തങ്ങളെ സമീപിക്കുകയായിരുന്നുവെന്നാണ് അജയ് മാക്കന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. മൂന്നു സീറ്റുകള്‍ നല്‍കിയാല്‍ പോലും കോണ്‍ഗ്രസ് ഡല്‍ഹി ഘടകത്തിന് ഇത് സമ്മതമല്ലെന്ന നിലപാടാണ് മാക്കന്‍ പറഞ്ഞത്. നരേന്ദ്ര മോദിക്ക് ഡല്‍ഹിയിലേക്കുള്ള വഴി ഒരുക്കി കോണ്‍ഗ്രസ്സിനെ എതിര്‍ത്തു നിന്നത് ആം ആദ്മി പാര്‍ട്ടിയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഡല്‍ഹിക്കു പുറത്ത് എല്ലായിടത്തും ആം ആദ്മി പാര്‍ട്ടിക്കു പരാജയമാണ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സുമായി സഖ്യം ഉണ്ടാക്കുക എന്നത് അവരുടെ ആവശ്യമാണ്. ഡല്‍ഹിക്കു പുറത്ത് ഒരിടത്തും ആം ആദ്മി പാര്‍ട്ടി ഇല്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി ഡല്‍ഹിയില്‍ ഒരു വികസനവും നടക്കുന്നില്ല. ഡല്‍ഹിയില്‍ ജനങ്ങള്‍ തിരസ്‌കരിച്ച് കൊണ്ടിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയെ രക്ഷപ്പെടുത്തേണ്ട ബാധ്യത കോണ്‍ഗ്രസ്സിനില്ലെന്ന അജയ് മാക്കന്റെ ട്വീറ്റിന് മറുപടിയായാണ് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാനായി കോണ്‍ഗ്രസ് നേതൃത്വം തങ്ങളെ സമീപിച്ചുവെന്ന് ദിലീപ് പാണ്ഡെ പറഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss