|    Nov 15 Thu, 2018 5:23 am
FLASH NEWS
Home   >  Kerala   >  

ബിജെപിക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കും ഒരേ നിറവും സ്വരവും; മന്ത്രി കെ ടി ജലീല്‍

Published : 23rd April 2018 | Posted By: sruthi srt

കോഴിക്കോട്: താനൂരില്‍ ഹര്‍ത്താലില്‍ തകര്‍ന്ന ചില കടകള്‍ മാത്രം സന്ദര്‍ശിച്ചു മന്ത്രി കെ ടി ജലീല്‍ ഹര്‍ത്താലിനു വര്‍ഗീയ നിറം നല്‍കിയെന്ന ലീഗിന്റേയും ജലീല്‍ രാജി വയ്ക്കണമെന്ന വെല്‍ഫയര്‍ പാര്‍ട്ടിയുടേയും ആരോപണത്തിനു മറുപടിയുമായി മന്ത്രി കെടി ജലീല്‍. വെല്‍ഫെയര്‍ പാര്‍ട്ടിക്കും ബിജെപിക്കും ഒരേ നിറവും സ്വരവുമാണെന്നും ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബിജെപിക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കും ഒരേ സ്വരം ഒരേ നിറം !.!
താനൂരിലുണ്ടായ അനിഷ്ട സംഭവങ്ങളോടുള്ള എന്റെ പ്രതികരണത്തില്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയും വി.മുരളീധരന്‍ എം.പി ഉള്‍പ്പടെയുള്ള ബി.ജെ.പി. നേതാക്കളും രംഗത്ത് വന്നത് ഞങ്ങളുടെ ഇടപെടലുകള്‍ ഫലം കണ്ടുവെന്നതിന്റെ സുവ്യക്തമായ സാക്ഷ്യപത്രങ്ങളായേ കാണാനാകു . കഴിഞ്ഞ ദിവസം നടന്ന ‘വ്യാജ ഹര്‍ത്താലി’ നെ വാര്‍ത്തകള്‍ നല്‍കി പ്രോല്‍സാഹിപ്പിച്ചും സോഷ്യല്‍ മീഡിയയില്‍ പിന്തുണ പറയാതെ പറഞ്ഞും വീട്ടിലിരിക്കുന്നവരെ തെരുവിലിറക്കിയത് കൊണ്ട് , വല്ല നേട്ടവുമുണ്ടായാല്‍ അത് കീശയിലാക്കാനും കോട്ടമുണ്ടായാല്‍ പാപഭാരം അങ്ങാടികളില്‍ അഴിഞ്ഞാടിയ ചെറുപ്പക്കാരുടെ പിരടിയില്‍ കെട്ടിവെച്ച് തടിയൂരാനും ലക്ഷ്യമിട്ട് ചില ബുദ്ധിരാക്ഷസന്‍മാര്‍ നടത്തിയ ഗിമ്മിക്കുകള്‍ കണ്ടവര്‍ക്കൊക്കെ പെട്ടന്ന് പിടികിട്ടിയിട്ടുണ്ടാകും . കൈ നനയാതെ മീന്‍പിടിക്കാനാകാത്തതിലെ ദു:ഖം മുഴുവന്‍ അവരുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട് . സംഘി ബന്ധമുണ്ടെന്ന് പറയപ്പെടുന്നവര്‍ കുഴിച്ച കുഴിയില്‍ പാവം ചെറുപ്പക്കാരെ ‘ധാര്‍മ്മിക പിന്തുണ’ നല്‍കി ചാടിച്ച വിരുതന്‍മാര്‍ (അക്കൂട്ടത്തില്‍ ചില ചാനലുകളും പെടും) ജാള്യത മറച്ചുവെക്കാന്‍ പെടാപ്പാട് പെടുന്നത് രസകരമാണ് .
താനൂരില്‍ പൂര്‍ണ്ണമായും തകര്‍ന്ന രണ്ടേരണ്ട് കച്ചവട സ്ഥാപനങ്ങളേയുളളു . ഒന്ന് കെ.ആര്‍ ബാലന്റെ കെ.ആര്‍ ബേക്കറിയും ചന്ദ്രന്റെ പടക്കക്കടയുമാണവ . സാധാരണ ഇത്തരമൊരു ഹര്‍ത്താലിന് സംഭവിക്കുന്ന ഒരു തോണ്ടലിനും പിച്ചലിലിനുമപ്പുറം തൊട്ടടുത്ത ദിവസം കട തുറക്കാനാകാത്ത വിധം മറ്റൊരു കടയിലും ഹര്‍ത്താലുകാരുടെ ആവേശ പ്രകടനത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല . ബി.ജെ.പിയും സംഘ് പരിവാരങ്ങളും ബാലേട്ടന്റെ ബേക്കറിയും ചന്ദ്രേട്ടന്റെ പടക്കക്കടയും പൂര്‍ണ്ണമായും തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് കോപ്പ് കൂട്ടാനും മലപ്പുറത്തിന്റെ മതേതര മുഖത്ത് കരിവാരിത്തേക്കാനും കൊണ്ട്പിടിച്ച് ശ്രമിക്കുന്നതിനിടയിലാണ് ഞങ്ങള്‍ താനൂരിലെത്തുന്നത് . കെ.ആര്‍ ബാലന്‍ ഇനി സ്ഥാപനം അവിടെ പുനരാരംഭിക്കാന്‍ താല്‍പര്യമില്ലെന്ന് ഞങ്ങളെ അറിയിച്ചു . അതെങ്ങാനും സംഭവിച്ചാല്‍ എന്താകുമായിരുന്നു സ്ഥിതിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ . എന്നന്നേകുമുള്ള കറുകറുത്ത പാടായി മലപ്പുറത്തിന്റെ മതേതര മുഖത്ത് അത് പരുപരുത്ത് നില്‍ക്കുമായിരുന്നു . അത്തരമൊരു സാഹചര്യം കണ്ടില്ലെന്ന് നടിച്ച് പതിവു സന്ദര്‍ശനമാക്കി
ഞങ്ങളുടെ സാന്നിദ്ധ്യത്തെ മാറ്റണമെന്നും ഒരെലയനക്കം പോലും സൃഷ്ടിക്കാതെ ഔദ്യോഗിക സംഘം മടങ്ങിപ്പോരണമെന്നും ആയിരുന്നു ഇരു സമുദായങ്ങളിലെയും പ്രതിലോമകാരികള്‍ ആഗ്രഹിച്ചത് . കുട്ടനെയും മുട്ടനെയും കൂട്ടിയിടിപ്പിച്ച് രക്തമൂറ്റിക്കുടിച്ച് തുള്ളിച്ചാടാന്‍ മോഹിച്ച കലാപക്കൊതിയര്‍ക്ക് ഞങ്ങളുടെ പ്രഖ്യാപനം ഇടിത്തീയായി അനുഭവപ്പെട്ടത് സ്വാഭാവികം .
മലപ്പുറം ജില്ലയുടെയും മലപ്പുറത്തെ ഭൂരിപക്ഷ സമുദായത്തിന്റെയും യശസ്സ് ഉയര്‍ത്താനേ ഞങ്ങള്‍ ശ്രമിച്ചുള്ളു . കേരളത്തിന്റെ പൊതുബോധം സര്‍വ്വാത്മനാ അതിനെ സ്വാഗതം ചെയ്യുകയും ചെയ്തു . ബിജെപി ഇതിനെ എതിര്‍ത്തത് അവരുടെ അനന്തമായ രാഷ്ട്രീയ സാധ്യതയുടെ കവാടങ്ങള്‍ അടയാന്‍ പ്രസ്തുത നീക്കം നിമിത്തമായി എന്നത് കൊണ്ടാണെന്ന് ആര്‍ക്കാണ് അറിയാത്തത് ? അതേ സമയം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഉറഞ്ഞ് തുള്ളല്‍ എന്തിന് വേണ്ടിയായിരുന്നു ? വല്ല കുഴപ്പവും പെറ്റുവീണ നാട്ടിലുണ്ടായാല്‍ ‘ഹുകൂമത്തേ ഇലാഹി’ യുടെ (ദൈവീക ഭരണക്രമം നിലനില്‍ക്കുന്ന) നാടുകളിലേക്ക് ‘ഹിജ്‌റ’ അഥവാ പലായനം നടത്താന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞേക്കാം . മലപ്പുറത്തെ തൊണ്ണൂറ്റി ഒന്‍പതേ മുക്കാല്‍ ശതമാനം വരുന്ന നിഷ്‌കപടരായ മനുഷ്യര്‍ എങ്ങോട്ട് പോകും ? അവര്‍ക്ക് പോകാനും വരാനും കിടക്കാനും മയങ്ങാനും അവസാനം ശാശ്വത നിദ്ര പൂകാനും ഈ മണ്ണല്ലേ ഉള്ളു . ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാവണം ഇങ്ങിനെയൊരു സല്‍കൃത്യത്തിലേക്കായി അഞ്ച് മിനുട്ടിനിടയില്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ച് കിട്ടിയ സുഹൃത്തുക്കള്‍ ഓരോരുത്തരും അവരവര്‍ക്ക് കഴിയുന്ന സംഖ്യ നല്‍കാമെന്നേറ്റത് . അവരുടെ പേരു വിവരങ്ങളാണ്കഴിഞ്ഞ ദിവസം എന്റെ എഫ്ബി പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നത് .
ഒരാളും ഞാന്‍ പങ്കുവെച്ച ആശയത്തോട് എതിര് പറഞ്ഞില്ലെന്നത് അവരിലൊക്കെ നിറഞ്ഞ് തുളുമ്പുന്ന നീതിബോധത്തിന്റെ പ്രതിഫലനമായിരുന്നു . ഇത്തരമൊരു സംരഭത്തില്‍ ഭാഗഭാക്കാകാന്‍ താല്‍പര്യമുള്ള എന്റെ സുഹൃത്ത് ചേന്നര സി.പി കുഞ്ഞിമൂസ ഉള്‍പ്പടെ നിരവധി പേരാണ് കാര്യങ്ങളറിഞ്ഞ് അവരുടെ സന്നദ്ധത അറിയിച്ച് പിന്നീട് വിളിച്ചത് . മതം ‘മദ’ത്തിന് വഴിമാറിക്കൊടുക്കാത്തവരുടെ സന്മനസ്സിന് ഇതിലധികം മറ്റെന്ത് തെളിവ് വേണം ? അക്രമിക്കപ്പെട്ട പത്തൊന്‍പത് കടകളില്‍ പതിനാറെണ്ണവും മുസ്ലിങ്ങളുടെ സ്ഥാപനങ്ങളാണെന്നും അവിടെയൊക്കെ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്നും വാര്‍ത്തകള്‍ പടച്ചു വിടുന്ന വെല്‍ഫെയര്‍കാര്‍ക്കും സംപ്രേക്ഷണം ചെയ്യുന്ന വഴിത്തിരിവ് ചാനലിനും ഉത്തമ ബോദ്ധ്യമുണ്ടെങ്കില്‍ ‘പരമത’ സ്‌നേഹികള്‍ക്ക് ചുട്ടമറുപടി കൊടുക്കാന്‍ ‘സ്വമത’ പ്രേമികള്‍ക്ക് മറ്റൊരു സഹായ നിധി രൂപീകരിച്ച് നഷ്ടം നികത്തിക്കൊടുക്കുന്നതിന് ആരും തടസ്സം നിന്നിട്ടില്ലല്ലോ ?
ലീഗിന്റെ മനപ്രയാസം ലീഗിനെ അടുത്തറിയുന്നവര്‍ക്ക് എളുപ്പം മനസ്സിലാക്കാനാകും . അവര്‍ ചെയ്യേണ്ടിയിരുന്ന ഒരു കാര്യം അവരെക്കാള്‍ കാര്യക്ഷമമായി യഥാസമയത്ത് യാഥാര്‍ത്യമാക്കാന്‍ ‘മുസ്ലിം വിരുദ്ധരെന്ന്’ ലീഗ് നാഴികക്ക് നാല്‍പത് വട്ടം ആരോപിക്കുന്നവര്‍ക്ക് സാധിച്ചത് അത്ര പെട്ടന്ന് സമുദായ സംഘടനക്ക് ദഹിക്കാനിടയില്ല . ആ ഈര്‍ഷ്യം ലീഗ് സ്‌നേഹിതന്‍മാര്‍ കരഞ്ഞ് തീര്‍ത്തല്ലേ പറ്റു .
ഞങ്ങളുടെ ഇടപെടല്‍ എങ്ങിനെയാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്കാര്‍ പ്രചരിപ്പിക്കും പോലെ മലപ്പുറത്തിന് അപകീര്‍ത്തികരമാവുക എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല . രാജ്യത്തിന് തന്നെ മാതൃകയാകുന്ന സല്‍കൃത്യത്തിനാണ് താനൂരില്‍ തുടക്കമിട്ടത് . മുസ്ലിം സമുദായത്തില്‍ ഒരു ന്യൂനാല്‍ ന്യൂനപക്ഷത്തിന്റെ പിന്തുണ പോലും അവകാശപ്പെടാന്‍ കഴിയാത്ത കടലാസു പാര്‍ട്ടിക്കാര്‍ക്ക് ഇതിനെതിരെ ഉറക്കെ ഉറക്കെ മതിവരുവോളം കുരക്കാം . ജനങ്ങളുടെ അകന്ന് കൊണ്ടിരിക്കുന്ന മനസ്സുകളെ അടുപ്പിക്കാന്‍ ഞങ്ങളെക്കൊണ്ടാവുന്നപ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ നടത്തിക്കൊണ്ടേ ഇരിക്കും . അതിന്റെ പേരില്‍ എത്ര ഭീകരമായി ഭല്‍സിക്കാന്‍ തുനിഞ്ഞാലും ഒരു പുല്ലു വിലപോലും അവക്കൊന്നും സമൂഹം കല്‍പിക്കില്ല . ശരിയെന്ന് തോന്നുന്ന പന്ഥാവിലൂടെ സധൈര്യം ഞങ്ങള്‍ മുന്നോട്ട് പോകും . കാലം സാക്ഷി , വിജയം ആര്‍ക്കെന്ന് കാത്തിരുന്ന് കാണാം . നിങ്ങള്‍ക്ക് നിങ്ങളുടെ വഴി ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss