|    Dec 12 Wed, 2018 9:12 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ബിജെപിക്കും ആര്‍എസ്എസിനും ആളെക്കൂട്ടാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു

Published : 21st November 2018 | Posted By: kasim kzm

പമ്പ: ശബരിമല വിഷയത്തില്‍ ബിജെപിക്കും ആര്‍എസ്എസിനും ആളിനെ കൂട്ടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ പിന്‍വലിക്കണം. നിരോധനാജ്ഞ പിന്‍വലിക്കുന്നത് വരെ യുഡിഎഫ് സമരരംഗത്ത് ഉണ്ടായിരിക്കും.
യുവതി പ്രശ്‌നമല്ല ശബരിമലയില്‍ നിലനില്‍ക്കുന്നത്, ഭക്തര്‍ക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതാണ് ഇവിടുത്തെ പ്രശ്‌നമെന്ന് ചെന്നിത്തല പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് സ്വാതന്ത്രത്തോടെ ശബരിമലയില്‍ എത്തുന്നതിന് കഴിയുന്നില്ല. ശബരിമലയെ കലാപഭൂമിയാക്കാനാണ് സര്‍ക്കാരും ബിജെപിയും ശ്രമിക്കുന്നത്. സാധാരണക്കാരനെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ല. ശബരിമലയിലെ സര്‍ക്കാരിന്റെ തലതിരിഞ്ഞ നടപടികള്‍ നേരിട്ട് കാണാനാണ് യുഡിഎഫ് സംഘം എത്തിയതെന്നും ചെന്നിത്തല പറഞ്ഞു.
ആര്‍എസ്എസുകാരോ ബിജെപിക്കാരോ പ്രശ്‌നമുണ്ടാക്കിയാല്‍ അവരെ അറസ്റ്റ് ചെയ്യുന്നതില്‍ തങ്ങള്‍ എതിരല്ല. കിരാതമായ നിലപാടാണ് പോലിസ് ശബരിമലയില്‍ സ്വീകരിക്കുന്നത്. കാനനപാതയിലൂടെ അയ്യപ്പന്‍മാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നില്ല. ഇവിടേക്ക് വരുന്ന അയ്യപ്പന്‍മാരെ 12-13 സ്ഥലങ്ങളില്‍ പരിശോധിച്ചാണ് സന്നിധാനത്തേക്ക് വിടുന്നത്. മനപ്പൂര്‍വം സര്‍ക്കാര്‍ ശബരിമലയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കോടിക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമലയില്‍ കുടിവെള്ളവും ശൗചാലയ സൗകര്യം എന്നിവ ഉള്‍പ്പെടെ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ സ്വന്തം പിടിപ്പുകേട് മറയ്ക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദാര്‍ഷ്ഠ്യമാണ് ശബരിമലയിലെ സ്ഥിതി സങ്കീര്‍ണമാക്കിയിരിക്കുന്നത്. ഭക്തര്‍ക്ക് സുരക്ഷ ഒരുക്കേണ്ട പോലിസ് അവരെ വരിഞ്ഞ് മുറുക്കിയിരിക്കുന്നു. ശബരിമലയിലെ നിരോധനാജ്ഞ എന്തിനുവേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss