|    Jan 20 Fri, 2017 11:31 am
FLASH NEWS

ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി: ‘മുഖ്യമന്ത്രിയടക്കമുള്ളവര്‍രാജിവയ്‌ക്കേണ്ടി വരും’

Published : 18th November 2015 | Posted By: G.A.G

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട സത്യങ്ങള്‍ മുഴുവന്‍ പുറത്തു പറഞ്ഞാല്‍ മുഖ്യമന്ത്രിയടക്കം മന്ത്രിസഭയിലെ ഉന്നതരായ ചിലര്‍ രാജിവയ്‌ക്കേണ്ടതായി വരുമെന്ന് സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഖജനാവിനു നഷ്ടമില്ലെന്ന വാദം തെറ്റാണെന്നും ഭരണതലത്തിലെ പണവും സ്വാധീനവും ദുരുപയോഗപ്പെടുത്തി ചിലര്‍ സര്‍ക്കാര്‍ ഖജനാവിലെ പണവും മറ്റും കൊള്ളയടിച്ചെന്നും സോളാര്‍ തട്ടിപ്പു സംബന്ധിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെ ബിജു രാധാകൃഷ്ണന്‍ മൊഴിനല്‍കി.

സര്‍ക്കാര്‍ പ്രൊജക്റ്റുകള്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പങ്കാളിത്ത വ്യവസ്ഥയില്‍ പല പ്രമുഖരും കോടികള്‍ തട്ടിയിട്ടുണ്ട്. അമ്മയെയും പെങ്ങളെയും തിരിച്ചറിയാനാവാത്ത ജനപ്രതിനിധികളില്‍ ചിലര്‍ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ട്. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ ജനപ്രതിനിധികള്‍ രാജിവച്ചു പുറത്ത് പോവേണ്ടി വരും. അല്ലെങ്കില്‍ ജനം അവരെ കല്ലെറിയും. സോളാര്‍ കമ്മീഷനു മുമ്പില്‍ 80 ശതമാനം കാര്യങ്ങളും ബോധിപ്പിച്ചിട്ടില്ല. കമ്മീഷനു മുന്നില്‍ എല്ലാ കാര്യങ്ങളും സത്യസന്ധമായി തുറന്നു പറയാന്‍ തയ്യാറാണെന്നും ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട്— പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തന്നെ രണ്ടര വര്‍ഷത്തിനകം പുറത്തിറക്കാമെന്ന വാഗ്ദാനം നല്‍കിയാണു വായടപ്പിച്ചത്. എന്നാല്‍, താന്‍ മണ്ടനാക്കപ്പെടുകയായിരുന്നു.

അമ്മയെയും തന്റെ ശാലുവിനെയും കാരണമില്ലാതെ പോലിസ് അറസ്റ്റ് ചെയ്തു. അവരെ പോലിസ്— വീണ്ടും പീഡിപ്പിക്കപ്പെടുമെന്ന ഭയമുണ്ട്. തന്റെ ഭാര്യ രശ്മി മരിക്കുമ്പോള്‍ മൂന്നരവയസ്സുകാരനായിരുന്ന മകന്‍ അന്നു മുതല്‍ രശ്മിയുടെ മാതാപിതാക്കളുടെ കൂടെയാണ്. അവരുടെ നിര്‍ബന്ധപ്രകാരമാണ് തനിക്കെതിരേ മകന്‍ മൊഴി നല്‍കിയത്. കേസുകള്‍ വാദിക്കാന്‍ തനിക്ക് അഭിഭാഷകനില്ല. എല്ലാ കേസും നേരിട്ടാണ് വാദിക്കുന്നത്. 23ന് തന്റെ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

അതിനാല്‍ത്തന്നെ കടുത്ത മാനസികസമ്മര്‍ദ്ദവുമുണ്ട്. അതുകൊണ്ട് 24നുശേഷമുള്ള ഏതെങ്കിലും ദിവസം കമ്മീഷനില്‍ ഹാജരാവാന്‍ അനുമതി നല്‍കണമെന്നും ബിജു കമ്മീഷനോട് അഭ്യര്‍ഥിച്ചു. കമ്മീഷനു മുമ്പാകെ ചില കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് അറിയിച്ച ബിജു തുടര്‍ന്ന് കമ്മീഷന് എഴുതി തയ്യാറാക്കി നല്‍കിയ അപേക്ഷയിലാണ് മുഖ്യമന്ത്രിക്കും മറ്റു പ്രമുഖര്‍ക്കുമെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. സോളാര്‍ കേസ് മൂലം സര്‍ക്കാരിനുണ്ടായ നഷ്ടങ്ങളെക്കുറിച്ചും ഭരണത്തിലുള്ള പ്രമുഖര്‍ എങ്ങനെയാണ് ടീം സോളാറുമായി ബന്ധപ്പെട്ടതും പ്രവര്‍ത്തിച്ചതും എന്നും ശാലുമേനോനു വേണ്ടി തുക വകമാറ്റിയതാണ് ടീം സോളര്‍ കമ്പനിയുടെ തകര്‍ച്ചയ്ക്കു കാരണമെന്ന സരിതയുടെ മൊഴിയെക്കുറിച്ചും എറണാകുളം ഗസ്റ്റ് ഹൗസിലെ അടച്ചിട്ടമുറിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ച, മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറും സരിതയുമായുള്ള ബന്ധം ടീം സോളാര്‍ നടത്തിപ്പിനെ ബാധിച്ചതെങ്ങനെ, താനും ശാലുമേനോനുമായുള്ള ബന്ധം എന്നിവ സംബന്ധിച്ച സത്യങ്ങളാണ് കമ്മീഷനു മുന്നില്‍ വെളിപ്പെടുത്താനുള്ളതെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.മാനസിക സംഘര്‍ഷമുള്ളതിനാല്‍ ബിജുവിന്റെ അപേക്ഷ പരിഗണിച്ചു വിസ്താരം നീട്ടിവയ്ക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു.

ഈ മാസം 30, ഡിസംബര്‍ ഒന്ന് തിയ്യതികളില്‍ ബിജുവിനെ ഹാജരാക്കാനാവശ്യപ്പെട്ട് നോട്ടീസയയ്ക്കാനും കമ്മീഷന്‍ തീരുമാനിച്ചു. 28ന് വീണ്ടും ബിജു രാധാകൃഷ്ണന്‍ കമ്മീഷനില്‍ മൊഴിനല്‍കാനെത്തും. സരിതാ എസ് നായര്‍ 26നു കമ്മീഷനില്‍ മൊഴി നല്‍കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക