|    Oct 17 Wed, 2018 12:03 am
FLASH NEWS

ബിജിമോള്‍ എംഎല്‍എയ്ക്കും സംഘത്തിനും ജാമ്യം

Published : 26th September 2017 | Posted By: fsq

 

പീരുമേട്: ഇടുക്കി എഡിഎമ്മിനെ തടയുകയും കൈയേറ്റം ചെയ്തു പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന കേസില്‍ ഇ എസ് ബിജിമോള്‍ എംഎല്‍എയ്ക്കും സംഘത്തിനും സ്വാഭാവിക ജാമ്യം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയത് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്തെടുത്ത കേസിലാണ് ജാമ്യം.കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 53 പേരില്‍ 42 പേര്‍ ഇന്നലെ പീരുമേട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായി. 2015 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെരുവന്താനം 35ാം മൈലില്‍ ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനിയില്‍ ഗേറ്റ് പുനസ്ഥാപിക്കാന്‍ കോടതി ഉത്തരവുമായി എത്തിയ അന്നത്തെ ഇടുക്കി എഡിഎം മോന്‍സ് പി അലക്‌സാണ്ടറെ ഗേറ്റ് സ്ഥാപിക്കുന്നതിനിടെ നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് തടയുകയായിരുന്നു. സംഭവത്തില്‍ ഇ എസ് ബിജിമോള്‍ എംഎല്‍എയ്ക്കു പുറമേ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം ടി തോമസ്, ഡിസിസി ജനറല്‍ സെക്രെട്ടറി ബെന്നി പെരുവന്താനം, സിപിഎം ലോക്കല്‍ സെക്രട്ടറി ആര്‍ ചന്ദ്രബാബു തുടങ്ങി കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെയായിരുന്നു അന്ന് കേസ്. സംഘര്‍ഷത്തിനിടെ കാലിനു പരിക്കേറ്റ എഡിഎം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികല്‍സ തേടിയിരുന്നു. എന്നാല്‍ എഡിഎമ്മിനെ കൈയേറ്റം ചെയ്തിട്ടില്ലെന്നും ജനങ്ങള്‍ക്കിടയില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നുമാണ് എംഎല്‍എ അന്ന് പറഞ്ഞത്. എന്നാല്‍ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചതോടെ സംഭവം നിയമ നടപടിയിലെത്തുകയായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ എഡിഎമ്മിനെ തള്ളിത്താഴെയിട്ടെന്നും കൃത്യനിര്‍വഹണത്തിനിടെ കൈയേറ്റം ചെയ്‌തെന്നുമാണ് ഇ എസ് ബിജിമോള്‍ ഒന്നാം പ്രതിയായ കേസ്. പെരുവന്താനം പോലിസില്‍ പരാതി നല്‍കിയിട്ടും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലന്നും അന്വേഷണത്തില്‍ പോലിസ് അലംഭാവം കാട്ടുന്നതായും ചൂണ്ടിക്കാട്ടി എഡിഎം ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് കേസ് 2015 സപ്തംബറില്‍ െ്രെകം ബ്രാഞ്ചിനു കൈമാറുകയായിരുന്നു. 2016 ഫെബ്രുവരിയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവണമെന്നു കാട്ടി പ്രതിചേര്‍ത്തവര്‍ക്ക് െ്രെകംബ്രാഞ്ചിന്റെ നോട്ടീസ് കിട്ടി. ഇതിനിടെ ഇ എസ് ബിജിമോള്‍ ഒളിവിലാണെന്നും ഔദ്യോഗിക വിശദീകരണമെത്തി. കേസില്‍ അറസ്റ്റ് ആവശ്യമില്ലെന്ന് കരുതാന്‍ കാരണമെന്താണെന്ന ഹൈക്കോടതിയുടെ പരാമര്‍ശവും കേസിനെ ശ്രദ്ധേയമാക്കിയിരുന്നു. കേസില്‍ അകപ്പെട്ട ചില കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജിമോള്‍ക്കൊപ്പം ഇന്നലെ ജാമ്യം നേടിയതില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss