|    Nov 15 Thu, 2018 4:37 pm
FLASH NEWS
Home   >  Blogs   >  

ബിഗ് സ്‌ക്രീനിലും ബലാല്‍സംഗകാലം

Published : 7th May 2016 | Posted By: G.A.G

ramadan700

ഇതു സ്ത്രീപീഡനങ്ങളുടെ കാലമാണ്. വീട്ടിലും ബസ്സിലും കാട്ടിലും റോട്ടിലുമെല്ലാം പെണ്‍കുട്ടികള്‍ റേപ് ചെയ്യപ്പെടുന്നു. അത് വായിച്ച് ആസ്വദിക്കുന്നവര്‍ക്ക് പക്ഷേ അയല്‍പക്കത്ത് പീഡനം നടന്നാലും തന്റെ ബന്ധുവിനെയല്ലല്ലോ എന്ന നിലപാടാണ്. ജിഷ എന്ന നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി പിച്ചിച്ചീന്തിയപ്പോള്‍ ശബ്ദം കേട്ടിട്ടും തിരിഞ്ഞുനോക്കാതിരുന്ന അയല്‍വാസികള്‍ മാറുന്ന മലയാളി മനസ്സിനെയാണ് അടയാളപ്പെടുത്തുന്നത്.
പീഡനങ്ങള്‍ സിനിമയിലും വിഷയമായിട്ടുണ്ട്. ബാലന്‍ കെ നായരെ പോലെ പ്രശസ്തരായ ഒട്ടേറെ നടന്‍മാര്‍ ബലാല്‍സംഗവീരന്‍മാരായാണ് മലയാളി സ്ത്രീകളുടെ മനസ്സില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. സിനിമയിലെ വില്ലന്‍ പലപ്പോഴും ജീവിതത്തില്‍ മാന്യനായിരിക്കും എന്നത് ആരോര്‍ക്കുന്നു.
ചെന്നൈ നഗരം. വൈകീട്ട് ജോലി കഴിഞ്ഞ് ഓഫിസില്‍ നിന്നു മടങ്ങുകയാണ് ഐ.ടി കമ്പനി സ്റ്റാഫായ രാജി.

എന്നാല്‍ അവള്‍ വീട്ടിലെത്തുന്നില്ല. അമ്മ കരഞ്ഞുകൊണ്ട് പോലിസില്‍ പരാതി പറയാനെത്തുന്നു. കേസ് അന്വേഷിച്ച ഡെപ്യൂട്ടി കമ്മീഷണര്‍ വിജയ് കുമാര്‍ പ്രതിയെ കണ്ടെത്തുന്നു. മന്ത്രിപുത്രനായ അശ്വിനായിരുന്നു അത്. എന്നാല്‍ പ്രതിയെ നിയമത്തിനു വിട്ടുകൊടുക്കാതെ ക്രൂരമായി മര്‍ദിച്ച് കൊന്ന് പാലത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു പോലിസ് ഓഫിസര്‍. ആരാരുമില്ലാത്ത രാജിയെ സ്വന്തം സഹോദരിയായി കണ്ട് ഒരു സഹോദരന്റെ പ്രതികാരം നടപ്പാക്കുകയായിരുന്നു അവിടെ.theri

വിജയ് നായകനായ അറ്റ്‌ലീ ചിത്രം ‘തെരി’യിലെ ഈ കഥ സിനിമയില്‍ മാത്രം സാധ്യമായ പ്രതികാരമാവാം. രാജിയെ അതി ക്രൂരമായാണ് മാനഭംഗപ്പെടുത്തിയത്. പിച്ചിച്ചീന്തി ആറ്റിലെറിയുകയായിരുന്നു അധികാര തിമിരം ബാധിച്ച മന്ത്രിപുത്രന്‍. എന്നാല്‍ അതിലും ഭീകരമായാണ് പെരുമ്പാവൂരിലെ ജിഷ കൊല്ലപ്പെട്ടിരിക്കുന്നത്. നിര്‍ഭയ കേസിലുണ്ടായതിനെക്കാള്‍ ഭീകരമായി, ഒരു മനുഷ്യനും സഹജീവിയോട് ചെയ്യാത്ത രീതിയില്‍ കടിച്ചുപറിച്ച് ആന്തരാവയവങ്ങള്‍ പുറത്തുചാടിച്ച് ഒരു കൊലപാതകം. മൃതദേഹത്തിലാണ് കാമം തീര്‍ത്തതെന്നും കേള്‍ക്കുന്നു. ഇവിടെയാണ് കലിയുടെ പ്രസക്തി.
തിന്‍മയോടുള്ള കലിപ്പ് മനുഷ്യസഹജമാണ്. എന്നാലത് മാറി വയലന്‍സ് ആസ്വദിക്കാനുള്ളതാണ് എന്ന ചിന്ത പകര്‍ന്നതില്‍ ചലച്ചിത്രങ്ങള്‍ക്കു വലിയ പങ്കുണ്ട്. പട്ടാപ്പകല്‍ നടക്കുന്ന കൊലപാതകം നിസ്സംഗതയോടെ കണ്ടാസ്വദിക്കുന്ന മലയാളിയെ കേരളം ഈയടുത്ത് കണ്ടതാണ്. ആരെങ്കിലും തടയാന്‍ പോയാല്‍ അവനെ രസംകൊല്ലിയായി കാണുന്ന, ആ പശ്ചാത്തലത്തില്‍ ഒരു സെല്‍ഫിയെടുത്ത് ഫേസ്ബുക്കിലിടുന്ന തലമുറക്ക് ആരോട് കലിപ്പുണ്ടാവാന്‍!.
കലി മനുഷ്യനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ സരസമായി പറഞ്ഞ സിനിമയാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കലി’. സമീര്‍ താഹിര്‍ സംവിധാനം ചെയ്ത സിനിമ കലിപ്പ് ഒരു നല്ല ഗുണമല്ലെന്നു ബോധ്യപ്പെടുത്തുകയാണ്. ദാമ്പത്യജീവിതത്തെ അത് എങ്ങനെ തകര്‍ക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കലിപ്പ് ഒട്ടുമില്ലെങ്കില്‍ ആണാണെന്നു പറയാനൊക്കുമോ?

kali-movie

വിടില്ല ഞാന്‍ എന്നും പറഞ്ഞ് തന്റെ സുന്ദരിയായ ഭാര്യയുടെ ശരീരം കൊതിച്ച് വട്ടമിട്ടു നടക്കുന്ന ലോറി ഡ്രൈവറെയും അന്യനാട്ടിലെ ഒറ്റപ്പെട്ട തുരുത്തിലുള്ള റസ്റ്റോറന്റില്‍ ഭാര്യയെ നോട്ടമിടുന്ന അലമ്പ് ടീമിനെയും നേരിടുന്ന യുവാവാണ് കലിയിലെ നായകന്‍ സിദ്ധാര്‍ഥ്. പക്ഷേ സായുധരായ ഒരു സംഘത്തെ ഒറ്റയ്ക്കു നേരിടാന്‍ എത്ര കലിപ്പുള്ള നായകനും സാധിക്കില്ല. സിനിമയല്ലല്ലോ ജീവിതം.
ചിലപ്പോള്‍ പെണ്ണിനും കാണും കലിപ്പ്. അവളത് പ്രകടിപ്പിക്കുന്നത് മറ്റൊരു രീതിയിലാവും.

എ.കെ സാജന്‍ സംവിധാനം ചെയ്ത മമ്മുട്ടി ചിത്രം ‘പുതിയ നിയമം’ അടുത്ത കാലത്ത് മലയാളത്തില്‍ വന്ന മികച്ച കലിപ്പ് പടമാണ്. ചിത്രത്തില്‍ നയന്‍താര അവതരിപ്പിച്ച വാസുകിയുടെ നിഴല് മാത്രമായി മാറുന്നു നായകന്‍. എല്ലാം നടന്നത് നായകന്റെ ബുദ്ധിയിലാണെന്ന സൂപ്പര്‍ സ്റ്റാര്‍ഡം മാറ്റിവച്ചാല്‍ ഇതൊരു ഗംഭീര സ്ത്രീപക്ഷ സിനിമയാണ്. റേപ് തന്നെയാണ് പ്രമേയം. ആളുകള്‍ ഫഌറ്റ് ജീവിതത്തിലേക്കു മാറുന്ന ഇക്കാലത്ത് പ്രസക്തമായ വിഷയമാണ് സിനിമ കൈകാര്യംചെയ്യുന്നത്. ഭര്‍ത്താവ് ജോലിസ്ഥലത്തേക്കും മക്കള്‍ സ്‌കൂളിലേക്കും പോയാല്‍ ഫഌറ്റില്‍ തനിച്ചാകുന്ന വീട്ടമ്മയുടെ കാര്യം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പട്ടാപ്പകലാണല്ലോ ജിഷ ബലാല്‍സംഗത്തിനിരയായത്! അതേപോലെ വാസുകിയുടെ ജീവിതത്തിലും സംഭവിച്ചു. ബഹുനില കെട്ടിടത്തില്‍ ഓരോ കുടുംബത്തിനും ഓരോ ഫഌറ്റുണ്ടാകുമെങ്കിലും അവിടെ റൂഫ് പോലെ പൊതുവായ ചില ഇടങ്ങളുണ്ട്. സ്ത്രീകള്‍ അലക്കിയ വസ്ത്രങ്ങള്‍ ആറിയിടാന്‍ മുകളില്‍ കെട്ടിയ അയലിനെയാണ് ആശ്രയിക്കുക. വാസുകി പതിവുപോലെ വസ്ത്രം അലക്കി ആറിയിടുകയായിരുന്നു. തിരിച്ചുപോരാനൊരുങ്ങുമ്പോള്‍ സമീപത്തെ ഫഌറ്റിലെ രണ്ടു യുവാക്കള്‍, ആര്യനും സുദീപും അവളെ വളയുന്നു. രണ്ടുപേരും കഞ്ചാവ് ഉപയോഗിക്കുന്നവരാണ്. സുബോധം നഷ്ടപ്പെട്ട അവര്‍ വാസുകിയെ ബലാല്‍സംഗം ചെയ്യുന്നു. വാസുകി രക്ഷക്കായി കെഞ്ചുന്നതു കണ്ട് തമിഴനായ ഇസ്തിരിപ്പണക്കാരന്‍ പച്ചഭസ്മവും അവിടെയെത്തുന്നു. വാസുകിയെ മുഖത്തടിച്ച് വീഴ്ത്തി അയാളും ആ യുവതിയുടെ ശരീരത്തില്‍ മേയുന്നു. ആസൂത്രിതമായ ഒരു കൂട്ട മാനഭംഗം. അവരെ വാസുകി മനശ്ശാസ്ത്രപരമായി കീഴ്‌പ്പെടുത്തി ആത്മാഹുതി ചെയ്യിക്കുകയാണ് സിനിമയില്‍. ഈ പ്രതികാരം ഇന്നത്തെ യുവാക്കള്‍ക്കിടയില്‍ വേവുന്ന പരിപ്പല്ലെന്നു തോന്നുന്നു. എന്നാല്‍ ഫഌറ്റുകളിലും കൂട്ടമാനഭംഗങ്ങള്‍ നടക്കുന്നു, അതിനു പ്രേരിപ്പിക്കുന്നത് മദ്യവും മയക്കുമരുന്നുമാണ് എന്നത് സത്യമാണ്.

puthiya_niyamam03
ബലാല്‍സംഗി ഒരുപക്ഷേ അന്യസംസ്ഥാന തൊഴിലാളിയാവാം. അല്ലെങ്കില്‍ കേരളമെന്നു കേട്ടാല്‍ സിരകളില്‍ ചോര തിളക്കുന്ന ദേശസ്‌നേഹിയായ മലയാളിയാവാം. രണ്ടായാലും നശിപ്പിക്കപ്പെടുന്നത് സ്ത്രീശരീരമാണ്. ഒരു അമ്മയുടെ, ഒരു സഹോദരിയുടെ, ഒരു മകളുടെ ജീവിതമാണ്.
വസ്ത്രം മാറുന്നതോ കുളിസീനോ പോലുള്ള സ്വകാര്യ നിമിഷങ്ങള്‍ സെല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പലതവണ മാനഭംഗത്തിനിരയാക്കുന്ന സംഭവങ്ങളുമുണ്ട്. ബലാല്‍സംഗം ചെയ്യപ്പെടുന്നതോടെ സ്ത്രീജീവിതം അവസാനിപ്പിക്കേണ്ടതുണ്ടോ എന്ന പ്രസക്തമായ ഒരു ചോദ്യം ഇവിടെ ഉയരുന്നു. ആത്മാഹുതി ഒരു പരിഹാരമല്ലെന്ന തിരിച്ചറിവാണ് ആവശ്യം. ഒന്നു കുളിച്ചാല്‍ തീരാവുന്ന അശുദ്ധിയേ തന്റെ ദേഹത്തുള്ളൂവെന്ന് സ്ത്രീ മനസ്സിലാക്കിയാല്‍ അവള്‍ക്ക് പിന്നെയും ജീവിതം മുന്നോട്ടു കൊണ്ടുപോകാം. പ്രതിക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കണമെങ്കിലും അവള്‍ ജീവിച്ചിരുന്നേ മതിയാവൂ. ഈ ഒരു ബോധം പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും പകര്‍ന്നുകൊടുക്കാന്‍ സാധിക്കണം. അപ്പോഴേ മൊബൈല്‍ ക്ലിപ് ഉണ്ടെന്ന് പറഞ്ഞാലും റേപിസ്റ്റിന് വഴങ്ങാതിരിക്കാന്‍ അവള്‍ക്ക് തന്റേടമുണ്ടാവൂ. ചുണയുണ്ടെങ്കില്‍ നീ ഇന്റര്‍നെറ്റിലിട്, സൈബര്‍ പോലിസില്‍ ഞാന്‍ പരാതി കൊടുക്കും. അതോടെ നിന്റെ കാര്യത്തില്‍ തീരുമാനമാകുമെന്ന് ചങ്കൂറ്റത്തോടെ വിടന്റെ കണ്ണില്‍ നോക്കി പറയാനുള്ള ധൈര്യം പെണ്ണിനുണ്ടാവണം. ‘പുതിയ നിയമം’ ആ അര്‍ഥത്തില്‍ ഒരു സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി മാറുന്നു. പ്രായോഗികമായി ബലാല്‍സംഗിയെ പരാജയപ്പെടുത്താനുള്ള വിദ്യകളുമായി കൂടുതല്‍ സിനിമകള്‍ പിറന്നുവീഴട്ടെ!

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss