|    Jul 19 Thu, 2018 9:39 am
FLASH NEWS

ബിഎസ്എന്‍എല്‍ സിം ആധാറുമായി ബന്ധിപ്പിക്കല്‍ ; കുമളിയില്‍ അനധികൃത പണപ്പിരിവ്

Published : 11th August 2017 | Posted By: fsq

 

കുമളി: ബിഎസ്എന്‍എല്‍ സിം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന്റെപേരില്‍ വ്യാപകമായ പണപ്പിരിവ് നടക്കുന്നതായി പരാതി. ബിഎസ്എന്‍എല്‍ അധികൃതരുടെ മൗനാനുവാദത്തോടെയാണ് പകല്‍ക്കൊള്ള നടക്കുന്നതെന്നാണു നാട്ടുകാരുടെ ആക്ഷേപം. രാജ്യത്തെ എല്ലാ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ മറവിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആളുകളില്‍ നിന്ന് ഓരോ കണക്ഷനും ഇരുപത് രൂപാ വീതം ഈടാക്കി ആധാര്‍ ബന്ധിപ്പിക്കല്‍ ജോലികള്‍ നടക്കുന്നത്. ഇന്നലെ മാത്രം കുമളിയിലെ നിരവധി ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് 04842385821 എന്ന നമ്പരില്‍ നിന്ന് ആധാര്‍ ബന്ധിപ്പിക്കാള്ള നിര്‍ദേശം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് എത്തിയ ആളുകളില്‍ നിന്നുമാണ് സ്വകാര്യ വ്യക്തികള്‍ പണം ഈടാക്കി അധാര്‍ ബന്ധിപ്പിച്ചു നല്‍കിയത്. ഇന്നലെ ഉച്ചയോടെ കുമളി ഒന്നാം മൈലില്‍ ബിഎസ്എന്‍എല്ലിന്റെ ലോഗോ പതിച്ച ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തീവെട്ടിക്കൊള്ള അരങ്ങേറിയത്. ബിഎസ്എന്‍എല്ലിന്റെ എറണാകുളത്തെ ഓഫിസില്‍ നിന്നു ഫോണ്‍ സന്ദേശം ലഭിച്ചതിനാല്‍ മറ്റൊന്നും ചിന്തിക്കാതെ പണം നല്‍കി ആധാര്‍ ബന്ധിപ്പിക്കല്‍ നടത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് തട്ടിപ്പിനിരയായത്. ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ സിം കാര്‍ഡുകള്‍ കട്ടായി പോകുമെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ആളുകള്‍ ആവശ്യപ്പെടുന്ന പണം നല്‍കി ഇതിനു തയ്യാറായത്. എന്നാല്‍ തട്ടിപ്പ് ചോദ്യം ചെയ്തതോടെ ഇവര്‍ ഇവിടെ നിന്നുസ്ഥലം വിടുകയായിരുന്നു. ഇതേ സമയം സ്വകാര്യ ടെലികോം കമ്പനികള്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കുകയാണു ചെയ്യുന്നത്. എന്നാല്‍ സിം കാര്‍ഡുകള്‍ സൗജന്യമായി ബന്ധിപ്പിക്കാനുള്ള കസ്റ്റമര്‍ കെയര്‍ സെന്ററുകളില്‍ ഏര്‍പ്പെടുത്തിയതിനോടൊപ്പം ഫ്രാഞ്ചൈസികള്‍ക്ക് നിശ്ചിത തുക ഓരോ കണക്ഷനും നല്‍കുന്നുണ്ടെന്നുമാണ് ബിഎസ്എന്‍എല്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഫ്രാഞ്ചൈസികള്‍ ഇതിനായി പണം വാങ്ങുന്നതില്‍ തെറ്റില്ലെന്നുമാണ് ബിഎസ്എന്‍എല്‍ അധികൃതരുടെ അവകാശവാദം. എന്നാല്‍ ബിഎസ്എന്‍എല്‍ സൗജന്യ സേവനം ചെയ്യുമ്പോള്‍ അത് പ്രോല്‍സാഹിപ്പിക്കാതെ സ്വകാര്യ വ്യക്തികളുടെ സാമ്പത്തിക നേട്ടത്തിനുവേണ്ടി ബിഎസ്എന്‍എല്ലിന്റെ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss