|    Oct 17 Tue, 2017 1:23 pm

ബിഎസ്ഇഎസ് താപവൈദ്യുതിനിലയം അടച്ചുപൂട്ടുന്നു

Published : 17th November 2016 | Posted By: SMR

കളമശ്ശേരി: കെഎസ്ഇബിയുമായുള്ള വൈദ്യുതി വാങ്ങല്‍ കരാര്‍ പുതുക്കുന്നതില്‍ വന്നിട്ടുള്ള അനിശ്ചിതത്വവും കാലതാമസവും മൂലം ഉദ്യോഗമണ്ഡലില്‍ പ്രവര്‍ത്തിക്കുന്ന ബിഎസ്ഇഎസ് താപവൈദ്യുതിനിലയം അടച്ചുപൂട്ടുന്നു. ജീവനക്കാരെ പിരിച്ചുവിടാനും യന്ത്രസാമഗ്രികള്‍ നീക്കംചെയ്യാനുമുള്ള നടപടികള്‍ തുടങ്ങി. കേരളത്തിലെ വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനായി 1995ല്‍ കേരളസര്‍ക്കാര്‍ ആഗോള ടെന്‍ഡറിലൂടെ വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചതിനെത്തുടര്‍ന്നാണ് നിലയം നിലവില്‍വന്നത്. വൈദ്യുതി വാങ്ങല്‍ കരാറിന്റെ 15 വര്‍ഷത്തെ പ്രഥമഘട്ടം 2015 ഒക്ടോബര്‍ 31ന് പൂര്‍ത്തിയായി. 15വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ഉഭയകക്ഷി സമ്മതപ്രകാരമുള്ള നിരക്ക് അനുസരിച്ച് അടുത്ത പത്തുവര്‍ഷത്തേക്കുകൂടി പുതുക്കാന്‍ കരാര്‍ വ്യവസ്ഥചെയ്യുന്നുണ്ട്. ദ്രവീകൃത പ്രകൃതിവാതകം(എല്‍എന്‍ജി) കൊച്ചിയില്‍ ലഭ്യമാവുമ്പോള്‍ ബിഎസ്ഇഎസ് നിലയം വാതകാടിസ്ഥാനത്തില്‍ പരിവര്‍ത്തനപ്പെടുത്താനും കരാര്‍ നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ വൈദ്യുതി വാങ്ങല്‍ കരാര്‍ പുതുക്കുന്നതിന് കെഎസ്ഇബിഎല്‍ തയ്യാറാവാത്തതിനാല്‍ വൈദ്യുതിനിലയം നിലനിര്‍ത്തുന്നതിനാവശ്യമായ സ്ഥിരം ചാര്‍ജ് കഴിഞ്ഞ ഒരുവര്‍ഷമായി ബിഎസ്ഇഎസിന് ലഭിച്ചിട്ടില്ല. എങ്കിലും നാളിതുവരെ വരുമാനമൊന്നുമില്ലാതെ തന്നെ ജീവനക്കാരെ മുഴുവന്‍ നിലനിര്‍ത്തിക്കൊണ്ട് കമ്പനിനിലയത്തിന്റെ ലഭ്യത ഉറപ്പാക്കിവരുന്നു. ബിഎസ്ഇഎസ് സമ്മതിച്ചിരിക്കുന്ന ഫിക്‌സഡ് ചാര്‍ജ് വിദ്യുച്ഛക്തി ഉല്‍പാദന മേഖലയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് എന്ന് എടുത്തുപറയേണ്ട ഒന്നാണ് എന്ന് യൂനിയന്‍ പറയുന്നു. കായംകുളത്തെ 360 മെഗാവാട്ട് താപനിലയത്തിന് കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച സ്ഥിരം ചാര്‍ജായ 298 കോടിരൂപ(യൂനിറ്റ് ഒന്നിന് 1.11രൂപ)യുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബിഎസ്ഇഎസ് സമ്മതിച്ചിരിക്കുന്ന സ്ഥിരം ചാര്‍ജ് പ്രതിവര്‍ഷം 38 കോടിരൂപ(യൂനിറ്റ് ഒന്നിന് 34 പൈസ)യാണ്. ഇത് വൈദ്യുതി ബോര്‍ഡിന് കൂടുതല്‍ ലാഭകരമാണ്. യൂനിറ്റ് അടിസ്ഥാനത്തില്‍ ഇന്ധനചെലവിന്റെ കാര്യമെടുത്താല്‍ ബിഎസ്ഇഎസ് നിലയത്തിന്റെ കരാര്‍ സംസ്ഥാനത്തെ സമാനപ്ലാന്റുകളെ അപേക്ഷിച്ച് ഏറ്റവുംകുറഞ്ഞ ഇന്ധനചെലവ് ഉറപ്പാക്കുന്നുണ്ട്. പെട്രോനെറ്റ്-എല്‍എന്‍ജിയുടെ കൊച്ചി-പുതുവൈപ്പ് വാതകപൈപ്പ്‌ലൈന്‍ ബിഎസ്ഇഎസ് നിലയത്തിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളതും പ്ലാന്റിലേക്ക് വാതകം നല്‍കാനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ എല്ലാം ഇതിനകം തന്നെ സ്ഥാപിച്ചിട്ടുള്ളതുമാണ്. ഇത്തരത്തില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് വാതകലഭ്യത ഉറപ്പാക്കിയിട്ടുള്ള സംസ്ഥാനത്തെ ഏക താപവൈദ്യുത നിലയമാണ് ബിഎസ്ഇഎസ്. പ്രകൃതിവാതകം ഉപയോഗപ്പെടുത്തി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് കെഎസ്ഇബിഎല്‍ നല്‍കേണ്ടിവരുന്ന തുക നാഫ്തയെ അപേക്ഷിച്ച് ഗണ്യമായ കുറവായിരിക്കും. കെഎസ്ഇബിഎലിന്റെ അനുവാദം ലഭിച്ചാല്‍ ആറുമാസത്തിനകം നിലയത്തിന്റെ വാതകപരിവര്‍ത്തനം പൂര്‍ത്തിയാക്കാം. നിലയം എല്‍എന്‍ജിയിലേക്ക് മാറ്റിയാല്‍ യൂനിറ്റിന് ഏകദേശം അഞ്ചുരൂപ നിരക്കില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. മെച്ചപ്പെട്ട പാരിസ്ഥിതിക ഗുണനിലവാരവും സുരക്ഷിതത്വവും ഉണ്ടായിരുന്നിട്ടും താരതമ്യേന കുറഞ്ഞനിരക്കില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന ഇന്ധനമായ പ്രകൃതിവാതകത്തിലേക്ക് മാറ്റുന്നതിനുള്ള ബിഎസ്ഇഎസിന്റെ നിര്‍ദേശം കഴിഞ്ഞ രണ്ടുവര്‍ഷമായി കെഎസ്ഇബിഎല്‍ തീരുമാനമാവാതെ കിടക്കുന്നു. ഇതിനാല്‍ ഈ നിലയത്തില്‍ ഗെയില്‍ ഇന്ത്യ സ്ഥാപിച്ചിട്ടുള്ള വാതകവിതരണ സംവിധാനങ്ങള്‍ മറ്റു സംസ്ഥാനത്തേക്കു മാറ്റി സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മഴക്കുറവുമൂലം ജലവൈദ്യുതി ഉല്‍പാദനത്തില്‍ ഈവര്‍ഷം 50 ശതമാനത്തോളം കുറവു പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത വേനലില്‍ സംസ്ഥാനത്ത് അതിരൂക്ഷമായ ജല ദൗര്‍ലഭ്യത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് വൈദ്യുതി ഉല്‍പാദനത്തിന് ബിഎസ് ഇഎസ് ഉള്‍പെടെയുള്ള മറ്റു സ്രോതസ്സുകളെ ഉപയോഗിച്ചാല്‍ കാര്‍ഷിക ആവശ്യത്തിനും കുടിവെള്ളത്തിനും വേണ്ടി അണക്കെട്ടുകളിലെ ജലം ഉപയോഗിക്കാന്‍ കഴിയും. വൈദ്യുതി വാങ്ങല്‍ കരാര്‍ പുതുക്കാത്തതിനാല്‍ കരാര്‍ പ്രകാരം ബിഎസ്ഇഎസ് വാങ്ങി സൂക്ഷിച്ചിരിക്കുന്ന 50 കോടി രൂപയിലേറെ വിലവരുന്ന ഇന്ധനത്തിന്റെ വിലയും പലിശയും മെയിന്റനന്‍സ് ചെലവുകളും ജീവനക്കാരുടെ വേതനവും അനിശ്ചിതത്വത്തിലായതോടെ നിലയം അടച്ചുപൂട്ടാനുള്ള തീരുമാനം മാനേജ്‌മെന്റ് യൂനിയനുകളെ അറിയിച്ചുകഴിഞ്ഞു. ഇതോടെ താപവൈദ്യുത നിലയത്തില്‍ പണിയെടുക്കുന്ന നൂറ്റിയമ്പതോളം വരുന്ന ജീവനക്കാരുടെ ജോലിയും നഷ്ടമാവുമെന്ന് ഉറപ്പായി. ബിഎസ്ഇഎസില്‍നിന്നും വൈദ്യുതി വാങ്ങാന്‍ കരാര്‍ പുതുക്കാനും നിലയം എല്‍എന്‍ജിയിലേക്ക് പരിവര്‍ത്തനപ്പെടുത്തി സംസ്ഥാനത്തിന്റെ വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യത്തിന് ഉപകരിക്കുംവിധം ബിഎസ്ഇഎസ് തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനം കൈക്കൊള്ളണമെന്ന് യൂനിയനുകള്‍ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും നിവേദനം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക