|    Feb 22 Thu, 2018 4:07 pm
FLASH NEWS

ബിഇഎംഎല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണം: വിഎസ്

Published : 24th January 2017 | Posted By: fsq

 

തിരുവനന്തപുരം: പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള പാലക്കാട് കഞ്ചിക്കോട്ടെ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് സ്വകാര്യവല്‍കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍. സ്ഥാപനത്തിന്റെ നിലവിലുള്ള 54 ശതമാനം ഓഹരികളില്‍ 26 ശതമാനം വിറ്റഴിക്കാനാണ് കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്. അഞ്ചുപതിറ്റാണ്ടിലേറെ ചരിത്രമുള്ള ഈ കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഇതിനകം ഇന്ത്യന്‍ ആര്‍മിക്ക് വേണ്ടി 7000ഓളം ട്രക്കുകളും, റെയില്‍വേക്കു വേണ്ടി 20,000 ഓളം റെയില്‍ കോച്ചുകളും, 1000 ഓളം മെട്രോ കോച്ചുകളും നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ 50,000 ഓളം എര്‍ത്ത് മൂവേഴ്‌സ് ഉല്‍പന്നങ്ങളും നിര്‍മിച്ചിട്ടുള്ള രാജ്യത്തിന്റെ അഭിമാന സ്ഥാപനമാണ് ബിഇഎംഎല്‍. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കൊണ്ട് 2321 കോടി രൂപ ലാഭമുണ്ടാക്കിയിട്ടുണ്ട്. 15,000 ഓളം തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നുമുണ്ട്. ഇത്തരം ഒരു സ്ഥാപനം, രാജ്യസുരക്ഷ പോലും മാനിക്കാതെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി വിറ്റു തിലയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. റിലയന്‍സ്, മഹാരാഷ്ട്രയില്‍ ആരംഭിക്കുന്ന ഡിഫന്‍സ് പാര്‍ക്കിനെ സഹായിക്കാനുള്ള ഗൂഡലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. 2010ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അന്നത്തെ കേന്ദ്ര യുപിഎ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് കഞ്ചിക്കോട് ബിഇഎംഎല്‍ റെക്കോര്‍ഡ് വേഗത്തില്‍ ആരംഭിച്ചത്. അന്ന് സ്ഥാപനത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ 375 ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കുകയും രണ്ടാംഘട്ട വികസനത്തിന് 625 ഏക്കര്‍ സ്ഥലം കൂടി നല്‍കാമെന്ന് കേന്ദ്രത്തെ അറിയിക്കുകയും ചെയ്തതാണ്. 56,000 കോടി രൂപ മൂല്യമുള്ള സ്ഥാപനത്തിന്റെ നിയന്ത്രണം വെറും 1000 കോടി രൂപക്ക് വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുകയാണ് ലക്ഷ്യം. ഇതുമൂലം കേന്ദ്ര സര്‍ക്കാരിന് പ്രതിവര്‍ഷം ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ ലാഭവിഹിതം കോര്‍പറേറ്റുകളുടെ കൈകളില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ബിഇഎംഎല്‍ സ്വകാര്യ വല്‍കരിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss