|    Dec 15 Sat, 2018 11:36 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ബിംബനിര്‍മിതിയുടെ രാഷ്ട്രീയം

Published : 29th August 2018 | Posted By: kasim kzm

എന്‍ പി ചെക്കുട്ടി

ന്യൂയോര്‍ക്ക് ടൈംസില്‍ ഈയിടെ വായിച്ച വാര്‍ത്തയാണ്. ഹെല്‍സിങ്കിയില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി ഉച്ചകോടി സമ്മേളനം കഴിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സംഘവും മടങ്ങുകയാണ്. അമേരിക്കയുടെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലാണു യാത്ര. ട്രംപിന് ഇത്തരം അവസരങ്ങളില്‍ ഏറ്റവും ഇഷ്ടം തന്റെ പ്രിയ ചാനലായ ഫോക്‌സ് ന്യൂസ് കണ്ടുകൊണ്ടിരിക്കലാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ട്രംപ് തീരുമാനിച്ച സമയം മുതല്‍ ഫോക്‌സ് ന്യൂസാണ് അദ്ദേഹത്തിന്റെ പ്രധാന മാധ്യമശക്തി. പുറംലോകം അമേരിക്കയുടെ ശത്രുവാണ്; ശത്രുവിനെ നേരിടാന്‍ കരുത്തനായ ട്രംപ് തന്നെ വേണം എന്നതാണ് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ഫോക്‌സ് ന്യൂസിന്റെയും അവരുടെ വലതുപക്ഷക്കാരായ അവതാരകരുടെയും സ്ഥിരം വായ്ത്താരി. അത് അവരുടെ മുതലാളി റൂപര്‍ട്ട് മര്‍ഡോക്കിന്റെ അടിസ്ഥാന വിശ്വാസപ്രമാണമാണ്. അമേരിക്കയിലും ബ്രിട്ടനിലും ഇന്ത്യയിലും ലോകത്തെ മറ്റനേകം രാജ്യങ്ങളിലും മര്‍ഡോക്കിന് സ്വന്തം മാധ്യമസാമ്രാജ്യമുണ്ട്. ഒരുകാലത്ത് ബ്രിട്ടിഷ് സാമ്രാജ്യത്തെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്നു വിശേഷിപ്പിച്ചിരുന്നു. ആ സാമ്രാജ്യത്തെ ഇരുട്ടുകൊണ്ടു മറയ്ക്കുന്നതില്‍ സൂര്യഭഗവാന്‍ പോലും പരാജയപ്പെട്ടു. മര്‍ഡോക്കിന്റെ ആഗോള മാധ്യമസാമ്രാജ്യത്തിന്റെ അവസ്ഥയും അപ്രകാരം തന്നെ. ആസ്‌ത്രേലിയയില്‍ തുടങ്ങിയ ആ വെട്ടിപ്പിടിത്തം അമേരിക്കയിലാണ് അതിന്റെ ശക്തിയുടെയും പ്രതാപത്തിന്റെയും പരകോടിയില്‍ എത്തിയത്. ലോക നേതാക്കള്‍ മര്‍ഡോക്കിന്റെയും മക്കളുടെയും വിളിപ്പുറത്താണ്. ട്രംപും മര്‍ഡോക്കും അടുത്ത സുഹൃത്തുക്കള്‍. അതിനാല്‍ ട്രംപിനെ വാനോളം പുകഴ്ത്തുകയും എതിരാളികളെ നിര്‍ദയം പ്രഹരിക്കുകയുമാണ് ഫോക്‌സ് ന്യൂസും മറ്റ് മര്‍ഡോക് മാധ്യമങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്.
അതിനാല്‍ പ്രസിഡന്റ് കാര്യമായി വീക്ഷിക്കുന്നത് തന്റെ പ്രിയ ചാനല്‍ തന്നെയാണ്. ഫോക്‌സ് എന്തു പറയുന്നുവോ അതാണ് അദ്ദേഹത്തിന് വേദവാക്യം. വാര്‍ത്ത കഴിഞ്ഞാല്‍ ട്വിറ്ററില്‍ ആളുകളുടെ മെക്കിട്ടുകേറുന്ന പണി തുടങ്ങും. അങ്ങനെ തന്റേതായ ഒരു മായാലോകത്ത് മന്നവേന്ദ്രനായി വിളങ്ങുകയാണ് അമേരിക്കയുടെ ഇപ്പോഴത്തെ ഭരണാധികാരി. വൈറ്റ്ഹൗസില്‍ എല്ലാവരും ഫോക്‌സ് ചാനല്‍ മാത്രമേ കാണാവൂ എന്നും അദ്ദേഹം ഉത്തരവിറക്കിയിട്ടുണ്ടത്രേ.
വിഷയം ഹെല്‍സിങ്കിയില്‍ നിന്നുള്ള യാത്രയാണ്. യാത്രയ്ക്കിടയ്ക്ക് പ്രസിഡന്റ് പ്രഥമ വനിതയെ കാണാനായി അവരുടെ കാബിനില്‍ ചെന്നു. നോക്കുമ്പോള്‍ അവര്‍ കാണുന്നത് സിഎന്‍എന്‍ എന്ന വാര്‍ത്താ ചാനലാണ്. അമേരിക്കയിലെയും ലോകത്തെ തന്നെയും ആദ്യ വാര്‍ത്താ ചാനലാണ് സിഎന്‍എന്‍. പ്രഥമ ഇറാഖ് യുദ്ധം ലൈവായി റിപോര്‍ട്ട് ചെയ്തുകൊണ്ടാണ് സിഎന്‍എന്‍ മാധ്യമരംഗത്ത് ഇതിഹാസമായത്. പക്ഷേ, ട്രംപിന് സിഎന്‍എന്‍ എന്ന് കേള്‍ക്കുന്നതേ കലിയാണ്. കാരണം, ട്രംപിന്റെ മായികലോകത്തെ കട്ടുറുമ്പാണ് സിഎന്‍എന്‍. അതിനാല്‍ പുള്ളിക്കാരന്‍ അതു കാണുകയില്ല. വേറെ ആരെങ്കിലും കാണുന്നതും ഇഷ്ടമല്ല. സിഎന്‍എന്‍ ലേഖകരെ സ്വന്തം വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇറക്കിവിടാനും അമേരിക്കന്‍ ജനാധിപത്യ ഭരണസംവിധാനത്തിന്റെ തലവനായ ട്രംപിന് മടിയില്ല. പലതവണ അദ്ദേഹം അതു ചെയ്തതാണ്. പക്ഷേ, അന്തപ്പുരത്തിലേക്കു ചെന്നു നോക്കുമ്പോള്‍ അവിടെ അന്തര്‍ജനം കണ്ടുകൊണ്ടിരിക്കുന്നതും ശത്രുവിന്റെ ചാനലാണ്. ആര്‍ക്ക് കലികേറാതിരിക്കും? ട്രംപും മെലാനിയയും തമ്മില്‍ വാക്കേറ്റമുണ്ടായി എന്നാണു ശ്രുതി.
ന്യൂയോര്‍ക്ക് ടൈംസ് എന്നു കേള്‍ക്കുമ്പോഴും പ്രസിഡന്റിന് കലിയാണ്. ഫേക് ന്യൂസ് (വ്യാജ വാര്‍ത്തകള്‍) എന്നാണ് അവരുടെ വാര്‍ത്തകളെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. തോറ്റ ന്യൂയോര്‍ക്ക് ടൈംസ് എന്നു മാത്രമേ അദ്ദേഹം ട്വിറ്ററില്‍ എഴുതുകയുള്ളൂ. കാരണം വേറൊന്നുമല്ല, അവര്‍ ട്രംപിന്റെ വിമര്‍ശകരാണ്.
ഈ സംഭവവികാസങ്ങളും അതിന്റെ പിന്നിലെ വ്യക്തികളും രസകരമായ ഒരു ആഗോള പ്രതിഭാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. വാര്‍ത്താമാധ്യമങ്ങള്‍ സാമൂഹിക സമ്പര്‍ക്ക മേഖലയിലെ സുപ്രധാന ഏജന്റുമാരായ നമ്മുടെ കാലത്ത് എങ്ങനെയാണ് യാഥാര്‍ഥ്യവും സങ്കല്‍പവും വാര്‍ത്തകളും വ്യാജവാര്‍ത്തകളും ചേര്‍ന്ന് ഒരു രാവണന്‍കോട്ട സമൂഹത്തില്‍ സൃഷ്ടിക്കുന്നത് എന്നാണിതു ചൂണ്ടിക്കാണിക്കുന്നത്. പ്രസിഡന്റിനു വേണ്ടത് വാര്‍ത്തകളല്ല, വസ്തുതകളുമല്ല; സ്തുതിയും തന്റെ ഇഷ്ടത്തിനൊത്ത് തയ്യാറാക്കിയ വസ്തുതാശകലങ്ങളുമാണ്. വാര്‍ത്തകളിലും വിശകലനത്തിലും ആവശ്യത്തിന് വെള്ളം ചേര്‍ക്കുന്നതിലും വിരോധമില്ല. ഒരു കാര്യം പ്രധാനമാണ്: തന്റെ അനുയായികള്‍ക്ക് രസിക്കണം. അവര്‍ തങ്ങളുടെ സ്വന്തം മായികലോകത്ത് രമിച്ചിരുന്ന് ഓരോ തവണയും തനിക്കും തന്റെ വേണ്ടപ്പെട്ടവര്‍ക്കും വോട്ട് കുത്തണം.
ഇത് പോസ്റ്റ് മോഡേണ്‍ യുഗത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണെന്നു തീര്‍ച്ച. ട്രംപ് മാത്രമല്ല അതു പ്രകടിപ്പിക്കുന്നതും. വാഷിങ്ടണ്‍ മുതല്‍ ന്യൂഡല്‍ഹി വഴി തിരുവനന്തപുരം വരെ ഈ വ്യാധി പടര്‍ന്നിട്ടുണ്ട്. സാമ്പത്തികരംഗത്ത് കുമിളകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രതിഭാസമുണ്ട്. ഓഹരിവിപണിയിലാണ് അതു പ്രത്യക്ഷപ്പെടുക. കാര്യമായ മുതല്‍മുടക്കോ ലാഭസാധ്യതയോ ഇല്ലാത്ത സ്ഥാപനങ്ങള്‍ പൊടുന്നനെ ജനപ്രിയമാവും. അവയുടെ ഓഹരിവില റോക്കറ്റ് പോലെ മേലോട്ടു കുതിക്കും. ആളുകള്‍ കൈയില്‍ കിട്ടുന്ന കാശെല്ലാം എടുത്ത് അതില്‍ നിക്ഷേപിക്കും. അങ്ങനെയങ്ങനെ ബഹിരാകാശത്ത് എത്തുന്ന ഓഹരിവിലകള്‍ പെട്ടെന്ന് ഒരുദിനം തലകുത്തനെ ഭൂമിയില്‍ പതിക്കും. അതിനിടയില്‍ ഓഹരിക്കമ്പോളത്തിലെ വില്ലാളിവീരന്‍മാരായ കമ്പനികള്‍ ഓഹരി വിറ്റ് വന്‍ ലാഭം കീശയിലാക്കിക്കഴിഞ്ഞിരിക്കും. അടിപറ്റി നട്ടെല്ലൊടിഞ്ഞ് തകര്‍ന്നുപോവുന്നത് സാധാരണക്കാരനാണ്. അങ്ങനെ അവരുടെ ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ ഒറ്റയടിക്ക് കോര്‍പറേറ്റ് ഫിനാന്‍സ് മൂലധനകമ്പനികളുടെ കീശയില്‍ എത്തിക്കുന്ന താന്ത്രികവിദ്യയാണ് കുമിളകള്‍ എന്ന പ്രതിഭാസം. അവ പ്രേക്ഷകര്‍ക്ക് അത്യാകര്‍ഷകമായിരിക്കും. അവയില്‍ കയറി സ്വപ്‌നലോകങ്ങളിലേക്കു പറന്നുപോവാനും രസം തന്നെ. പക്ഷേ, ഏതെങ്കിലുമൊരു അവസരത്തില്‍ അത് ഭൂമിയുടെ പരുപരുത്ത യാഥാര്‍ഥ്യങ്ങളില്‍ വന്നു പതിക്കുകയെന്നത് സാമൂഹിക-സാമ്പത്തിക ഗുരുത്വാകര്‍ഷണത്തിന്റെ ഭാഗമാണ്. ആധുനിക യുഗത്തിലെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മേഖലകളിലെ ഗുരുത്വാകര്‍ഷണ ബലതന്ത്രം ഇന്നും സാധാരണ ജനത്തിന് അന്യമായിത്തന്നെ വര്‍ത്തിക്കുന്നു.
അതിനര്‍ഥം സമൂഹത്തിലെ രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളോ ദീര്‍ഘകാല പ്രവണതകളോ ഇല്ലെന്നല്ല. വ്യത്യസ്ത ധ്രുവങ്ങളിലുള്ള വര്‍ഗങ്ങള്‍ സമൂഹത്തില്‍ നിരന്തരം പോരടിക്കുന്നതും അതില്‍ ഒരുകൂട്ടര്‍ ആധിപത്യം പുലര്‍ത്തുന്നതും അവരെ തകര്‍ത്ത് മറുഭാഗം ആധിപത്യം കൈയടക്കുന്നതും ഈ നിരന്തര പ്രക്രിയയിലൂടെ സമൂഹം മുന്നോട്ടുപോവുന്നതുമാണ് ചരിത്രപരമായ യാഥാര്‍ഥ്യം. മാന്ത്രികതയുടെ ബലൂണുകളില്‍ കയറി രാഷ്ട്രീയമേഖലയില്‍ പറന്നുയരാനുള്ള ശ്രമങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ യാഥാര്‍ഥ്യങ്ങളുടെ സൂര്യാഘാതത്തില്‍ തകര്‍ന്നു വീഴും എന്നു തീര്‍ച്ച.
പക്ഷേ, നമ്മുടെ സമൂഹവും രാഷ്ട്രീയവും ഇന്ന് ബിംബ-പ്രതിബിംബ നിര്‍മാണപ്രക്രിയയിലൂടെ ഒരു പുതിയ വരേണ്യവര്‍ഗത്തെ സമൂഹത്തിന്റെ അധിനായകരായി പ്രതിഷ്ഠിക്കുന്ന തിരക്കിലാണ്. അമേരിക്കയില്‍ ട്രംപും റഷ്യയില്‍ വഌദിമിര്‍ പുടിനും പാകിസ്താനില്‍ ഇംറാന്‍ ഖാനും ഇന്ത്യയില്‍ നരേന്ദ്ര മോദിയും ഒക്കെ തങ്ങളുടെ അധികാരക്കസേര പിടിച്ചെടുക്കുന്നതും ഉറപ്പിച്ചുനിര്‍ത്തുന്നതും മാധ്യമ മാനേജ്‌മെന്റ് തന്ത്രങ്ങളിലൂടെയാണ്. യാഥാര്‍ഥ്യങ്ങളെ തങ്ങളുടെ ഇച്ഛാനുസരണം വക്രീകരിക്കാനും അതു യാഥാര്‍ഥ്യബോധം ജനിപ്പിക്കുന്നവിധം സമൂഹമധ്യത്തില്‍ പ്രചരിപ്പിക്കാനും അതിലൂടെ തങ്ങളുടെ ജനപ്രീതി നിലനിര്‍ത്താനും അവര്‍ക്കു കഴിയുന്നു.
ഈ പുതിയ ബിംബ-പ്രതിബിംബ നിര്‍മാണത്തിന്റെ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത് നേരത്തേ സൂചിപ്പിച്ച വ്യത്യസ്ത വര്‍ഗങ്ങളുടെ ചരിത്രപരമായ ഏറ്റുമുട്ടലിന്റെ അന്തരീക്ഷത്തിലല്ല. മറിച്ച് ആധുനിക മുതലാളിത്തത്തിന്റെ കമ്പോള നിയന്ത്രണ തന്ത്രങ്ങളാണ് അതിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ അടിത്തറയും മോഡലും. കമ്പോളത്തിന്റെ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഫലപ്രദമായിത്തന്നെ രാഷ്ട്രീയമണ്ഡലത്തിലും പ്രയോഗിക്കാന്‍ കഴിയുമെന്ന കണ്ടെത്തല്‍ പുതിയതാണ്. 2016ലെ യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള ബ്രിട്ടന്റെ ഒഴിച്ചുപോക്കിനു കാരണമായ ബ്രെക്‌സിറ്റ് വോട്ടെടുപ്പിലും ട്രംപ് വിജയം നേടിയ അമേരിക്കന്‍ തിരഞ്ഞെടുപ്പിലും വളരെ ഫലപ്രദമായി ഈ കമ്പോളതന്ത്രങ്ങള്‍ പ്രയോഗിക്കുകയുണ്ടായി. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും അതിനുവേണ്ടി വിദഗ്ധമായി ഉപയോഗിച്ചു. കാംബ്രിജ് അനാലിറ്റിക പോലുള്ള വ്യക്തിവിവര വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയതന്ത്രങ്ങള്‍ തയ്യാറാക്കി പ്രയോഗിക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനം ഈ രണ്ടു സംഭവങ്ങളിലും വ്യക്തമായിരുന്നു. ജനവിധിയെ അട്ടിമറിക്കുന്ന തരത്തില്‍ വൈദേശികവും കമ്പോളനിയന്ത്രിതവുമായ ശക്തികള്‍ ജനാധിപത്യപ്രക്രിയയില്‍ ഇടപെടുന്നു എന്നതാണ് ഇവിടെ പ്രസക്തമായ പ്രശ്‌നം. അത് ജനാധിപത്യസമൂഹത്തിന്റെ തന്നെ മരണമണിയാണു മുഴക്കുന്നത്.
ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ ഈ വ്യാജ സ്വഭാവം കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ലെനിന്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ലെനിന്റെ നേതൃത്വത്തില്‍ അതിനു ബദലായി വന്ന ഭരണകൂട സങ്കല്‍പം അതിനേക്കാള്‍ ഭയാനകമായ ജനവിരുദ്ധ സ്വഭാവമാണ് പില്‍ക്കാലത്ത് ആര്‍ജിച്ചെടുത്തത്. തൊഴിലാളിവര്‍ഗ സര്‍വാധിപത്യം ഫലത്തില്‍ അധികാരം പിടിച്ചെടുത്ത കമ്മ്യൂണിസ്റ്റ് കക്ഷികളുടെ നേതൃത്വത്തിലെ ഒരു പുത്തന്‍ വരേണ്യവര്‍ഗത്തിന്റെ സര്‍വാധിപത്യമായി. ലോകത്തെങ്ങും അതുതന്നെയാണു സംഭവിച്ചത്. അതുകൊണ്ടാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഈ ഭരണകൂടങ്ങള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണത്. വികലമാണെങ്കിലും കമ്മ്യൂണിസ്റ്റ് സര്‍വാധിപത്യത്തേക്കാള്‍ ഭേദം ബൂര്‍ഷ്വാ ജനാധിപത്യം തന്നെ എന്നാണ് ലോകം 1990കളില്‍ തിരിച്ചറിഞ്ഞത്.
ഇപ്പോള്‍ ലോകമെങ്ങും ആ ജനാധിപത്യപ്രക്രിയ വീണ്ടും അട്ടിമറിക്കപ്പെടുകയാണ്. സര്‍വാധിപത്യപ്രവണതകള്‍ പ്രകടിപ്പിക്കുന്ന കരുത്തന്‍മാര്‍ ജനാധിപത്യ ഭരണകൂടങ്ങളുടെ മേല്‍ പിടിമുറുക്കുകയാണ്. അമിതാധികാരങ്ങള്‍ ജനങ്ങള്‍ യാതൊരു മനശ്ചാഞ്ചല്യവും ഇല്ലാതെയാണ് ഇത്തരം ഭരണാധികാരികള്‍ക്കു നല്‍കുന്നത്. ചൈനയില്‍ ഷി ജിന്‍പെങ് ഇനി എപ്പോള്‍ അധികാരം വിട്ടൊഴിയണമെന്ന് അദ്ദേഹം തന്നെയാണു തീരുമാനിക്കുക. റഷ്യയില്‍ പുടിന്‍ അതേപോലെ പിടിമുറുക്കിയിരിക്കുന്നു. തുര്‍ക്കിയില്‍ പ്രസിഡന്റിന് അമിതാധികാരങ്ങളാണ് ഈയിടെ ഭരണഘടനാ ഭേദഗതിയിലൂടെ ലഭിച്ചത്. അമേരിക്കയില്‍ ട്രംപിന്റെ ജനപിന്തുണ പൂര്‍വാധികം ശക്തിയോടെ നിലനില്‍ക്കുകയാണ്. ആഗോള കാലാവസ്ഥാ കരാറില്‍ നിന്നും ഇറാനുമായുള്ള ആണവകരാറില്‍ നിന്നും ലോകരാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളില്‍ നിന്നും അദ്ദേഹം ഒറ്റയടിക്കു പിന്‍മാറുമ്പോള്‍ അതിന്റെ ദീര്‍ഘകാല ദുരന്തങ്ങള്‍ നേരിടേണ്ടിവരുന്ന ജനം കൈയടിച്ചു പ്രോല്‍സാഹിപ്പിക്കുകയാണ്. ജനാധിപത്യത്തിന്റെ വന്‍ പ്രതിസന്ധിയാണ് ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത്.
ഈ പ്രതിസന്ധിയില്‍ നിന്നു രക്ഷനേടാനും ജനാധിപത്യപ്രക്രിയയെ അര്‍ഥപൂര്‍ണമായ ഒരു ഭരണസംവിധാനമായി പുനസ്ഥാപിക്കാനും എന്താണു മാര്‍ഗമെന്ന് ലോകം ചിന്തിക്കേണ്ട അവസരമാണിത്. കമ്പോള യുക്തികളും ബ്രാന്‍ഡിങിന്റെ രാഷ്ട്രീയവും ഇന്നു നിര്‍ണായകമായ മേല്‍ക്കൈ നേടിയിരിക്കുന്നു. ഒരുനിലയ്ക്കു നോക്കിയാല്‍ മുതലാളിത്തത്തിന്റെ ആത്യന്തിക വിജയമാണ് നാം ദര്‍ശിക്കുന്നത്. കാരണം, ജനകീയ പ്രസ്ഥാനങ്ങളുടെ അടിത്തറ തകര്‍ത്ത്, ബഹുജനങ്ങളെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ അപ്രസക്തരും അന്യരുമാക്കുന്ന പുതിയൊരു വരേണ്യ ജനാധിപത്യ സംവിധാനമാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്. സാധാരണ ജനങ്ങളുടെ സ്വയംനിര്‍ണയാവകാശമാണ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.
കെട്ടുകാഴ്ചയുടെയും പൊയ്ക്കാലുകളുടേതുമായ ഈ രാഷ്ട്രീയത്തെ ചെറുക്കാനും പുതിയൊരു ജനകീയ ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരാനും സാധ്യതയുണ്ടായിരുന്നത് ഇടതുപക്ഷത്തിനാണ്. കാരണം, സൈദ്ധാന്തികമായി ഏറ്റവും ശക്തമായ പ്രതിരോധശേഷിയുള്ളത് ലോക ഇടതുപക്ഷ പ്രസ്ഥാനത്തിനു തന്നെയാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇടതുപക്ഷത്തിന്റെ പരാജയത്തിന്റെയും പിന്നാക്കംപോക്കിന്റെയും കാലയളവിലാണു നാം ജീവിക്കുന്നത്. അവര്‍ക്ക് ജനപിന്തുണ നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപക്ഷേ, അവര്‍ ജനങ്ങളില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.
ഇന്ത്യയില്‍ ഈ ബിംബനിര്‍മാണപ്രക്രിയയുടെ വലിയ നേട്ടം കൊയ്ത ഭരണാധികാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 2014ല്‍ ഇന്ത്യയിലെ കോര്‍പറേറ്റ് ലോകവും മാധ്യമങ്ങളും ഒന്നടങ്കം അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കുകയായിരുന്നു. തങ്ങളുടെ പുതിയ നായകബിംബത്തെ ഭരണത്തിന്റെ അധിനായകനായി അവരോധിക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. മോദിയും ട്രംപും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. അവര്‍ ഒരേതരത്തില്‍ ചിന്തിക്കുന്നു എന്നതിന്റെ തെളിവ് ചൈനയുമായി വ്യാപാരയുദ്ധം തുടങ്ങിയ ട്രംപും നാണയനിരോധനം പ്രഖ്യാപിച്ച മോദിയും സംസാരിച്ചത് ഒരേ ഭാഷയാണ് എന്നതുതന്നെ. ചൈനയെ ഇരുത്തിക്കളയും എന്നാണ് ട്രംപ് പറഞ്ഞത്; കള്ളപ്പണക്കാരെ കെട്ടുകെട്ടിക്കും എന്ന് മോദിയും. പക്ഷേ, സംഭവിച്ചതു വേറൊന്നാണ്. ഈ ഭ്രാന്തന്‍ നയങ്ങളുടെ ആഘാതം അതത് നാടുകളിലെ സാധാരണ ജനങ്ങളുടെ മുതുകത്ത് വന്നു പതിക്കുകയായിരുന്നു. അമേരിക്കയില്‍ വിളയുന്ന സോയാബീന്‍ തിന്നുതീര്‍ക്കുന്നത് ചൈനക്കാരാണ്. ചൈന ഇറക്കുമതി നിര്‍ത്തിയതോടെ വില കുത്തനെ ഇടിഞ്ഞു. കര്‍ഷകരെ രക്ഷിക്കാന്‍ ഇപ്പോള്‍ 1,200 കോടി ഡോളറിന്റെ കാര്‍ഷികാശ്വാസമാണ് ട്രംപ് പ്രഖ്യാപിച്ചത്. അതുകൊണ്ട് കര്‍ഷകര്‍ രക്ഷപ്പെടുകയില്ല എന്നു തീര്‍ച്ച. അവര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കമ്പോളമാണു വേണ്ടത്. അതു തകര്‍ക്കപ്പെടുകയും ചെയ്തു. മോദിയും അതുതന്നെയാണു ചെയ്തത്. ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ നട്ടെല്ലാണ് നോട്ടുനിരോധനത്തിലൂടെ അദ്ദേഹം തകര്‍ത്തത്. ഇപ്പോള്‍ കര്‍ഷകര്‍ക്ക് കടാശ്വാസവും ഉയര്‍ന്ന താങ്ങുവിലയുമായി അദ്ദേഹം രംഗത്തിറങ്ങിയിരിക്കുന്നു. വീണ്ടും അധികാരത്തില്‍ വന്നാല്‍ പഴയ നയങ്ങള്‍ തിരിച്ചുവരും എന്നു തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് സാധിക്കുമോ എന്ന ചോദ്യം ബാക്കി.
ഒരു വസ്തുത വ്യക്തമാണ്: അനുഭവമാണ് ജനങ്ങളുടെ ഗുരു; തീവ്രമായ അനുഭവങ്ങളിലൂടെയാണ് സാധാരണ ജനം കടന്നുപോവുന്നത്. ബിംബ-പ്രതിബിംബ രാഷ്ട്രീയത്തിന്റെ മായാവലയത്തില്‍ അധികകാലം അവരെ കുരുക്കിയിടാന്‍ കഴിയുമെന്ന് സങ്കല്‍പിക്കാനാവില്ല. തൃണമൂലതലത്തില്‍, സാമൂഹികജീവിതത്തില്‍ ഒരുപാടു മാറ്റങ്ങള്‍ വരുന്നുണ്ട്. മുഖ്യധാര നിഷേധിക്കുകയും പുച്ഛിക്കുകയും രാജ്യദ്രോഹികള്‍ എന്നുപോലും പറഞ്ഞു പരിഹസിക്കുകയും ചെയ്യുന്ന ഒരുപാട് പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. അവര്‍ മുഖ്യധാരയിലെ കെട്ടുകാഴ്ചകളില്‍ നിന്ന് അകന്നുനില്‍ക്കുന്നു എന്നതിന് അര്‍ഥം, അവര്‍ മുഖ്യധാരയെ വെല്ലുവിളിക്കാന്‍ കരുത്തുള്ള പുതിയ പ്രസ്ഥാനങ്ങള്‍ സൂക്ഷ്മതലത്തില്‍ കെട്ടിപ്പടുക്കുകയാണ് എന്നുകൂടി മനസ്സിലാക്കുന്നത് ഭാവിയുടെ രാഷ്ട്രീയം കണ്ടറിയുന്നതിനു സഹായകമായിരിക്കും. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss