|    Feb 26 Sun, 2017 11:14 pm
FLASH NEWS

ബാവിക്കര സ്ഥിരം തടയണ; പ്രക്ഷോഭത്തിനൊരുങ്ങി ആക്ഷന്‍ കമ്മിറ്റി

Published : 17th November 2016 | Posted By: SMR

കാസര്‍കോട്: പതിറ്റാണ്ടു മുമ്പ് നിര്‍മാണം ആരംഭിച്ച ബാവിക്കര സ്ഥിരംതടയണയുടെ നിര്‍മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേയ്ക്ക്. സ്ഥിരം തടയണയുടെ നിര്‍മാണം ആരംഭിക്കാതെ താല്‍ക്കാലിക തടയണ നിര്‍മിക്കാനനുവദിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്്. കാസര്‍കോട് നഗരത്തിലേയും സമീപ പഞ്ചായത്തുകളിലേയും കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനും ജലസേചനത്തിനുമായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപംകൊടുത്തതാണ് ബാവിക്കര പദ്ധതി. വേനല്‍കാലത്ത് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനും പമ്പിങിന് ആവശ്യമായ ജലം സംഭരിക്കുന്നതിനുമായി ആവിഷ്‌ക്കരിച്ച ക്രോസ് ബാര്‍ കം ബ്രിഡ്ജ് നിര്‍മാണം 2005ല്‍ ആരംഭിച്ചിരുന്നു. ആദ്യ കരാറുകാരന്‍ പണി നിര്‍ത്തിപ്പോയശേഷം എസ്റ്റിമേറ്റില്‍ വന്‍ വര്‍ധനവ് വരുത്തി പുതിയ കരാറുകാരനെ ഏല്‍പിക്കുകയായിരുന്നു. പാതിവഴിയില്‍ അദ്ദേഹം പണിനിര്‍ത്തിപ്പോവുകയായിരുന്നു. രണ്ടു കരാറുകാരും ചേര്‍ന്ന് 4.39 കോടി രൂപ കൈപ്പറ്റുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ബാവിക്കര ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചു. എന്നാല്‍ പദ്ധതിക്കുവേണ്ടി വിഭാവനം ചെയ്ത ആലൂരിലെ മുനമ്പം കടവില്‍ നിന്നും മാറ്റി മറ്റൊരു സ്ഥലത്ത് സ്ഥാപിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്തു. ഇതേത്തുടര്‍ന്ന് 2015 ഫെബ്രുവരിയില്‍ പദ്ധതി നിര്‍ദ്ദിഷ്ടസ്ഥലത്ത് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി അധികൃതര്‍ക്ക് നിവേദനം നല്‍കി. വര്‍ഷങ്ങളായി ദശലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് താല്‍കാലിക തടയണ നിര്‍മിച്ച് ഉപ്പുവെള്ള പ്രശ്‌നം പരിഹരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ താല്‍കാലിക തടയണ തകര്‍ന്ന് വേനല്‍ക്കാലത്ത് കാസര്‍കോട് മേഖലയിലെ ജനങ്ങള്‍ ഉപ്പുവെള്ളം കുടിക്കേണ്ട അവസ്ഥയിലാണ്. താല്‍കാലിക തടയണ നിര്‍മിക്കുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റി ശക്തമായ നിലപാടെടുത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ജനുവരി 27ന് തിരുവനന്തപുരത്ത് മന്ത്രിതല ചര്‍ച്ച നടന്നു. അന്നത്തെ ജലവിഭവമന്ത്രി പി ജെ ജോസഫ്, കെ കുഞ്ഞിരാമന്‍ എംഎല്‍എ, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ എന്നിവര്‍ ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം അംഗീകരിക്കുന്നതായും പദ്ധതി യഥാസ്ഥാനത്ത് പുനരാരംഭിക്കാനുള്ള നടപടി ഫെബ്രുവരി 20നകം കൈക്കൊള്ളുമെന്ന് വ്യക്തമാക്കുകയും ചെയ്തു. എംഎല്‍എമാര്‍ ആക്ഷന്‍ കമ്മിറ്റിയോട് ഇക്കാര്യം വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ഈ വര്‍ഷം താല്‍കാലിക തടയണ നിര്‍മിക്കാന്‍ അനുവദിച്ചത്. മന്ത്രിതലയോഗത്തില്‍ പദ്ധതിസ്ഥലം മാറ്റുന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് സ്ഥലം മാറ്റണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനത്തിന് തടസമായി. പദ്ധതിയുടെ പേരില്‍ ഓരോ വര്‍ഷവും താല്‍കാലിക തടയണ നിര്‍മിക്കുന്നതിന്റെ പേരില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് വന്‍തുകയാണ് കൈക്കൂലിയായി ലഭിക്കുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. പദ്ധതിയുടെ സ്ഥലംമാറ്റിയാല്‍ സര്‍ക്കാരിന് ഭീമമായ നഷ്ടമാണുണ്ടാവുക. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഏക്കര്‍ കണക്കിന് പുഴ നികത്തുകയും പകുതിയോളം നടന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച തുക നഷ്ടമാവുകയും ചെയ്യും. പയസ്വിനിപ്പുഴയുടെയും കരിച്ചേരിപ്പുഴയുടെയും സംഗമസ്ഥാനത്താണ് നിര്‍ദിഷ്ടപദ്ധതി വിഭാവനം ചെയ്തത്.ഇങ്ങനെയുള്ള സാഹചര്യത്തില്‍ പദ്ധതി യഥാസ്ഥാനത്തു ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അല്ലാത്തപക്ഷം താല്‍കാലിക തടയണ നിര്‍മാണം അനുവദിക്കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് 19ന് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ കുഞ്ഞിക്കണ്ണന്‍, കണ്‍വീനര്‍ മുനീര്‍ മുനമ്പം, ബാലഗോപാലന്‍, വാസു ചട്ടഞ്ചാല്‍, അബ്ദുല്ല ആലൂര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day