|    Aug 17 Thu, 2017 9:19 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ബാഴ്‌സലോണ-അല്‍അഹ്‌ലി സൗഹൃദ മല്‍സരത്തിന്റെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

Published : 25th November 2016 | Posted By: SMR

ദോഹ: ഡിസംബര്‍ 13ന് ഥാനി ബിന്‍ ജാസിം(ഗറാഫ) സ്റ്റേഡിയത്തില്‍ നടക്കുന്ന എഫ്‌സി ബാഴ്‌സലോണ-അല്‍അഹ്‌ലി സൗഹൃദ മല്‍സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ക്യുഎഫ്എ വെബ്‌സൈറ്റ് വഴി ടിക്കറ്റ് വാങ്ങാവുന്നതാണ്. അറിയപ്പെടുന്ന സ്പാനിഷ് ക്ലബ്ബായ എഫ്‌സി ബാഴ്‌സലോണയും സൗദി അറേബ്യന്‍ ലീഗ് ചാംപ്യന്മാരായ അല്‍അഹ്‌ലിയും തമ്മിലുള്ള മല്‍സരം ഖത്തറിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം പകരുമെന്നാണു പ്രതീക്ഷിക്കുന്നത്.
100, 200 റിയാല്‍ ടിക്കറ്റുകളാണ് ഇപ്പോള്‍ വില്‍പ്പനയിലുള്ളത്. പ്രത്യേക വിഐപി ടിക്കറ്റുകള്‍ പിന്നീട് ലഭ്യമാവുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. മാളുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലും ടിക്കറ്റുകള്‍ അധികം വൈകാതെ ലഭ്യമാവും. അടുത്ത മാസം ആദ്യം ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടും.
മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് അഡ്വാന്‍സ് ടിക്കറ്റ് വില്‍പ്പന കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു. ഖത്തര്‍ എയര്‍വെയ്‌സ് ഹോളിഡേയ്‌സ് വഴി പ്രത്യേക ട്രാവല്‍ പാക്കേജായാണ് ടിക്കറ്റുകള്‍ നല്‍കുന്നത്. ഹോട്ടല്‍, ഫ്‌ളൈറ്റ്, മാച്ച് ടിക്കറ്റ് ഉള്‍പ്പെട്ടതാണ് പാക്കേജ്. ഫ്‌ളൈറ്റ് ടിക്കറ്റ് പാക്കേജും ലഭ്യമാണ്.
എഫ്‌സി ബാഴ്‌സലോണയുമായുള്ള ഖത്തര്‍ എയര്‍വെയ്‌സ് സ്‌പോണ്‍സര്‍ഷിപ്പ് കരാറിന്റെ ഭാഗമാണ് മാച്ച് ഓഫ് ചാംപ്യന്‍സ് എന്ന പേരിലുള്ള സൗഹൃദ മല്‍സരം. ബാഴ്‌സലോണ ഇതിന് മുമ്പ് 2014ലും 2015ലും ഈ വര്‍ഷം മെയിലും ഖത്തറില്‍ സൗഹൃദ മല്‍സരം കളിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. ജാപ്പനീസ് റീട്ടെയ്‌ലര്‍ റാക്കുട്ടന്‍ അടുത്ത വര്‍ഷം മുതല്‍ ക്ലബ്ബിനെ സ്‌പോണ്‍സര്‍ ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ബാഴ്‌സലോണ അറിയിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക