|    Oct 20 Sat, 2018 3:09 am
FLASH NEWS
Home   >  Sports  >  Football  >  

ബാഴ്‌സയ്ക്ക് സെല്‍ഫ് ഗോള്‍ സമ്മാനം

Published : 24th September 2017 | Posted By: ev sports

-നൂറാം മല്‍സരത്തില്‍ സുവാരസിന് ഗോള്‍നേട്ടം

മാഡ്രിഡ്: ലാലിഗയില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയുടെ അപരാജിത കുതിപ്പ് തുടരുന്നു. ലീഗിലെ തങ്ങളുടെ ആറാം മല്‍സരത്തിനിറങ്ങിയ ബാഴ്‌സലോണ സ്‌പെയിനില്‍ നിന്നുതന്നെയുള്ള ഇത്തിരിക്കുഞ്ഞന്‍മാരായ ജിറോണയെയാണ് പരാജയപ്പെടുത്തിയത്. രണ്ട് ഗോള്‍ സംഭാവനയായി ജിറോണയില്‍ നിന്നും നേടിയപ്പോള്‍ ലാലിഗയില്‍ തന്റെ നൂറാം മല്‍സരത്തിനിറങ്ങിയ സുവാരസിന്റെ വകയായിരുന്നു ബാഴ്‌സയുടെ മൂന്നാം ഗോള്‍. ലീഗില്‍ ബാഴ്‌സലോണയുടെ തുടര്‍ച്ചയായ ആറാം ജയം കൂടിയായിരുന്നു ഇത്.
4-3-3 ശൈലിയിലാണ് ബാഴ്‌സ കോച്ച് താരങ്ങളെ അണിനിരത്തിയത്. ബാഴ്‌സയുടെ ലോകോത്തര മുന്നേറ്റ നിരയെ തളയ്ക്കാന്‍ പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിയുള്ള 5-4-1 ശൈലിയില്‍ ജിറോണയും കളത്തിലിറങ്ങി. കഴിഞ്ഞ മല്‍സരങ്ങളിലെയെല്ലാം ഗോള്‍വേട്ടക്കാരനായ സൂപ്പര്‍താരം ലയണല്‍ മെസ്സിയെ തളച്ചിടുന്നതിലായിരുന്നു ജിറോണന്‍ താരങ്ങള്‍ ശ്രദ്ധ പതിപ്പിച്ചത്. സ്പാനിഷ് പ്രതിരോധ നിരയിലെ താരം പാബ്ലോ മഫിയോയുടെ നേതൃത്വത്തില്‍  മെസ്സിയെ തളക്കുന്നതില്‍ അവര്‍ പൂര്‍ണമായും വിജയിക്കുകയും ചെയ്തു. എന്നാല്‍ മറുവശത്ത് സുവാരസും വിദാലും നിരന്തരം ജിറോണ ഗോള്‍മുഖം വിറപ്പിച്ചു കൊണ്ടിരുന്നു. ഇതിനിടെയാണ് നിര്‍ഭാഗ്യത്തിന്റെ രൂപത്തില്‍ രണ്ട് സെല്‍ഫ് ഗോളുകളുമെത്തിയത്. 17, 48 മിനിറ്റുകളില്‍ യഥാക്രമം അദയ്യും ഇറൈസോസും ആയിരുന്നു ബാഴ്‌സക്കായി സെല്‍ഫ് ഗോളുകള്‍ സംഭാവന ചെയ്തത്. തുടര്‍ന്ന് 87ാം മിനിറ്റില്‍ സുവാരസിന്റെ മൂന്നാം ഗോളുമെത്തി. പെനല്‍റ്റി ബോക്‌സിനുളളിലേക്ക് സെര്‍ജി റോബര്‍ട്ടോ നല്‍കിയ പാസില്‍ സുവാരസിന്റെ ഷോട്ട് ഗോള്‍പോസ്റ്റിന്റെ ഇടതു മൂലയില്‍ പതിച്ചു. സീസണില്‍ സുവാരസിന്റെ രണ്ടാം ഗോള്‍ കൂടിയായിരുന്നു ഇത്.  ആറു മല്‍സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ബാഴ്‌സ പട്ടികയില്‍ ഒന്നാം സ്ഥാനത്തു തന്നെയാണ്. 14 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്തുള്ളത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിന് ജയം
ലെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ തോല്‍വികളുടെ ഭാരമിറക്കി ലിവര്‍പൂള്‍ വിജയ വഴിയില്‍ തിരിച്ചെത്തി. ലെസ്റ്റര്‍ സിറ്റിയെ അവരുടെ തട്ടകത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജര്‍ഗന്‍ ക്ലോപ് തന്ത്രങ്ങളോതുന്ന ലിവര്‍പൂള്‍ നിര തകര്‍ത്തെറിഞ്ഞത്. സൂപ്പര്‍ താരം ഫിലിപ്പ് കോട്ടീഞ്ഞോ ഫോം കണ്ടെത്തിയതും ഭാഗ്യം തുണച്ചതുമാണ് ലിവര്‍പൂള്‍ നിരയ്ക്ക് ആശ്വാസ ജയം സമ്മാനിച്ചത്.
4-4-1-1 ശൈലിയില്‍ അണിനിരന്ന ലെസ്റ്ററിനെതിരെ 4-3-3 ശൈലിയില്‍ തിരിച്ചടിച്ച ലിവര്‍പൂള്‍ കളി തുടങ്ങി 15ാം മിനിറ്റില്‍ തന്നെ  കരുത്തുകാട്ടി. വലത് വിങില്‍ നിന്ന്് കോട്ടീഞ്ഞോ നല്‍കിയ പാസിനെ മനോഹരമായ ഹെഡ്ഡറിലൂടെ മുഹമ്മദ് സാലഹ് വലയിലെത്തിക്കുകയായിരുന്നു. തുടക്കത്തില്‍ ലഭിച്ച ആധിപത്യം നന്നായി മുതലാക്കിയ ലിവര്‍പൂളിന് വേണ്ടി 23ാം മിനിറ്റില്‍ കോട്ടീഞ്ഞോ ലീഡുയര്‍ത്തി. പെനല്‍റ്റി ബോക്‌സിന് മുന്നില്‍ നിന്ന് ലഭിച്ച ഫ്രീകിക്കിനെ മനോഹരമായി കോട്ടീഞ്ഞോ പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു.  ആദ്യ 25 മിനിറ്റിനുള്ളില്‍ തന്നെ രണ്ട് ഗോളിന്റെ ലീഡ് നേടിയ ചെമ്പട നിരന്തരം ലെസ്റ്റര്‍ ഗോള്‍ പോസ്റ്റിലേക്ക് പന്തെത്തിച്ചു. എന്നാല്‍ ഒന്നാം പകുതി പിരിയുന്നതിന് മുമ്പ് ലഭിച്ച അധിക സമയത്ത് ലെസ്റ്റര്‍ ആദ്യ ഗോള്‍ മടക്കി. കോര്‍ണര്‍ കിക്കിലൂടെ ഗോള്‍പോസ്റ്റിനടുത്തേക്കെത്തിയ പന്തിനെ ലിവര്‍പൂള്‍ ഗോളി മിഗ്‌നോലറ്റ് മുന്നോട്ടുകയറി തട്ടിയകറ്റിയെങ്കിലും യാദൃശ്ചികമായി പന്ത് ലഭിച്ച ഷിന്‍ജി ഒക്കസാക്കി അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു. ഒന്നാം പകുതി പിരിയുമ്പോള്‍ 2-1 ന് കളി ലിവര്‍പൂളിനൊപ്പമായിരുന്നു.
രണ്ടാം പകുതിയിലും ആദ്യ വലതുളച്ചത് ലിവര്‍പൂളായിരുന്നു. 68ാം മിനിറ്റില്‍ സ്റ്റെറിഡ്ജിന്റെ പാസിനെ ഹെന്‍ഡേഴ്‌സണ്‍ വലയിലാക്കുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ജാമി വാര്‍ഡി ലെസ്റ്ററിന്റെ അക്കൗണ്ടിലേക്ക് രണ്ട് ഗോള്‍ ചേര്‍ത്തു. ലിവര്‍പൂള്‍ ഗോളിയുടെ കൈയില്‍ തട്ടി റീബൗണ്ട് ചെയ്ത പന്തിനെ ഹെഡ്ഡറിലൂടെ വാര്‍ഡി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. കളിയാവേശം മുറുകിയപ്പോള്‍ 73ാം മിനിറ്റില്‍ വീണുകിട്ടയ പെനല്‍റ്റിയെ വാര്‍ഡി പാഴാക്കി. വാര്‍ഡിയുടെ ഷോട്ടിനെ മിഗ്‌നോലറ്റ് തട്ടിയകറ്റുകയായിരുന്നു. പിന്നീടുള്ള സമയങ്ങളില്‍ ഗോള്‍ മുഖം കാക്കുന്നതില്‍ ലിവര്‍പൂള്‍ പ്രതിരോധ നിര വിജയിച്ചതോടെ 3-2ന്റെ ജയം ചെമ്പടയ്‌ക്കൊപ്പം നിന്നു.

ലിവര്‍പൂളിനുവേണ്ടി ഫ്രീകിക്കിലൂടെ ഗോള്‍ നേടുന്ന ഫിലിപ്പ് കോട്ടീഞ്ഞോ

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss