|    Jun 24 Sun, 2018 1:30 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ബാഴ്‌സയ്ക്ക് വിയ്യാറയലിന്റെ സമനിലപ്പൂട്ട്‌

Published : 10th January 2017 | Posted By: fsq

 

വിയ്യാറയല്‍: പുതുവര്‍ഷം ബാഴ്‌സലോണയ്ക്ക് ഫോം നഷ്ടം തുടരുന്നു. കോപാ ഡെല്‍ റേയിലെ തോല്‍വിക്കു പിന്നാലെ സ്പാനിഷ് ലാ ലീഗ 17ാം റൗണ്ടില്‍ ബൂട്ടണിഞ്ഞ കരുത്തന്മാരായ ബാഴ്‌സലോണയെ വിയ്യാറയല്‍ സമനിലയില്‍ തളച്ചു. കോപാ ഡെല്‍ റേയില്‍ അത്‌ലറ്റികോ ബില്‍ബോയോട് 2-1ന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ബാഴ്‌സയ്ക്ക് ഇന്നലെ സമനില കണ്ടെത്താനായെങ്കിലും ടീം ഫോമിലേക്ക് തിരിച്ചെത്തിയിട്ടില്ല. സമനില വഴങ്ങിയതോടെ ബാഴ്‌സ ലാ ലീഗ റാങ്കിങില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാംപകുതിയില്‍ നികോള സാന്‍സോന്റെ ഗോളാണ് ബാഴ്‌സയ്ക്ക് വെല്ലുവിളി തീര്‍ത്തത്. 90ാം മിനിറ്റില്‍ മെസ്സി ഫ്രീകിക്കിലൂടെ കണ്ടെത്തിയ അത്യുഗ്രന്‍ മറുപടി ഗോളാണ് ബാഴ്‌സയുടെ അഭിമാനം വീഴാതെ കാത്തത്. 17 മാച്ചുകളില്‍ 10 ജയം, 5 സമനില, 2 തോല്‍വി കണ്ടെത്തിയ ബാഴ്‌സ 35 പോയിന്റുമായി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. റയല്‍ സോസീഡാഡിനെ 4 ഗോളില്‍ പരാജയപ്പെടുത്തിയ സെവിയ്യ 17 കളികളില്‍ 11 ജയം കണ്ടെത്തി 36 പോയിന്റുമായി രണ്ടാമതെത്തി. 40 പോയിന്റുമായി ഒന്നാമതുള്ള റയല്‍ മാഡ്രിഡ് 16 കളികളില്‍ നിന്ന് 12 ജയം നേടിയിട്ടുണ്ട്. മെസ്സിയും നെയ്മറും സുവാരസും മുന്നേറ്റനിരയില്‍ അണിനിരന്നിട്ടും ബാഴ്‌സ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ല. വിയ്യാറയലിന്റെ ടച്ചോടെ ആരംഭിച്ച കളിയില്‍ 70% പന്തടക്കവും ബാഴ്‌സയ്ക്കായിരുന്നു. 10 തവണ ഗോള്‍ ശ്രമങ്ങള്‍ നടത്തിയ നൗകാംപ് 4 തവണ ഗോള്‍ഷോട്ട് തൊടുത്തു. നാലു തവണയും വിയ്യാറയല്‍ ഗോളി അസെന്‍ജോയെ പന്ത് മറികടന്നില്ല. രണ്ടാംപകുതിയുടെ തുടക്കത്തില്‍ വിയ്യാറയലിന്റെ മുന്നേറ്റക്കാരന്‍ നികോളാ സാന്‍സോന്റെ അപ്രതീക്ഷിത ആക്രമണം ബാഴ്‌സ പ്രതിരോധത്തെ ഭേദിച്ചു. പാറ്റോ സൃഷ്ടിച്ച അവസരം കൃത്യമായി വലയിലെത്തിച്ച സാന്‍സോനിലൂടെ വിയ്യാറയല്‍ കരുത്തന്മാര്‍ക്കെതിരേ ആധിപത്യം നേടി. മറുഗോളിന് പരിശ്രമിച്ചിട്ടും ബാഴ്‌സയ്ക്ക പ്രതിരോധനിരയെ മറികടക്കാനായില്ല. അവസാനനിമിഷം മെസ്സിക്ക് കിട്ടിയ ഫ്രീകിക്കാണ് ബാഴ്‌സയുടെ മാനംകാത്തത്. ഫ്രീകിക്കെടുത്ത മെസ്സി മഴവില്ലഴകില്‍ പന്ത് ഗോള്‍വലയിലെത്തിച്ചു. കരുത്തന്മാര്‍ സമനിലയേറ്റു മടങ്ങിയതിനാല്‍ ഫ്രീകിക്കിലൂടെ നേടിയ ഉഗ്രന്‍ ഗോളിന്റെ തിളക്കം മങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss