|    Mar 25 Sat, 2017 5:19 pm
FLASH NEWS

ബാലസൗഹൃദ ഭരണത്തിനു കിലയില്‍ പിജി ഡിപ്ലോമ കോഴ്‌സ് തുടങ്ങുന്നു

Published : 7th October 2016 | Posted By: SMR

മുളംകുന്നത്തുകാവ്: ബാലസൗഹൃദ ഭരണത്തെക്കുറിച്ച് (ചൈല്‍ ഡ് ഗവേണന്‍സ്) ജനപ്രതിനിധികള്‍ക്കു ഒരു വര്‍ഷത്തെ പിജി ഡിപ്ലോമ കോഴ്‌സ് തുടങ്ങുന്നതിനു കില തീരുമാനിച്ചു. നവംബറില്‍ ആരംഭിക്കുന്ന കോഴ്‌സില്‍ ആദ്യവര്‍ഷം 35 പേര്‍ക്കായിരിക്കും പ്രവേശനം.
കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന യുഎന്‍ സംഘടനയായ യുനിസെഫിന്റെ അക്കാദമിക് സഹായത്തോടെയാണ് കോഴ്‌സ് ആരംഭിക്കുക. ജനപ്രതിനിധികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം വരാത്ത രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിട്ടുള്ളതെന്നു കില ഡയറക്ടര്‍ ഡോ. പി പി ബാലന്‍ അറിയിച്ചു.
തദ്ദേശഭരണ സ്ഥാപനത്തിന്റെ ഭരണവികസനപ്രവര്‍ത്തനങ്ങളെ ബാലസൗഹൃദമാക്കുകയെന്നതാണ് കോഴ്‌സിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ പഠിതാക്കള്‍ അതതു തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഗ്രാമതല/നഗരതല പ്രവര്‍ത്തനത്തിനു ബാധ്യസ്ഥരുമാണ്.
ഗ്രാമപ്പഞ്ചായത്തുകളിലെയും നഗരസഭ-കോര്‍പറേഷനുകളിലെയും ജനപ്രതിനിധികള്‍ക്കാണ് കോഴ്‌സില്‍ പങ്കെടുക്കാനര്‍ഹത. അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് കുറഞ്ഞ യോഗ്യത.
ബാലാവകാശം, അന്തര്‍ദേശീയ-ദേശീയ സംരക്ഷണ നിയമങ്ങള്‍, ബാലസൗഹൃദ ഭരണം, ബാലസൗഹൃദ പ്രാദേശിക ആസൂത്രണം തുടങ്ങിയ വിഷയങ്ങള്‍ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓരോ മാസവും രണ്ടാംവാരത്തില്‍ നാലുദിവസം കിലയില്‍ താമസിച്ചുകൊണ്ടുള്ള പഠനവും ബാക്കി ദിവസങ്ങളില്‍ പ്രായോഗിക പഠനപ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പാഠ്യപദ്ധതി.
ഒരു പഠനാര്‍ഥിയുടെ കോഴ്‌സ് ഫീസ് 55,000 രൂപയാണ്. ഇതില്‍ 50,000 രൂപ കില ഫെലോഷിപ്പായി പരിഗണിക്കും. 5,000 രൂപ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്-നഗരസഭകള്‍ വഹിക്കണം.കോഴ്‌സിനു തിരഞ്ഞെടുക്കപ്പെട്ടവര്‍ പഞ്ചായത്ത് വിഹിതമായ 5,000 രൂപ നല്‍കിയാല്‍ മാത്രമേ പ്രവേശനം നല്‍കുകയുള്ളൂ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്‌ടോബര്‍ 31.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും കില വെബ്‌സൈറ്റ് (www.kilaon-l-ine.org) സന്ദര്‍ശിക്കുക.

(Visited 32 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക