|    Jul 25 Tue, 2017 6:36 pm
FLASH NEWS

ബാലവേല: ഹോട്ടലുകളില്‍ വിവിധ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തും

Published : 5th August 2016 | Posted By: SMR

മലപ്പുറം: ജില്ലയിലെ ഹോട്ടലുകളില്‍ ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെ 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുന്നതായുള്ള റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ എല്ലാ മാസവും വിവിധ വകുപ്പുകളുടെ സംയുക്ത മിന്നല്‍ പരിശോധന നടത്തും.
ജില്ലാ ലേബര്‍ ഓഫിസ്, സാമൂഹികനീതി വകുപ്പ്, പോലിസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ചൈല്‍ഡ് ലൈന്‍, സന്നദ്ധ സംഘടനയായ വേള്‍ഡ് വിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. പെരിന്തല്‍മണ്ണ സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളില്‍ സബ് കലക്ടര്‍ ജാഫര്‍ മാലികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഏകോപന യോഗത്തിന്റേതാണ് തീരുമാനം.
ഉയര്‍ന്ന വയസ് കാണിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ബാലവേല ചെയ്യിപ്പിക്കുന്നതും 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ ചൂഷണത്തിനു വിധേയമാക്കുന്നതും പരിശോധിച്ച് നടപടിയെടുക്കും. ജില്ലയിലെ ശിശു-ബാല സംരക്ഷണ- വികസന പ്രവര്‍ത്തനങ്ങള്‍ ഒരു പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരികയും വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സബ്കലക്ടര്‍ പറഞ്ഞു. ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും ചില്‍ഡ്രന്‍സ് ഹോമില്‍ പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യും. സ്‌കൂളുകള്‍ക്ക് സമീപം ലഹരി വസ്തുക്കളുടെ വില്‍പന തടയുന്നതിന് എക്‌സൈസ്- ആരോഗ്യ വകുപ്പുകള്‍ പരിശോധന ശക്തമാക്കും. ആദിവാസി കുട്ടികളുടെ സ്‌കൂള്‍ കൊഴിഞ്ഞുപോക്ക് തടയുന്നതിന് വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും.
പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് 10 ശതമാനത്തിലേക്ക് താഴ്ന്നതായി യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലാ സാമൂഹികനീതി ഓഫിസര്‍ സുഭാഷ് കുമാര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക