|    Jun 25 Sun, 2017 4:06 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ബാലമുരളീകൃഷ്ണ സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമ: മുഖ്യമന്ത്രി

Published : 23rd November 2016 | Posted By: SMR

തിരുവനന്തപുരം: സമകാലിക കര്‍ണാടക സംഗീതത്തിലെ സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഡോ. എം ബാലമുരളീകൃഷ്ണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിഷ്യപരമ്പരകളാലും ആലാപന മാധുരിയാലും നിരന്തരമായ നവീകരണ ശ്രമങ്ങളാലും ധന്യനായ സംഗീതകുലപതിയാണ് അദ്ദേഹം. ആന്ധ്രപ്രദേശില്‍നിന്ന് ഇതരസംസ്ഥാനങ്ങളിലേക്കും ഇന്ത്യക്കു പുറത്തേക്കും അദ്ദേഹത്തിന്റെ സംഗീതവ്യക്തിത്വം വളര്‍ന്നു. ഹിന്ദുസ്ഥാനി-കര്‍ണാടക ജുഗല്‍ബന്ദികള്‍ കൊണ്ടും ലോക സംഗീതജ്ഞരില്‍ പലരുമായുള്ള വേദി പങ്കിടല്‍കൊണ്ടും ദേശീയ-സാര്‍വദേശീയരംഗങ്ങളില്‍ ശ്രദ്ധേയനായി. കേരളീയര്‍ക്കാര്‍ക്കും ഒരുവിധ പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത പ്രതിഭാധനനായ ഗായകനാണ് അദ്ദേഹം. അദ്ദേഹത്തെ സ്വാതി പുരസ്‌കാരം നല്‍കി ആദരിക്കാന്‍ കേരളത്തിനു കഴിഞ്ഞു. സംഗീതലോകത്തിനു നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ ഉണ്ടായതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സാംസ്‌കാരിക മന്ത്രി എ കെ ബാലനും അനുശോചിച്ചു. സംഗീതത്തില്‍ മാത്രമല്ല, വയലിന്‍, മൃദംഗം മുതലായ വാദ്യോപകരണങ്ങള്‍  കൈകാര്യം ചെയ്യുന്നതിലും പ്രശസ്തനായിരുന്നു. സംഗീതലോകത്തിന് വലിയ നഷ്ടമാണ് ബാലമുരളീകൃഷ്ണയുടെ നിര്യാണത്തിലൂടെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യന്‍ സംഗീതം കണ്ട അതുല്യപ്രതിഭയായിരുന്നു ബാലമുരളീകൃഷ്ണയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാരമ്പര്യത്തില്‍ നിന്നു വ്യതിചലിക്കാതെ, മൗലികത പൂര്‍ണമായും കാത്തുസൂക്ഷിച്ചുകൊണ്ട് അദ്ദേഹം പുത്തന്‍ പരീക്ഷണങ്ങള്‍ കര്‍ണാടക സംഗീതമേഖലയില്‍ നടത്തി. ത്യാഗരാജ സ്വാമികളുടെ തലമുറയിലെ അവസാനത്തെ കണ്ണിയാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടതെന്നും ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വ്യത്യസ്തമായ സംഗീതദര്‍ശനമായിരുന്നു ബാലമുരളീകൃഷ്ണയെ കര്‍ണാടക സംഗീത കുലപതിയാക്കിയതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ദേഹവിയോഗം സംഗീത മേഖലയ്ക്ക് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്നും സുധീരന്‍ അനുസ്മരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക