|    Feb 26 Sun, 2017 11:38 am
FLASH NEWS

ബാലമുരളീകൃഷ്ണ: നിലച്ചത് മഴവില്ലുകൊണ്ട് കലഹിച്ച സംഗീതം

Published : 23rd November 2016 | Posted By: SMR

ഇ ജെ ദേവസ്യ

കോഴിക്കോട്: എട്ടാം വയസ്സില്‍ ഒരു സമ്പൂര്‍ണ സംഗീത കച്ചേരി അവതരിപ്പിച്ചുകൊണ്ട് കര്‍ണാട്ടിക്ക് സംഗീത ലോകത്ത് ഉണര്‍ന്നിരുന്ന എം ബാലമുരളീകൃഷ്ണയെന്ന മംഗലംപള്ളി ബാലമുരളീകൃഷ്ണ 86ാം വയസ്സില്‍; ഒരു ഉച്ചയുറക്കത്തില്‍ അനന്തസംഗീതത്തില്‍ ശ്രുതിചേര്‍ന്നിരിക്കുന്നു. കര്‍ണാടക സംഗീതത്തില്‍ പാരമ്പര്യത്തിനും ഗുരുത്വത്തിനുമുള്ള സ്ഥാനം ആ സംഗീത പാരമ്പര്യത്തോളം തന്നെ പഴക്കമുള്ളതും അനിഷേധ്യവുമാണെങ്കില്‍ അതു വേണ്ടുവോളമുണ്ടായിരുന്നു ബാലമുരളീകൃഷ്ണയ്ക്ക്. പുല്ലാങ്കുഴല്‍, വയലിന്‍, വീണ മുതലായ സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന പിതാവും വീണാ വിദുഷിയായ മാതാവും മാത്രമല്ല ആ പാരമ്പര്യത്തിന്റെ പാതയി ല്‍ ബാലമുരളീകൃഷ്ണ ഉണ്ടെന്ന് സംഗീത ലോകത്തെ ഓര്‍മിപ്പിക്കുന്നത്. ത്യാഗരാജ പരമ്പരയുടെ വംശത്തില്‍പ്പെട്ട നേര്‍ശിഷ്യനായ പരുപ്പള്ളി രാമകൃഷ്ണ പന്തലു ആയിരുന്നു ബാലമുരളീ കൃഷ്ണയുടെ ആദ്യ ഗുരു. അങ്ങനെ വരുമ്പോള്‍ ബാലമുരളീകൃഷ്ണയും ത്യാഗരാജ ശിഷ്യ പരമ്പരയില്‍ അംഗമാണെന്നു പണ്ഡിതന്‍മാര്‍ സമര്‍ഥിച്ചിട്ടുണ്ട്.
എന്നാല്‍ പരമ്പരാഗതമായതിനെ പൈതൃകമായി കരുതിക്കൊണ്ടുതന്നെ ബാലമുരളീകൃഷ്ണയിലെ സംഗീതപ്രതിഭ സംഗീതത്തില്‍ തന്റേതായ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തി. അതില്‍ അദ്ദേഹം സ്വന്തം ആലാപന മാര്‍ഗങ്ങള്‍ തന്നെ തീര്‍ത്തു. ആലാപന വഴികളിലേറെയും സ്വന്തം പ്രതിഭയുടെ അന്വേഷണ പരീക്ഷണ തൃഷ്ണകളുടെ ഭാഗമായപ്പോള്‍ സംഗീതരംഗത്തെ ഒറ്റയാനെന്ന് ആസ്വാദകരും സംഗീത നിരീക്ഷകരും വിശേഷിപ്പിച്ചു.
മനോധര്‍മ പ്രധാനമായ സംഗീത നിരീക്ഷണങ്ങളും ആലാപനശൈലികളും അഭിപ്രായപ്രകടനങ്ങളും ഒരു ഭാഗത്ത് ആരാധകരെ സൃഷ്ടിച്ചപ്പോള്‍ മറുഭാഗത്ത് വിമര്‍ശകരെയും സൃഷ്ടിച്ചു. ആത്മനിഷ്ഠമായ അറിവിനോടൊപ്പം പ്രതിഭയുടെ പിന്‍ബലംകൂടി ആയപ്പോള്‍ ബാലമുരളീകൃഷ്ണ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കും നല്‍കിയ ഉത്തരങ്ങള്‍ക്കും അനന്യവും തനതുമായൊരു ശക്തി ഉണ്ടായിരുന്നു. ആ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തിലാണ് പലപ്പോഴും അതിരുകവിഞ്ഞ സംഗീത പരീക്ഷണങ്ങള്‍ക്ക് അദ്ദേഹം മുതിര്‍ന്നിട്ടുള്ളതെന്നു സംഗീതത്തിന്റെ പൊതുധാരയില്‍ നിന്നു മാറിയുള്ള ആ സംഗീത സഞ്ചാരം ചൂണ്ടിക്കാണിച്ച് നിരൂപകര്‍ സമര്‍ഥിച്ചിട്ടുണ്ട്.
15 വയസ്സിനുള്ളില്‍ തന്നെ 72 മേളകര്‍ത്താരാഗങ്ങളും ഹൃദിസ്ഥമാക്കി 72 രാഗങ്ങളിലും സ്വന്തം കൃതികള്‍ രചിച്ച് ചിട്ടപ്പെടുത്തിയ ബാലമുരളീകൃഷ്ണ പാരമ്പര്യവും സാധനയും പ്രതിഭയും സമ്മേളിച്ച സംഗീതത്തിന്റെ അപാരതീരമായിരുന്നു. ഉത്തരേന്ത്യന്‍ സംഗീതത്തില്‍ അമീര്‍ ഖാനും മല്ലികാര്‍ജുന്‍ മന്‍സൂറും ബിസ്മില്ലാ ഖാനും ദക്ഷിണേന്ത്യന്‍ സംഗീതത്തില്‍ എം ഡി രാമനാഥനും മധുരൈ മണി അയ്യരും ഒക്കെ തനതായ ശൈലീ വിശേഷങ്ങള്‍കൊണ്ട് വേറിട്ടു നില്‍ക്കുന്നവര്‍ തന്നെയാണ്. എന്നാല്‍ സംഗീത ആവിഷ്‌കാരത്തിലെ സൂക്ഷ്മമായ ജാഗ്രത മാത്രമല്ല ബാലമുരളീകൃഷ്ണയെ വ്യത്യസ്തനാക്കുന്നത്. സംഗീതസംബന്ധിയായ എല്ലാ മേഖലയിലും സമാനതകളില്ലാത്ത അഭിപ്രായവും വ്യക്തിത്വവും അദ്ദേഹത്തിനുണ്ടായിരുന്നു. വായ്പാട്ടു മാത്രമായിരുന്നില്ല ആ സംഗീതലോകം. അതുകൊണ്ടാണ് അദ്ദേഹത്തിന് വായ്പാട്ടിനൊപ്പം ഗഞ്ചിറയും മൃദംഗവും വയലിനും വയോളയും ചെറുപ്പത്തിലേ വഴങ്ങിയത്. ഒരു പുല്ലാങ്കുഴലിന്റെ പല ദ്വാരങ്ങളില്‍ നിന്ന് ഉതിരുന്ന വ്യത്യസ്ത നാദങ്ങള്‍ പോലെയായിരുന്നു ആ പ്രതിഭയില്‍ സംഗീതത്തിന്റെ വ്യത്യസ്ത മേഖലകള്‍ സംഗമിച്ചു നിന്നത് എന്നു പറയാം. തെലുഗു, സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളിലെല്ലാം തില്ലാനകള്‍, ജാവളികള്‍, വര്‍ണങ്ങള്‍, കൃതികള്‍, ഭക്തിഗാനങ്ങള്‍ തുടങ്ങിയവ രചിച്ചിട്ടുള്ള ആ കവിയുടെ രചനകള്‍ 400 കവിയും. ആലാപനവും അഭിനയവുമായി സിനിമയില്‍ എത്തിയപ്പോള്‍ ഏറ്റവും നല്ല പിന്നണി ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനുമായി ദേശീയ പുരസ്‌കാരങ്ങളും നേടി. കര്‍ണാടക സംഗീതത്തില്‍ ഡോ. ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ക്ക് വിശേഷണങ്ങള്‍ വേണ്ട. അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ശെമ്മാങ്കുടിയുമായി നിയമയുദ്ധത്തില്‍ വരെ ഏര്‍പ്പെടാന്‍ ചങ്കൂറ്റം കാണിച്ച ബാലമുരളീകൃഷ്ണയുടെ കലാപങ്ങളും തര്‍ക്കങ്ങളും എല്ലാം മറ്റൊന്നിന്റെയും പേരിലായിരുന്നില്ല. മറിച്ച് പുതിയ രാഗങ്ങളും താള പദ്ധതികളും താന്‍ കണ്ടെത്തിയതിന്റെ പേരിലുണ്ടായ വിവാദത്തെ തുടര്‍ന്നായിരുന്നു. ബാലമുരളീകൃഷ്ണ എന്ന സംഗീതജ്ഞന്റെ പ്രതിഭയെ അര്‍ഹിക്കുന്ന വൈവിധ്യത്തോടെ അളക്കാനും ആസ്വദിക്കാനും മാത്രം ആസ്വാദക ക്ഷമതയുള്ളൊരു ലാവണ്യബോധം ഇനിയും വളരേണ്ടതുണ്ടാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day