|    Dec 10 Mon, 2018 10:29 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

Published : 24th November 2018 | Posted By: kasim kzm

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്ത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് സി കെ ഉണ്ണി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കി. ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ നിലനില്‍ക്കുന്നതിനാലാണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
അപകടത്തില്‍ നിന്നു രക്ഷപ്പെട്ട ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പോലിസിന് വ്യത്യസ്തമായ മൊഴികളാണ് നല്‍കിയിരുന്നത്. അതിനാല്‍ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആരായിരുന്നുവെന്നത് സംബന്ധിച്ച് ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. ഈ സാഹചര്യവും മൊഴികളിലെ വൈരുധ്യവുമാണ് ബാലഭാസ്‌കറിന്റെയും മകളുടെയും അപകടമരണത്തില്‍ ദുരൂഹതയ്ക്ക് കാരണമായത്. പാലക്കാട് പൂന്തോട്ടം ആശുപത്രിയുമായി ബാലഭാസ്‌കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇതിനെക്കുറിച്ചും തൃശൂരിലായിരുന്ന ബാലഭാസ്‌കര്‍ തിരുവനന്തപുരത്തേക്ക് പെെട്ടന്ന് വന്നത് എന്തിനെന്ന് അന്വേഷിക്കണമെന്നുമാണ് പിതാവ് ഉണ്ണി നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ബാലഭാസ്‌കറിന്റെ കുടുംബം നല്‍കിയ പരാതിയില്‍ സമഗ്രാന്വേഷണം നടത്തുമെന്ന് ഡിജിപി ലോ ക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. നിലവില്‍ മംഗലപുരം പോലിസാണ് കേസ് അന്വേഷിക്കുന്നത്. സപ്തംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജങ്ഷന് സമീപം അപകടത്തില്‍പ്പെട്ടത്. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കിയിരുന്നു. മകളുടെ പേരിലുള്ള വഴിപാടുകള്‍ക്കായി സപ്തംബര്‍ 23നു തൃശൂര്‍ക്കു പോയ കുടുംബം ക്ഷേത്രദര്‍ശനത്തിനു ശേഷം 24നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങുന്ന വഴിയിലായിരുന്നു അപകടം. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ രണ്ടു വയസ്സുകാരി തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയില്‍ കഴിയുന്നതിനിടെ ഒക്ടോബര്‍ രണ്ടിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നു പുലര്‍ച്ചെ 12.56നായിരുന്നു അന്ത്യം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss