|    Oct 20 Fri, 2017 9:43 pm
FLASH NEWS

ബാലഭവനിലെ ആദിവാസി കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി

Published : 9th November 2016 | Posted By: SMR

മാള: അഷ്ടമിച്ചിറ പുളിയിലക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ബാലഭനിലെ അന്തേവാസികളായ ആദിവാസി കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ഏഴ് ആദിവാസി കുട്ടികള്‍ക്ക് നേരെ ബാലഭവന്‍ അധികാരികള്‍ നടത്തിയ പീഡനങ്ങളെക്കുറിച്ചാണ് മാള പോലിസ് പ്രാഥമികാന്വേഷണം നടത്തിയത്.എറണാകുളം ജില്ലയിലെ വേങ്ങൂര്‍ പോങ്ങിന്‍ചുവട് ആദിവാസി കോളനിയിലെ ഒമ്പത് മുതല്‍ 13 വയസ് വരെയുള്ള ഏഴ് കുട്ടികള്‍ക്ക് നേരെ നിരന്തര പീഡനമുണ്ടായതായാണ് പരാതി. പീഡനം സഹിക്കവയ്യാതെ കഴിഞ്ഞ ദിവസം കുട്ടികള്‍ തങ്ങളുടെ വീടുകളിലേക്ക് പോകാനുള്ള ശ്രമം നടത്തിയിരുന്നു. കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ബാലഭവന്റെ മതില്‍ചാടി രക്ഷപ്പെട്ടത്. കൊരട്ടിയിലെത്തിയ കുട്ടികള്‍ എങ്ങോട്ട് പോകണമെന്നറിയാതെ നില്‍ക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടു. ഇതിനിടയില്‍ കുട്ടികളെ കാണാതിരുന്നതിനാല്‍ ബാലഭവന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിരുന്നു.അന്വേഷണത്തിനിടയില്‍ കൊരട്ടിയില്‍ നിന്നും കുട്ടികളെ കണ്ടെത്തിയതായി അറിയിപ്പ് ലഭിച്ചു.ഇതിനിടയില്‍ കുട്ടികളെ കാണാനില്ലെന്ന് അവരുടെ രക്ഷിതാക്കളെ അറിയിച്ചിരുന്നു. കൊരട്ടിയിലെത്തിയ ബാലഭവന്‍ അധികൃതര്‍ കുട്ടികളെ തിരികെ ബാലഭവനിലെത്തിച്ചു. കുട്ടികളുടെ രക്ഷിതാക്കളും ബാലഭവനിലെത്തിയിരുന്നു.കുട്ടികളുടെ പരാതികള്‍ കേട്ട രക്ഷിതാക്കള്‍ മക്കളെ തിരികെ കൊണ്ടുപോയി. തുടര്‍ന്ന് കോതമംഗലത്തെ താലൂക്ക് ആശുപത്രിയില്‍ കുട്ടികളെ പ്രവേശിപ്പിച്ചു.ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ ബാലഭവന്‍ അധികാരികള്‍ക്കെതിരേ കേസെടുക്കുമെന്നാണ് സൂചന. അതേസമയം കുട്ടികളെ പീഡിപ്പിച്ചിട്ടില്ലെന്ന് ബാലഭവന്‍ ഡയറക്ടര്‍ ഫാ. ജോണ്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക