|    Oct 17 Wed, 2018 11:33 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബാലന്റെ ജ്യോതിഷവും പിണറായിയുടെ രാശിയും

Published : 25th May 2017 | Posted By: fsq

കൊല്ലവര്‍ഷം 1120 ഇടവം പത്തിന് കണ്ണൂര്‍ പിണറായിയില്‍  ജന്മമെടുത്ത വിജയന്‍ സഖാവിന് ഇന്നലെ 73 തികഞ്ഞു. ബ്രണ്ണന്‍ കോളജിന്റെ വഴികളില്‍ ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ മുണ്ടും മടക്കിക്കുത്തി നടന്നുനീങ്ങിയ, ഇന്ദ്രനെയും ചന്ദ്രനെയും ഭയക്കാത്ത ഇരട്ടച്ചങ്കന് വാക്‌പോരുകള്‍ക്കിടയിലും ഇന്നലെ സഭയുടെ അഭിനന്ദനവര്‍ഷം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയായിരുന്നു ഇന്നലത്തെ ദിനത്തിന്റെ പ്രത്യേകത സഭയെ അറിയിച്ചത്. സഖാക്കന്‍മാര്‍ രാഷ്ട്രീയ വൈരികളാണെങ്കിലും വ്യക്തിബന്ധങ്ങളുടെ ഊഷ്മളത പേറുന്നതായിരുന്നു പ്രതിപക്ഷത്തിന്റെ നടപടി. പിണറായിക്ക് എല്ലാ നന്മകളും നേര്‍ന്നുകൊണ്ട് ചെന്നിത്തലയുടെ പ്രസംഗം. പ്രതിപക്ഷനേതാവിന്റെ അഭിനന്ദനം സഭയുടേതാക്കി സ്പീക്കര്‍. പിന്നാലെ പോരടിച്ചവരും പ്രതിരോധിച്ചവരും മേശയിലടിച്ച് അഭിനന്ദനംകൊണ്ട് മുഖ്യനെ മൂടി. കോണ്‍ഗ്രസ്സുകാരന്‍ പി ടി തോമസ് പിണറായിയോടുള്ള പരിഭവം പരസ്യമായി പറഞ്ഞു. ബര്‍ത്ത്‌ഡേ ആയിട്ട് ലഡുവും ജിലേബിയുമൊന്നും മുഖ്യന്‍ നല്‍കിയില്ലെന്നാണ് മൂപ്പരുടെ വിഷമത്തിന് കാരണം. എല്ലാം ചെറുചിരിയോടെ മുഖ്യന്‍ നേരിട്ടു. അതിനിടെയാണ് ബാലന്‍ സഖാവിന്റെ വക കവിടി നിരത്തല്‍. മുഖ്യമന്ത്രിയുടെ നക്ഷത്രം ചോതിയാണ്. അതുകൊണ്ട് ആര്‍ക്കും ഒരിക്കലും അദ്ദേഹത്തെ തകര്‍ക്കാനാവില്ലത്രേ. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ നക്ഷത്രജാതകം ഇല്ല എന്നറിയാത്ത ആളല്ല ബാലന്‍ മന്ത്രി. എങ്കിലും വിശ്വാസം അതല്ലേ എല്ലാം. അതാവാം സഖാവും അങ്ങനെയൊക്കെ പറഞ്ഞുവച്ചത്. പ്രതിപക്ഷവും സ്പീക്കറും തമ്മിലുണ്ടായ പൊരിഞ്ഞ പോരിനും സഭ സാക്ഷിയായി. കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ തമ്മിലടി ഭരണസ്തംഭനം സൃഷ്ടിച്ചുവെന്നും വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് വി ഡി സതീശന്‍ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കവേ സ്പീക്കര്‍ ഇടപെട്ടതാണ് പ്രശ്‌നകാരണം. വിഷയത്തില്‍നിന്നും പുറത്തുള്ളകാര്യത്തിലേക്ക് പോവരുതെന്ന് വി ഡി സതീശനോട് സ്പീക്കര്‍ ആവശ്യപ്പെട്ടതില്‍ അദ്ദേഹം പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥിന്റെ പിതാവ് ഹോര്‍ട്ടി കോര്‍പ്പിന്റെ മൊത്ത വിതരണക്കാരനാണെന്നും അദ്ദേഹത്തിന് കൃത്യമായി വകുപ്പ് പണം നല്‍കുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇതിനെതിരേ സിപിഐ അംഗങ്ങള്‍ ബഹളംവച്ചു. ഈ സമയത്തായിരുന്നു സ്പീക്കറുടെ ഇടപെടല്‍. ബഹളം രൂക്ഷമായതോടെ പ്രതിപക്ഷത്തെ യുവഅംഗങ്ങള്‍ സ്പീക്കര്‍ക്കെതിരേ പ്രതിഷേധിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി. ഭരണപക്ഷ എംഎല്‍എമാരും മറുഭാഗത്ത് സംഘടിച്ചു. പ്രതിപക്ഷനേതാവും സ്പീക്കറെ വിമര്‍ശിച്ചുകൊണ്ട് എണീറ്റതോടെ സഭ പ്രക്ഷുബ്ദം. ഒരംഗം അടിയന്തരപ്രമേയം അവതരിപ്പിക്കുന്നതിനായി സംസാരിക്കുമ്പോള്‍ തന്റെ വാദം സ്ഥാപിക്കാന്‍ പല കാര്യങ്ങളും പറയേണ്ടിവരുമെന്നും അതിന് സ്പീക്കര്‍ ഇടപെടേണ്ടതില്ലെന്നും ചെന്നിത്തല. ബഹളത്തിനുകാരണം സ്പീക്കറാണെന്ന ഗുരുതര ആരോപണവും ചെന്നിത്തല ഉയര്‍ത്തി. ഇതോടെ ക്ഷുഭിതനായി എണീറ്റ മുഖ്യമന്ത്രി സഭാ സംസ്‌കാരത്തിന് ചേരാത്തതാണ് പ്രതിപക്ഷത്തിന്റെ നടപടിയെന്ന് വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഉപദേശകനായി കെ സി ജോസഫിനെ നിയമിക്കണമെന്ന അഭ്യര്‍ഥനയാണ് എം കെ മുനീറിനുള്ളത്. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് ജേക്കബ് തോമസ് രചിച്ച പുസ്തകം, പ്രകാശനം ചെയ്തു പുലിവാല് പിടിക്കേണ്ടിയിരുന്ന പിണറായിക്ക് രക്ഷയായത് കെ സി ജോസഫിന്റെ ഉപദേശമാണ്. അപ്പോള്‍ പിന്നെ ആറേഴ് ഉപദേശകരുള്ള പിണറായി കെസിയെകൂടി സ്ഥിരമായി ഉപദേശക സ്ഥാനത്ത് നിയമിച്ചാല്‍ ഗുണം മുഖ്യന് തന്നെയെന്നും മുനീര്‍. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുടെ കലാപരിപാടിയോടെയാണ് ഒന്നാം വര്‍ഷികാഘോഷത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നതെന്നും മുനീറിന്റെ ആക്കല്‍.  റബറിന്റെ വിലയിടിവ് തടയണമെന്നും റബര്‍ ബോര്‍ഡ് ഓഫിസുകള്‍ നിലനിര്‍ത്തണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അവതരിപ്പിച്ച പ്രമേയവും 2017ലെ മലയാള ഭാഷ(നിര്‍ബന്ധിത ഭാഷ) ബില്ലും സഭ പാസാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss